SSLC Exam 2026: എസ്എസ്എൽസി ഇംഗ്ലീഷിൽ ഫുൾ മാർക്ക് വേണോ?; ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ ഇതെല്ലാം
SSLC English Exam 2026: ഓരോ വർഷവും ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ, പരീക്ഷാ രീതി, ഉത്തരങ്ങൾ എഴുതേണ്ട രീതി എന്നിവ മനസ്സിലാക്കാൻ ഇതിലൂടെ നിങ്ങൾക്ക് സാധിക്കുന്നതാണ്. വിശ്വസനീയമായ വിദ്യാഭ്യാസ പോർട്ടലുകളിൽ നിന്ന് നിങ്ങൾക്ക് മുൻവർഷത്തെ ചോദ്യപേപ്പറുകൾ പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എസ്എസ്എൽസി പരീക്ഷ ദാ ഇങ്ങനെത്തി കുട്ടികളേ… ഫെബ്രുവരി 16നാണ് ഇക്കൊല്ലത്തെ മോഡൽ പരീക്ഷ ആരംഭിക്കുന്നത്. ഇനിയും പഠിച്ചു തുടങ്ങാത്തവരുണ്ടെങ്കിൽ, വേഗം തന്നെ ഓരോ വിഷയങ്ങളുടെയും മുൻവർഷത്തെ ചോദ്യപേപ്പറുകൾ പരിശീലിക്കുന്നത് ഏറ്റവും ഗുണകരമായിരിക്കും. കാരണം, ഓരോ വർഷവും ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ, പരീക്ഷാ രീതി, ഉത്തരങ്ങൾ എഴുതേണ്ട രീതി എന്നിവ മനസ്സിലാക്കാൻ ഇതിലൂടെ നിങ്ങൾക്ക് സാധിക്കുന്നതാണ്.
വിശ്വസനീയമായ വിദ്യാഭ്യാസ പോർട്ടലുകളിൽ നിന്ന് നിങ്ങൾക്ക് മുൻവർഷത്തെ ചോദ്യപേപ്പറുകൾ പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. HSSLive, scert.kerala.gov.in, sslcexam.kerala.gov.in തുടങ്ങിയ ലിങ്കുകളിൽ നിന്ന് മുൻകാല ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടാനും, അല്പം ബുദ്ധമുട്ടുള്ള കുട്ടികൾക്ക് അത്യാവശ്യം സ്കോർ ചെയ്യാനും ഈ രീതിയിലൂടെ സാധിക്കുന്നതാണ്.
ALSO READ: പഠിച്ചു തുടങ്ങാൻ വൈകിയോ? എസ്എസ്എൽസി ബയോളജി ധൈര്യമായി നേരിടാം; ഇതാ ടിപ്സ്
പരീക്ഷയിൽ ശ്രദ്ധിക്കേണ്ട പ്രധാന ഭാഗങ്ങൾ
ഡിസ്കോഴ്സുകൾ (Important Discourses)
പ്രൊഫൈൽ എഴുത്ത്: നൽകിയിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ തലക്കെട്ടോട് കൂടി വേണം പ്രൊഫൈൽ എഴുതാൻ.
ന്യൂസ് റിപ്പോർട്ട്: ആകർഷകമായ തലക്കെട്ട്, സ്ഥലം, തീയതി എന്നിവ നിർബന്ധമായും ഇതിൽ ഉൾപ്പെട്ടിരിക്കണം. തന്നിരിക്കുന്ന ചോദ്യം കൃത്യമായി വായിച്ചുവേണം റിപ്പോർട്ട് തയ്യാറാക്കാൻ.
ക്യാരക്ടർ സ്കെച്ച്: തന്നിരിക്കുന്ന പാഠഭാഗത്തിലെ കഥാപാത്രത്തിൻ്റെ സ്വഭാവം, സംഭാഷണ ശൈലി, കാഴ്ചപ്പാട് എന്നിവ നിർബന്ധമായും ക്യാരക്ടർ സ്കെച്ചിൽ ഉൾപ്പെടുത്തുക.
കത്ത്/ ഇമെയിൽ: ഔദ്യോഗിക കത്താണോ (Formal) സുഹൃത്തിനുള്ളതാണോ (Informal) എന്ന് നോക്കി വേണം ഫോർമാറ്റ് തയ്യാറാക്കാൻ.
