Sri Sri Ravi Shankar: ശ്രീ ശ്രീ രവിശങ്കറിന് അന്താരാഷ്ട്ര ലക്സംബർഗ് സമാധാന പുരസ്കാരം
Luxembourg Peace Prize Awarded To Sri Sri Ravi Shankar: ശ്രീ ശ്രീ രവിശങ്കറിന് പ്രശസ്തമായ ലക്സംബർഗ് സമാധാന പുരസ്കാരം ലഭിച്ചു. സമാധാന പ്രവർത്തകർ, പണ്ഡിതന്മാർ, നയരൂപകർത്താക്കൾ എന്നിവരുടെ അന്താരാഷ്ട്ര ശൃംഖലയായ വേൾഡ് പീസ് ഫോറം ആണ് ഈ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചത്.
ബെംഗളൂരു: ആത്മീയ ഗുരുവുമായ ശ്രീ ശ്രീ രവിശങ്കറിന് പ്രശസ്തമായ ലക്സംബർഗ് സമാധാന പുരസ്കാരം ലഭിച്ചു. സമാധാന പ്രവർത്തകർ, പണ്ഡിതന്മാർ, നയരൂപകർത്താക്കൾ എന്നിവരുടെ അന്താരാഷ്ട്ര ശൃംഖലയായ വേൾഡ് പീസ് ഫോറം ആണ് ഈ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചത്. സമാധാനം വളർത്തുന്നതിനും, ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിനും, അക്രമബാധിത പ്രദേശങ്ങളിൽ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ശ്രീ ശ്രീ രവിശങ്കർ കഴിഞ്ഞ 45 വർഷമായി നടത്തിവരുന്ന അശ്രാന്ത പരിശ്രമങ്ങളെ മാനിച്ചാണ് ഈ ബഹുമതി.
182 രാജ്യങ്ങളിലെ ജനങ്ങളെ സമാധാനത്തിന്റെ വക്താക്കളാകാൻ പ്രചോദിപ്പിച്ചതും ഈ പുരസ്കാരലബ്ധിക്ക് കാരണമായി. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സംഘർഷ ബാധിത പ്രദേശങ്ങളിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
മാനസികാരോഗ്യം, സമ്മർദ്ദ നിവാരണം, മാനവിക മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അദ്ദേഹം ആവിഷ്കരിച്ച പരിപാടികള്‍ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് സ്വാധീനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച ഗുരുദേവ്, തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും യഥാർത്ഥ കാരണങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു.
“വ്യക്തികളിൽ ആന്തരിക സമാധാനമില്ലായ്മയാണ് എല്ലാ സംഘർഷങ്ങളുടെയും മൂലകാരണം. സമൂഹത്തിൽ പാലങ്ങൾ പണിയാനും, ആശയവിനിമയം പുനഃസ്ഥാപിക്കാനും, വിശ്വാസം വീണ്ടെടുക്കാനും സാധിക്കുന്ന മനുഷ്യരെയാണ് ഇന്ന് ആവശ്യമെന്ന് സംഘർഷ മേഖലകളിലെ ഞങ്ങളുടെ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരം മധ്യസ്ഥരെയാണ് ഇന്ന് ലോകത്തിന് അത്യാവശ്യം. കമ്മ്യൂണിറ്റികൾക്കിടയിൽ എവിടെയൊക്കെ ഭിന്നതകൾ കാണുന്നുവോ, അവിടെയൊക്കെ ഓരോ യുവാക്കളും ഒരു പാലമായി മാറണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
സമാധാനത്തെക്കുറിച്ച്
സമാധാനം എന്നത് നിഷ്ക്രിയത്വമായി ആരും തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “സമാധാനം എന്നത് ആത്മസംതൃപ്തിയോ അലസതയോ അല്ല, അതുപോലെ തന്നെ ആക്രമണോത്സുകത എന്നത് വീര്യവുമല്ല. ഒരു വ്യക്തി പൂർണ്ണമായ അവബോധമുള്ളവനും ഒപ്പം ഊർജ്ജസ്വലനുമായിരിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ സമാധാനം ഉദയം ചെയ്യുന്നത്,” ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
സമ്മർദ്ദമാണ് ശത്രു
മനുഷ്യരാശിയുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ് സമ്മർദ്ദം. സമ്മർദ്ദരഹിതമായ മനസ്സും അക്രമരഹിതമായ സമൂഹവുമാണ് ശാശ്വതമായ സമാധാനത്തിന്റെ അടിത്തറ. പലപ്പോഴും സമാധാനത്തെയും സുരക്ഷയെയും കുറിച്ച് ഒരേ ശ്വാസത്തിലാണ് സംസാരിക്കാറുള്ളത്. എന്നാൽ സുരക്ഷയ്ക്കായി വൻതോതിൽ വിഭവങ്ങൾ നീക്കിവെക്കുമ്പോഴും, സമാധാനം വളർത്തിയെടുക്കുന്നതിനായി വളരെ കുറഞ്ഞ ശ്രദ്ധ മാത്രമേ നൽകുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും സമാധാനം, അനുരഞ്ജനം, മനുഷ്യന്റെ അന്തസ്സ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കും സംഘടനകൾക്കുമാണ് ലക്സംബർഗ് സമാധാന പുരസ്കാരം നൽകി വരുന്നത്.
English Summary
Gurudev Sri Sri Ravi Shankar received the prestigious Luxembourg Peace Prize. The World Peace Forum honored his 45 years of global peacebuilding. His programs have promoted inner peace and mental well-being in 182 countries. He emphasized that a stress-free mind is vital for lasting peace.