SSLC Exam 2026: എ പ്ലസ് പോക്കറ്റിലാക്കാം! എസ്എസ്എൽസി കെമിസ്ട്രിയിലെ പ്രധാന ചോദ്യങ്ങളും പഠന തന്ത്രങ്ങളും
SSLC Chemistry Exam 2026: കെമിസ്ട്രി പലർക്കും പേടിയുള്ള വിഷയമാണെങ്കിലും, പാഠഭാഗങ്ങളെ ഒന്ന് തരംതിരിച്ച് പഠിച്ചാൽ സംഗതി സിംപിളാണ്. എസ്എസ്എൽസി കെമിസ്ട്രിയിൽ എ പ്ലസ് ഉറപ്പാക്കാൻ കുറഞ്ഞ സമയത്തിനുള്ളിൽ പഠിച്ചു തീർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മേഖലകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
എസ്എസ്എൽസിയിൽ കെമിസ്ട്രി പരീക്ഷയ്ക്ക് എ പ്ലസ് നേടുക എന്നത് ഒരു ബാലികേറാമലയായിട്ടാണ് പല കുട്ടികളും കാണുന്നത്. കൃത്യമായ പ്ലാനിംഗും കുറച്ച് കഠിനാധ്വാനവും ഉണ്ടെങ്കിൽ ആർക്കും മികച്ച മാർക്ക് നേടാൻ സാധിക്കും. കെമിസ്ട്രി പലർക്കും പേടിയുള്ള വിഷയമാണെങ്കിലും, പാഠഭാഗങ്ങളെ ഒന്ന് തരംതിരിച്ച് പഠിച്ചാൽ സംഗതി സിംപിളാണ്. എസ്എസ്എൽസി കെമിസ്ട്രിയിൽ എ പ്ലസ് ഉറപ്പാക്കാൻ കുറഞ്ഞ സമയത്തിനുള്ളിൽ പഠിച്ചു തീർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മേഖലകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും (Periodic Table and Electronic Configuration)
ഈ അധ്യായത്തിൽ നിന്ന് ഉറപ്പായും ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്.
സബ്ഷെൽ ഇലക്ട്രോൺ വിന്യാസം: 1s2, 2s2… എന്ന ക്രമത്തിൽ എഴുതി പഠിക്കണം. പ്രത്യേകിച്ച് ക്രോമിയം (Cr – 24), കോപ്പർ (Cu – 29) എന്നിവയുടെ വിന്യാസം പ്രത്യേകം പഠിക്കുക.
ഗ്രൂപ്പ്, പിരീഡ് കണ്ടെത്തൽ: സബ്ഷെൽ വിന്യാസത്തിൽ നിന്നും ഒരു മൂലകത്തിന്റെ ഗ്രൂപ്പും പിരീഡും ബ്ലോക്കും കണ്ടെത്തുന്നത് എങ്ങനെയെന്ന് കൃത്യമായി പഠിക്കണം. ഇതിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായേക്കാം.
അയൺ രൂപീകരണം: ഉദാഹരണത്തിന് Fe2+, Fe3+ എന്നിവയുടെ വിന്യാസം അറിഞ്ഞിരിക്കണം.
ചില ചോദ്യങ്ങളും ഉത്തരവും
1. ആധുനിക പീരിയോഡിക് ടേബിളിൽ മൂലക വർഗ്ഗീകരണത്തിന്റെ അടിസ്ഥാനം എന്താണ്?
ഉത്തരം: അറ്റോമിക നമ്പർ
2. സോഡിയം ആറ്റത്തിൽ K,L,M എന്നിങ്ങനെ മൂന്ന് ഷെല്ലുകളുണ്ട്. ഇവയിൽ ഏതു ഷെല്ലിലെ ഇലക്ട്രോണുകൾക്കാണ് ഏറ്റവും കൂടിയ ഊർജമുള്ളത്?
ഉത്തരം: M ഷെൽ
2. ന്യൂക്ലിയസിൽ നിന്നുള്ള അകലവും ഷെല്ലുകളിലെ ഊർജനിലയും തമ്മിലുള്ള ബന്ധമെന്ത്?
ഉത്തരം: അകലം കൂടുന്നതിനനുസരിച്ച് ഊർജം കൂട്ടുന്നു
വാതക നിയമങ്ങൾ (Gas Laws)
ഇവിടെ നിന്ന് കണക്കുകളോ ഗ്രാഫുകളോ ആണ് സാധാരണയായി പരീക്ഷയ്ക്ക് ചോദിക്കുന്നത്.
