AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Indian Branded Phones: ഇന്ത്യയുടെ സ്വന്തം സ്മാർട്ട്ഫോൺ വരുന്നു; 2028 ഓടെ വിപണിയിൽ

Made in India Smartphones by 2028 Ashwini Vaishnaw Reveals Plan: രൂപകല്‍പ്പനയിലും സാങ്കേതികവിദ്യയിലും രാജ്യത്തിന് കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വിദേശ ബ്രാന്‍ഡുകള്‍ക്കായി ഫോണുകള്‍ നിര്‍മിക്കുന്നതില്‍നിന്ന് സ്വന്തം സാങ്കേതികവിദ്യയും ബ്രാന്‍ഡുമുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലേക്കുള്ള മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Indian Branded Phones: ഇന്ത്യയുടെ സ്വന്തം സ്മാർട്ട്ഫോൺ വരുന്നു; 2028 ഓടെ വിപണിയിൽ
അശ്വിനി വൈഷ്ണവ്Image Credit source: PTI
Shiji M K
Shiji M K | Published: 24 Oct 2026 | 06:07 AM

ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്നതും ഇന്ത്യന്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നതുമായ മൊബൈല്‍ ഫോണുകള്‍ 2028 ഒക്ടോബര്‍ 23നകം യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ആപ്പിള്‍, സാംസങ് തുടങ്ങിയ വന്‍കിട കമ്പനികളോട് മത്സരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്ത്യയുടെ സ്വന്തം മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡ് വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കുന്നതിനൊപ്പം അവയുടെ രൂപകല്‍പ്പനയിലും സാങ്കേതികവിദ്യയിലും രാജ്യത്തിന് കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വിദേശ ബ്രാന്‍ഡുകള്‍ക്കായി ഫോണുകള്‍ നിര്‍മിക്കുന്നതില്‍നിന്ന് സ്വന്തം സാങ്കേതികവിദ്യയും ബ്രാന്‍ഡുമുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലേക്കുള്ള മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് മുന്നില്‍ വെച്ച വെല്ലുവിളി

മൂന്ന് വര്‍ഷം മുമ്പ് മൊബൈല്‍ ഫോണിന്റെ പ്രധാന സര്‍ക്യൂട്ട് ബോര്‍ഡ് അഥവാ പിസിബി (PCB) ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്യുന്നത് ഇന്ത്യന്‍ സാങ്കേതികവിദഗ്ധര്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഫോണിന്റെ പ്രധാന ഘടകങ്ങളെ ബന്ധിപ്പിക്കുകയും അവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്ന ഭാഗമാണ് പിസിബി. ഈ വെല്ലുവിളി ഏറ്റെടുത്ത് രണ്ട് കമ്പനികള്‍ മുന്നോട്ടുവന്നു. ഇതില്‍ ഒരു കമ്പനി വികസിപ്പിച്ച രൂപകല്‍പ്പന അമേരിക്കയിലെ പ്രമുഖ ടെലികോം സേവനദാതാവ് അംഗീകരിച്ചു. ആ കമ്പനി 5ജി പ്ലസ് സാങ്കേതികവിദ്യയിലുള്ള മൊബൈല്‍ ഫോണ്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുകയും ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്നും വൈഷ്ണവ് വ്യക്തമാക്കി.

Also Read: Driving Licence: ലൈസന്‍സില്‍ മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും, ടെസ്റ്റിൽ 75 ശതമാനം മാർക്കും വേണം – നിർദേശവുമായി കേന്ദ്രം

ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ മുന്നേറി ഇന്ത്യ

രാജ്യത്തെ ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖലയുടെ വളര്‍ച്ചയും മന്ത്രി ചൂണ്ടിക്കാട്ടി. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ ഡ്രോണുകള്‍, മിസൈലുകള്‍, ട്രെയിനുകള്‍, മറ്റ് നൂതന ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. അധികം വൈകാതെ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വൈഷ്ണവ് പറഞ്ഞു. ആഭ്യന്തര നിര്‍മാണശേഷിയും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിലൂടെ ആഗോള വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും നിര്‍മാണ മേഖലയിലെ മാറ്റങ്ങള്‍ക്ക് സഹായകമായതായി മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രമെന്ന നിലയില്‍ മാത്രം ഒതുക്കാതെ, അവയുടെ രൂപകല്‍പ്പനയും സാങ്കേതികവിദ്യയും വികസിപ്പിക്കുന്ന രാജ്യമായി മാറ്റുകയാണ് ലക്ഷ്യം.

English Summary

Union Minister Ashwini Vaishnaw has announced plans to develop an Indian smartphone brand featuring phones designed and manufactured in India by October 2028. The initiative aims to strengthen India’s electronics manufacturing capabilities and boost its presence in the global smartphone market.

Follow Us