ഗ്രാമർ ഭാഗങ്ങൾ (Grammar)
എഡിറ്റിങ്: ടെൻസ്, ആർട്ടിക്കിൾസ്, പ്രിപ്പോസിഷൻസ് എന്നിവയിലെ തെറ്റുകൾ കണ്ടെത്താൻ നിങ്ങൾ പഠിച്ചിരിക്കുക. മുൻ വർഷങ്ങളിൽ സമാനമായ രീതിയിൽ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. വാചകങ്ങളിലെ തെറ്റുകൾ തിരുത്താൻ ടെക്സ്റ്റ് ബുക്കിലെ ആക്റ്റിവിറ്റികൾ വർക്ക് ഔട്ട് ചെയ്യുക.
റിപ്പോർട്ടട് സ്പീച്ച്: ഒരാൾ പറഞ്ഞ കാര്യം മറ്റൊരാൾ പറയുന്ന രീതിയിലുള്ള മാറ്റങ്ങൾ (Direct to Indirect) എന്നിവ തരംതിരിച്ച് എഴുതാൻ പഠിക്കണം.
ഇഫ് ക്ലോസ്: “If I were you, I would…” പോലുള്ള കണ്ടീഷനുകൾ പഠിക്കുക. ഇവ തീർച്ചയായും ചോദിക്കുന്നതാണ്.
ഫ്രേസൽ വെർബ്: പാഠപുസ്തകത്തിലെ പ്രധാന ഫ്രേസൽ വെർബുകൾ (ഉദാഹരണത്തിന്: put up with, call on) ലിസ്റ്റ് ചെയ്ത് പഠിക്കുക. വെട്ടിക്കുത്തുകൾ ഒഴിവാക്കി വൃത്തിയായി ഉത്തരങ്ങൾ എഴുതാൻ ശ്രമിക്കണം. പ്രത്യേകിച്ച് ഗ്രാമർ ഭാഗങ്ങളിൽ. ഉത്തരകടലാസ് നോക്കുന്നവർക്ക് സംശയം തോന്നുന്ന രീതിയിലുള്ള എഴുത്ത് ഒഴിവാക്കുക.
നിർബന്ധമായും പഠിച്ചിരിക്കേണ്ട പാഠഭാഗങ്ങൾ
Adventures in a Banyan Tree: പത്താം ക്ലാസിലെ ഇംഗ്ലീഷ് വിഷയത്തിലെ പ്രധാനപ്പെട്ട പാഠഭാഗമാണിത്. അതുകൊണ്ട് തന്നെ ചോദ്യങ്ങൾ വരാനുള്ള സാധ്യത ഉറപ്പിക്കാം. ഇതിൽ നിന്ന് പ്രൊഫൈൽ, ഡയറി എന്നിവ എഴുതാൻ ചോദിച്ചേക്കാം.
The Scholarship Jacket: ഈ പാഠഭാഗത്തിൽ നിന്ന് ഉറപ്പായും ലെറ്റർ (Letter), പാരഗ്രാഫ് നൽകിയുള്ള ചോദ്യങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
The Serpent and the Mirror: ഈ പാഠഭാഗത്തിൽ നിന്ന് തീർച്ചയായും ക്യാരക്ടർ സ്കെച്ച് (Character Sketch) എഴുതാൻ ചോദിക്കാനുള്ള സാധ്യതയുണ്ട്.
Lines Written in Early Spring: കവിതയുടെ ആസ്വാദനം (Poetic Appreciation) തയ്യാറാക്കാൻ ഈ കവിത പഠിച്ചിരിക്കണം. അസ്വാദനക്കുറിപ്പ് തയ്യാറാക്കുമ്പോൾ നിങ്ങൾക്കിഷ്ടമുള്ള കവിതയിലെ നാലുവരികൂടി ചേർത്ത് പ്രത്യേകം എഴുതുന്നത് കൂടുതൽ സ്കോർ ലഭിക്കാൻ സഹായിക്കും.
(Disclaimer: ഈ ഗൈഡിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾ മുൻവർഷങ്ങളിലെ പരീക്ഷാ ട്രെൻഡുകൾ മനസ്സിലാക്കി തയ്യാറാക്കിയതാണ്. ഇവ പരീക്ഷയ്ക്ക് ആവർത്തിച്ച് വരാനുള്ള സാധ്യത മാത്രമാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്. അതിനാൽ ദയവായി എല്ലാ പാഠഭാഗങ്ങളും പഠിക്കുക.)