Bengaluru Train: ബെംഗളൂരു-വിജയപുര ട്രെയിന്‍ യാത്രയ്ക്ക് ഇനി വെറും 11 മണിക്കൂര്‍; 15 മണിക്കൂറൊക്കെ ഔട്ട്
New Bengaluru–Vijayapura Train Cuts Travel Time to 11 Hours: ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മറ്റ് ട്രെയിനുകള്‍ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 15 മണിക്കൂര്‍ സമയം വേണം. എന്നാല്‍ പുതിയ ട്രെയിനിന് വെറും 11 മണിക്കൂര്‍ മാത്രമേ വേണ്ടിവരൂ. ഹുബ്ബള്ളി, ഗഡാഗ് എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി സര്‍വീസ് നടത്തുന്നതാണ് യാത്രാ സമയം കുറയ്ക്കാന്‍ സഹായിക്കുന്നത്.
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് പുതിയ ട്രെയിന്‍. ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് ദ്വൈവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളേക്കാള്‍ വേഗത്തില്‍ ഈ ട്രെയിന്‍ യാത്ര നടത്തും. പുതിയ ട്രെയിനിന്റെ വരവോടെ വെറും 11 മണിക്കൂര്‍ മാത്രമാണ് യാത്രയ്ക്ക് വേണ്ടിവരിക. ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതാണ്.
ബെംഗളൂരു-വിജയപുര ദ്വൈവാര ട്രെയിന്‍
രണ്ട് മാസം മുമ്പ് കമ്മീഷന്‍ ചെയ്ത ആലമാറ്റിക്കും വാണ്ടലിനും ഇടയിലുള്ള 9.6 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ ട്രെയിനിന്റെ വരവ്. നഗരങ്ങള്‍ക്കിടയിലെ യാത്രാ സമയം കുറയ്ക്കണമെന്ന് ആളുകള്‍ ഏറെകാലമായി ആവശ്യപ്പെടുന്നുണ്ട്. ജൂണ്‍ 28 വരെ ഈ റൂട്ടില്‍ റെയില്‍വേ മന്ത്രാലയം പ്രതിവാര പ്രത്യേക ട്രെയിന്‍ ഓണ്‍ ഡിമാന്‍ഡ് ആണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഈ ട്രെയിന്‍ ജൂണ്‍ മാസത്തില്‍ ആഴ്ചയില്‍ രണ്ട് തവണ സര്‍വീസ് നടത്തും.
ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മറ്റ് ട്രെയിനുകള്‍ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 15 മണിക്കൂര്‍ സമയം വേണം. എന്നാല്‍ പുതിയ ട്രെയിനിന് വെറും 11 മണിക്കൂര്‍ മാത്രമേ വേണ്ടിവരൂ. ഹുബ്ബള്ളി, ഗഡാഗ് എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി സര്‍വീസ് നടത്തുന്നതാണ് യാത്രാ സമയം കുറയ്ക്കാന്‍ സഹായിക്കുന്നത്.
വിജയപുര ട്രെയിന്‍ എപ്പോള്‍ സര്‍വീസ് നടത്തും?
ബെംഗളൂരു-വിജയപുര എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ ശനി, തിങ്കള്‍ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. വൈകിട്ട് 6.15ന് ബെംഗളൂരു യശ്വവന്ത്പൂരില്‍ നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം പുലര്‍ച്ചെ 5.15ന് വിജയപുരയില്‍ എത്തിച്ചേരും.
ഞായറാഴ്ചകളിലും ചൊവ്വാഴ്ചകളിലുമാണ് ട്രെയിനിന്റെ മടക്കയാത്ര. വൈകുന്നേരം 5 മണിക്ക് വിജയപുരയില്‍ നിന്ന് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ച് 4.10ന് ട്രെയിന്‍ യശ്വന്ത്പൂരില്‍ എത്തിച്ചേരുന്നതാണ്.
എവിടെയെല്ലാം സ്റ്റോപ്പുകളുണ്ടാകും?
19 കോച്ചുകളുള്ള ഈ ട്രെയിനിന് ഒട്ടനവധി സ്ഥലങ്ങളില്‍ സ്‌റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. തുംകുരു, അര്‍സിക്കെരെ, ദാവന്‍ഗരെ, ഹാവേരി, ഗദഗ് ബൈപാസ്, ബദാമി, ബാഗല്‍കോട്ട്, ആലമാട്ടി, ബസവന ബാഗേവാടി എന്നിവിടങ്ങളിലാണ് നിലവില്‍ ട്രെയിനിന് സ്‌റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.
യശ്വന്ത്പൂരില്‍ നിന്ന് ജൂണ്‍ ഒന്നിനാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച വിജയപുരയില്‍ നിന്ന് മടക്കയാത്ര നടത്തും. വിജയപുര, ബാഗല്‍കോട്ട് ജില്ലകളില്‍ നിന്ന് വിദ്യാഭ്യാസം, ജോലി, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബെംഗളൂരുവിലേക്ക് പോകുന്ന നിരവധിയാളുകള്‍ക്ക് ഈ സര്‍വീസ് ഗുണം ചെയ്യും.
ദനാപൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍
യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചത് കണക്കിലെടുത്ത് ദനാപൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് കാലയളവ് നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചു. ഈ ട്രെയിനുകളുടെ പ്രവര്‍ത്തനം ജൂലൈ 15 വരെ തുടരും. ഡിഡിയു, പ്രയാഗ്രാജ് ചിയോകി, ജബല്‍പൂര്‍, നാഗ്പൂര്‍, വിജയവാഡ എന്നിവിടങ്ങളിലൂടെ കടന്നുപോയ ശേഷം, ഈ ട്രെയിന്‍ ഇനി പഴയ പെരമ്പൂര്‍-കട്ടപാടി റൂട്ടിന് പകരം ഗുണ്ടൂര്‍ ജംഗ്ഷന്‍, ഗുട്ടി, ധര്‍മ്മവാരം, യെലഹങ്ക വഴിയാണ് ഈ ട്രെയിനിന്റെ സര്‍വീസ്.
ട്രെയിന്‍ നമ്പര്‍ 03251 ദനാപൂര്‍-എസ്എംവിബി ബെംഗളൂരു സ്പെഷ്യല്‍ ജൂണ്‍ 1 മുതല്‍ ജൂലൈ 15 വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്ക് ദനാപൂരില്‍ നിന്ന് പുറപ്പെട്ട്, മൂന്നാം ദിവസം ഉച്ചയ്ക്ക് 2.30 ന് എസ്എംബി ബെംഗളൂരുവില്‍ എത്തിച്ചേരും. മടക്കയാത്രയില്‍, ട്രെയിന്‍ നമ്പര്‍ 03252 എസ്എംബി ബെംഗളൂരു-ദാനപൂര്‍ സ്പെഷ്യല്‍ ജൂണ്‍ 3 മുതല്‍ ജൂലൈ 18 വരെ എല്ലാ ദിവസവും രാത്രി 11.50 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 11.55 ന് ദനാപൂരില്‍ എത്തിച്ചേരും.
English Summary
A new train service is set to connect Bengaluru and Vijayapura, reducing travel time to around 11 hours. Passengers can benefit from improved connectivity, with details of the route, stops and operating days now available.