NEET UG 2026 Dress Code: നീറ്റ് പരീക്ഷയ്ക്ക് ഫുൾ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാമോ? ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പെട്ടു
NTA Issues NEET 2026 Dress Code : എന്‍ടിഎ നടത്തുന്ന നീറ്റ് യുജി പരീക്ഷ മെയ് മൂന്നിന് നടക്കും. പരീക്ഷ എഴുതുന്നവര്‍ക്കായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പരീക്ഷാ നടത്തിപ്പ് സുഗമമാക്കുന്നതിന് എല്ലാ വിദ്യാര്‍ത്ഥികളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
NEET Advisory, 01-05-2026: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി പരീക്ഷ മെയ് മൂന്നിന് നടക്കും. പരീക്ഷ എഴുതുന്നവര്‍ക്കായി എന്‍ടിഎ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. മതപരമായ വിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിക്കാൻ അനുവദിക്കും. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ കൃത്യമായ പരിശോധനകൾക്കായി നിശ്ചയിച്ച സമയത്തിന് വളരെ മുൻപേ തന്നെ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു. ലൈറ്റ് വസ്ത്രങ്ങൾ ധരിക്കുന്നതാണ് അഭികാമ്യം. എന്നാല്‍ ആവശ്യമെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫുൾ സ്ലീവ് അല്ലെങ്കിൽ കമ്പിളി വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമുണ്ട്. എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികളും പരീക്ഷാകേന്ദ്രത്തില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണം.
ട്രാന്‍സ്‌പെരന്റ് വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ടുപോകാം. സ്ലിപ്പറുകളും ലോ ഹീല്‍സും ആണ് കൂടുതല്‍ നല്ലത്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും വ്യക്തതയ്ക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് 011-40759000/011-69227700 എന്ന നമ്പറിലോ neetug2026@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.




പരീക്ഷാ നടത്തിപ്പ് സുഗമമാക്കുന്നതിന് എല്ലാ വിദ്യാര്‍ത്ഥികളും മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരുമായി സഹകരിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു. പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും എന്‍ടിഎ ആശംസകള്‍ നേര്‍ന്നു.
ബയോമെട്രിക് പ്രക്രിയ
പരീക്ഷാ ദിവസം പരിശോധനകൾക്ക് ശേഷം ഓരോ വിദ്യാര്‍ത്ഥിയും പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിർബന്ധമായും ബയോമെട്രിക് പരിശോധനയ്ക്ക് വിധേയരാകണം. ഹാർഡ്‌വെയർ പ്രശ്‌നങ്ങള്‍, ബയോമെട്രിക് ഡാറ്റയുടെ മോശം ക്വാളിറ്റി, യുഐഡിഎഐയുമായുള്ള കണക്ടിവിറ്റി പ്രശ്‌നം, ബയോമെട്രിക് ഡാറ്റ നൽകുന്നതിനുള്ള പ്രശ്‌നം തുടങ്ങിയ കാരണങ്ങളാല്‍ ബയോമെട്രിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികളെ പരീക്ഷാ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കും.
എന്നാല്‍, പരീക്ഷാ കേന്ദ്രത്തിൽ നിന്നും നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഒരു സമ്മതപത്രം ഇത്തരം വിദ്യാര്‍ത്ഥികള്‍ എഴുതിനല്‍കേണ്ടി വരും. പരീക്ഷാ സമയമായ ഉച്ചയ്ക്ക് രണ്ട് വൈകുന്നേരം അഞ്ച് വരെ (ഭിന്നശേഷി വിഭാഗക്കാർക്ക് വൈകുന്നേരം ആറു മണി വരെ) ബയോമെട്രിക് നടപടിക്രമങ്ങൾക്കായി വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യാൻ പാടില്ലെന്നാണ് എന്‍ടിഎയുടെ നിര്‍ദ്ദേശം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പരീക്ഷാത്തീയതി: 2026 മെയ് മൂന്ന്
- പരീക്ഷാസമയം: ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ
അഡ്മിറ്റ് കാര്‍ഡ്
പരീക്ഷ എഴുതുന്നവര്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നേരത്തെ പുറത്തുവിട്ടിരുന്നു. https://neet.nta.nic.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അഡ്മിറ്റ് കാര്‍ഡിലെയും, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെയും നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കണം. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ അറിയാന്‍ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പിന്തുടരണമെന്നും വിദ്യാര്‍ത്ഥികളോട് ഏജന്‍സി നിര്‍ദ്ദേശിച്ചു.
നീറ്റ് പരീക്ഷ
രാജ്യത്തെ 552 നഗരങ്ങളിലും, വിദേശത്തെ 14 സിറ്റികളിലുമാണ് പരീക്ഷ നടത്തുന്നത്. സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് പരീക്ഷാ നഗരത്തെക്കുറിച്ചുള്ള അറിയിപ്പ് നേരത്തെ നല്‍കിയത്.
എന്‍ടിഎയുടെ നിര്‍ദ്ദേശം
🚨 NEET (UG) 2026 Advisory | Exam on 3rd May
Candidates are advised to carefully verify the exact address of their examination centre mentioned on the Admit Card.
⚠️ It has come to notice that some centres may be incorrectly mapped on Google Maps and similar platforms(e.g.,…
— National Testing Agency (@NTA_Exams) May 1, 2026
മാപ്പ് നോക്കുമ്പോള്‍
അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിന്റെ കൃത്യമായ വിലാസം വിദ്യാര്‍ത്ഥികള്‍ പരിശോധിക്കണമെന്ന് എന്‍ടിഎ വ്യക്തമാക്കി. ചില കേന്ദ്രങ്ങൾ ഗൂഗിൾ മാപ്പിലും സമാനമായ പ്ലാറ്റ്‌ഫോമുകളിലും തെറ്റായി മാപ്പ് ചെയ്തിരിക്കാം. ഐഐഐടി പൂനെയാണ് ഉദാഹരണം. ദയവായി മാപ്പുകളെ മാത്രം ആശ്രയിക്കരുതെന്നാണ് എന്‍ടിഎയുടെ നിര്‍ദ്ദേശം.
English Summary
NTA has released the NEET UG 2026 dress code. Candidates must wear light clothes, slippers, or low heels. Religious attire and full sleeves require early reporting for frisking. Only transparent water bottles are allowed inside the exam hall.