Kerala SSLC Percentage Calculation 2026: എസ്എസ്എൽസി ഗ്രേഡ് നോക്കി മാർക്ക് ശതമാനം അറിയണോ? ഇതാ ലളിതമായ വഴി
Kerala SSLC Percentage Calculation Guide : എസ്എസ്എല്‍സി ഫലം നാളെ പുറത്തുവിടും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഫലപ്രഖ്യാപനം. ഗ്രേഡ് അടിസ്ഥാനത്തിലാണ് റിസള്‍ട്ട് പുറത്തുവിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പല ആവശ്യങ്ങള്‍ക്കും ശതമാനം ആവശ്യമായി വരും. ഗ്രേഡുകള്‍ ഉപയോഗിച്ച് എങ്ങനെയാണ് ശതമാനം കണക്കാക്കേണ്ടതെന്ന് നോക്കാം.
SSLC Percentage Calculation 2026: വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമമിട്ട് എസ്എസ്എല്‍സി ഫലം (Kerala SSLC Result 2026) നാളെ പുറത്തുവിടും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഫലപ്രഖ്യാപനം. ഗ്രേഡ് അടിസ്ഥാനത്തിലാണ് എസ്എസ്എല്‍സി റിസള്‍ട്ട് പുറത്തുവിടുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ പല ആവശ്യങ്ങള്‍ക്കും ശതമാനം ആവശ്യമായി വരും. ഗ്രേഡ് പോയിന്റുകള്‍ ഉപയോഗിച്ച് ലളിതമായി ശതമാനം കണക്കാക്കാനുള്ള രണ്ട് മാര്‍ഗങ്ങള്‍ പരിശോധിക്കാം. ആകെ 10 വിഷയങ്ങളാണ് എസ്എസ്എല്‍സിക്ക് ഉണ്ടാവുക. എല്ലാ വിഷയങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡുകള്‍ മാത്രമാണ് രേഖപ്പെടുത്തുന്നത്.
ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡിന് പകരം താഴെ പറയുന്ന രീതിയില്‍ ഗ്രേഡ് പോയിന്റുകള്‍ കണക്കാക്കണം:
| ഗ്രേഡ് | ഗ്രേഡ് പോയിന്റ് |
| A+ | 9 |
| A | 8 |
| B+ | 7 |
| B | 6 |
| C+ | 5 |
| C | 4 |
| D+ | 3 |
എങ്ങനെ ഗ്രേഡ് കണ്ടെത്താം?
10 വിഷയങ്ങള്‍ക്കും ലഭിച്ച ഗ്രേഡ് പോയിന്റുകള്‍ കൂട്ടണം. ഉദാഹരണത്തിന്, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുടെ ആകെ ഗ്രേഡ് പോയിന്റ് 90 (9*10) ആയിരിക്കും. ആകെ ലഭിച്ച തുകയെ 90 കൊണ്ട് ഹരിക്കുക. തുടര്‍ന്ന് ഈ തുകയെ 100 കൊണ്ട് ഗുണിക്കുക. അതായത് (ആകെ ഗ്രേഡ് പോയിന്റ്/90)*100 ആണ് ശതമാനം.
മറ്റൊരു വഴി
ആകെ ഗ്രേഡ് പോയിന്റിനെ 1.11 കൊണ്ട് ഗുണിച്ചാലും ഏകദേശ ശതമാനം ലഭിക്കും. എല്ലാ വിഷയങ്ങള്‍ക്കും ആകെ ലഭിച്ച ഗ്രേഡ് പോയിന്റ് 70 ആണെങ്കില്‍, 70*1.11 = 77.7 ആയിരിക്കും ഏകദേശ ശതമാനം.
എസ്എസ്എല്‍സി ഫലപ്രഖ്യാപനം
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ മന്ത്രിയില്ലാത്ത പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫലപ്രഖ്യാപനം നടത്തും. ഫലം വൈകിയാല്‍ അത് പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ രൂപീകരണം വരെ കാത്തുനില്‍ക്കാതെ റിസള്‍ട്ട് പുറത്തുവിടാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നത്. സെക്രട്ടേറിയറ്റ് പിആര്‍ ചേംബറിലാണ് ഫലപ്രഖ്യാപനം.
കഴിഞ്ഞ ദിവസം ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലപ്രഖ്യാപനത്തിന് അംഗീകാരം നല്‍കിയിരുന്നു. https://results.kite.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഫലം അറിയാം. ഡിജിലോക്കര്‍ അടക്കമുള്ള സംവിധാനങ്ങളിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്.
മെയ് എട്ടിന് ഫലം പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ്, ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി എന്നീ കാരണങ്ങളാല്‍ ഇത് നീട്ടിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ കാരണം ഏപ്രില്‍ ഏഴിന് തുടങ്ങേണ്ടിയിരുന്ന മൂല്യനിര്‍ണയം ഏപ്രില്‍ 16-നാണ് ആരംഭിച്ചത്. സംസ്ഥാനത്തെ 72 ക്യാമ്പുകളിലായി മൂല്യനിര്‍ണയം നടന്നു. 12,000-ത്തോളം അധ്യാപകരും ജീവനക്കാരും ഇതില്‍ പങ്കാളികളായി. മൂല്യനിര്‍ണയത്തില്‍ നിന്നു വിട്ടുനിന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.
പ്ലസ്ടു ഫലം പുറത്തുവിടുന്നത് വൈകുമെന്നാണ് സൂചന. മെയ് 22-ന് പ്രഖ്യാപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഫലപ്രഖ്യാപനം മെയ് 26-ന് ആയിരിക്കുമെന്നാണ് അനൗദ്യോഗിക സൂചനകള്‍. ജൂണില്‍ പ്ലസ് വണ്‍ റിസള്‍ട്ടും പുറത്തുവിടും. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ റിസള്‍ട്ട് മെയ് എട്ടിന് പുറത്തുവിട്ടിരുന്നു.
English Summary
Kerala SSLC results use a grading system instead of direct marks. To find your percentage, first convert each grade into its corresponding points. Add these points together to get your Total Grade Points. Finally, divide this total by 90 and multiply by 100 for the result.