UGC NET 2026 Certificate: യുജിസി നെറ്റ് ഫലം വന്നു! പക്ഷേ സർട്ടിഫിക്കറ്റ് വൈകുന്നത് എന്തുകൊണ്ട്?
UGC NET June 2026 Certificate Details : റിസള്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിപ്പുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷാര്‍ത്ഥികള്‍. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കുമായി ആകെ 4,241 പേരാണ് യോഗ്യത നേടിയത്.
റിസള്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിപ്പുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (UGC-NET June 2026) പരീക്ഷാര്‍ത്ഥികള്‍. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കുമായി ആകെ 4,241 പേരാണ് യോഗ്യത നേടിയത്. 45,904 അപേക്ഷകർ ‘അസിസ്റ്റന്റ് പ്രൊഫസറും പിഎച്ച്ഡി പ്രവേശനവും’ എന്ന വിഭാഗത്തിലും, 97,434 പേർ ‘പിഎച്ച്ഡി പ്രവേശനത്തിന് മാത്രമായും യോഗ്യത നേടി. ugcnet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും.
യുജിസി നെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഫലപ്രഖ്യാപനത്തിന് ശേഷം എൻടിഎ വെബ്‌സൈറ്റിൽ ലഭ്യമാക്കാറാണ് പതിവ്. കഴിഞ്ഞ ഘട്ടത്തിൽ ഫലം ഫെബ്രുവരി 4-ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സർട്ടിഫിക്കറ്റുകൾ ഏപ്രിൽ മാസത്തിലാണ് വിതരണം ചെയ്തത്.
ജൂൺ 22 മുതൽ 30 വരെയും, ജൂലൈ 5-നും 87 വിഷയങ്ങളിലായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായി യുജിസി നെറ്റ് 2026 പരീക്ഷകൾ നടത്തി. നിലവിൽ 84 വിഷയങ്ങളുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് വിഷയങ്ങൾക്കായുള്ള പുനഃപരീക്ഷ സെപ്റ്റംബർ 9, 10 തീയതികളിൽ നടത്തും.
സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നത് എന്തുകൊണ്ട്?
സ്കോർകാർഡിൽ നിന്ന് വ്യത്യസ്തമായി, യുജിസി നെറ്റ് യോഗ്യതാ സർട്ടിഫിക്കറ്റ് എൻടിഎ പ്രത്യേകമായാണ് പുറപ്പെടുവിക്കുന്നത്. പരീക്ഷാ നടപടികൾ ഇതുവരെ പൂർണ്ണമായി അവസാനിച്ചിട്ടില്ല. ബാക്കിയുള്ള മൂന്ന് വിഷയങ്ങളിലെ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്താൻ എൻടിഎ തീരുമാനിച്ചിരിക്കുകയാണ്. ഇതാണ് സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്നതിന്റെ കാരണം.
ജൂൺ 2026 ഘട്ടത്തിലെ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷാര്‍ത്ഥികള്‍ യുജിസി നെറ്റ് സ്കോർകാർഡ് സൂക്ഷിച്ചുവെക്കേണ്ടതും ഇ-സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് പതിവായി പരിശോധിക്കേണ്ടതുമാണ്.
യുജിസി നെറ്റ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, ugcnet@nta.ac.in അല്ലെങ്കിൽ ecertificate@nta.ac.in എന്ന ഇമെയിൽ വിലാസങ്ങളിൽ പരാതികൾ അറിയിക്കാം. ജെആർഎഫ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം എന്നിവ നിർണ്ണയിക്കാൻ വർഷത്തിൽ രണ്ടുതവണ, ജൂൺ, ഡിസംബർ മാസങ്ങളിലാണ് യുജിസി നെറ്റ് നടത്തുന്നത്.
യുജിസി നെറ്റ് റിസള്‍ട്ട്
യുജിസി-നെറ്റ് പരീക്ഷ 2026 ജൂൺ 22, 23, 24, 25, 29, 30, ജൂലൈ 5 തീയതികളിൽ രാജ്യത്തുടനീളമുള്ള 286 നഗരങ്ങളിലെ 655 പരീക്ഷാ കേന്ദ്രങ്ങളിലായി 87 വിഷയങ്ങളിലാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയത്. സെപ്റ്റംബർ 9, 10 തീയതികളിൽ പുനഃപരീക്ഷ നിശ്ചയിച്ചിട്ടുള്ള ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ ഉദ്യോഗാർത്ഥികൾ യുജിസി-നെറ്റ് ജൂൺ 2026 സ്കോർകാർഡ് പരിശോധിക്കാൻ ശ്രമിക്കുമ്പോൾ ‘Invalid Application Number/Password’ എന്ന സന്ദേശം ലഭിച്ചേക്കാം.
ഈ ഉദ്യോഗാർത്ഥികളുടെ സ്കോർകാർഡ്/ഫലം പുനഃപരീക്ഷയ്ക്ക് ശേഷം മാത്രമേ ലഭ്യമാകൂ. ആക്ഷേപങ്ങൾ അറിയിക്കാന്‍ ഓഗസ്റ്റ് 16 മുതൽ ഓഗസ്റ്റ് 18 വരെ അവസരം നല്‍കിയിരുന്നു. ലഭിച്ച ആക്ഷേപങ്ങൾ വിദഗ്ദ്ധർ പരിശോധിക്കുകയും അവർ അന്തിമമാക്കിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കുകയും ചെയ്തത്.
English Summary
The NTA declared the UGC NET June 2026 exam results for 84 subjects. Retests for English, Commerce, and Sociology will take place on September 9 and 10. Official eligibility certificates will be issued separately on the NTA website after all re-examinations conclude.