ബോയിൽ നിയമം (P∝1/V): താപനില സ്ഥിരമായിരിക്കുമ്പോൾ മർദ്ദവും വ്യാപ്തവും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിഞ്ഞിരിക്കണം.
ചാൾസ് നിയമം (V∝T): മർദ്ദം സ്ഥിരമായിരിക്കുമ്പോൾ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം അറിഞ്ഞിരിക്കണം.
അവഗാഡ്രോ നിയമം (V∝n): തന്മാത്രകളുടെ എണ്ണവും വ്യാപ്തവും അറിഞ്ഞിരിക്കണം.
ALSO READ: എസ്എസ്എൽസി ഫിസിക്സ്: തോൽക്കില്ല, ജയിക്കും ‘എ പ്ലസ്’ തിളക്കത്തോടെ, ചെയ്യേണ്ടത്
മോൾ സങ്കല്പം (Mole Concept)
പലർക്കും പ്രയാസമുള്ള ഭാഗമാണിതെങ്കിലും ശരിയായ രീതിയിൽ പഠിച്ചാൽ ഈ ഭാഗത്ത് നിന്ന് മാർക്ക് നേടാനാകും.
GMM (Gram Molecular Mass): തന്മാത്രാ ഭാരം കണക്കാക്കുന്നത് എങ്ങനെയെന്ന് കൃത്യമായി പഠിക്കുക.
മോൾ എണ്ണം കണ്ടെത്തൽ: മോൾ എണ്ണം=GMM നൽകിയിരിക്കുന്ന പിണ്ഡം
STP-യിലെ വ്യാപ്തം: ഒരു മോൾ ഏത് വാതകത്തിന്റെയും STP-യിലെ വ്യാപ്തം 22.4 L ആയിരിക്കും എന്നതടക്കമുള്ള ഭാഗം മനസ്സിലാക്കണം.
ലോഹനിർമ്മാണം (Metallurgy)
സാന്ദ്രണം (Concentration): ഫ്ലോട്ടേഷൻ (Froth flotation), കാന്തിക വേർതിരിക്കൽ (Magnetic separation), ലീച്ചിംഗ് എന്നിവ ഏതെല്ലാം അയിരുകൾക്കാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കുക.
അലുമിനിയം നിർമ്മാണം: ഹാൾ-ഹെറോൾട്ട് പ്രക്രിയ, ക്രയോലൈറ്റിന്റെ ധർമ്മം, ആനോഡ് ബേണിംഗ് ഇവ കൃത്യമായി പഠിക്കുക.
ഇരുമ്പ് നിർമ്മാണം: ബ്ലാസ്റ്റ് ഫർണസ്സിലെ രാസപ്രവർത്തനങ്ങൾ, സ്ലാഗ് (Slag) രൂപീകരണം ഇവയും ചോദിക്കാവുന്നതാണ്.
ഓർഗാനിക് കെമിസ്ട്രി (Organic Chemistry)
IUPAC നാമകരണം: ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൈൻ എന്നിവയുടെ പേരിടൽ രീതിയും അതിൻ്റെ സ്റ്റെപ്പുകളും മനസ്സിലാക്കണം.
ഫങ്ഷണൽ ഗ്രൂപ്പുകൾ: ആൽക്കഹോൾ (-OH), കാർബോക്സിലിക് ആസിഡ് (-COOH), ഈഥർ (-O-), ഹാലോ ഗ്രൂപ്പുകൾ എന്നിവ തിരിച്ചറിയാൻ പഠിച്ചിരിക്കണം.
ഐസോമെറിസം: ചെയിൻ ഐസോമെറിസം, പൊസിഷൻ ഐസോമെറിസം എന്നിവ ഉദാഹരണ സഹിതം കൃത്യമായി പഠിക്കുക.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
ചിത്രങ്ങൾ ശ്രദ്ധിക്കുക: ഗാൽവാനിക് സെൽ, വൈദ്യുത വിശ്ലേഷണം (Electrolysis) എന്നിവയുടെ ചിത്രങ്ങൾ വരച്ചു പഠിക്കുക.
യൂണിറ്റുകൾ മറക്കരുത്: ഉത്തരങ്ങൾ എഴുതുമ്പോൾ ലിറ്റർ (L), ഗ്രാം (g) തുടങ്ങിയ യൂണിറ്റുകൾ കൃത്യമായി രേഖപ്പെടുത്തുക.
പ്രവർത്തനക്ഷമതാ ശ്രേണി (Reactivity Series): ഇത് പഠിച്ചാൽ ആദേശ രാസപ്രവർത്തനങ്ങൾ (Displacement reactions) എളുപ്പത്തിൽ എഴുതാം.