Isro’s GSLV-F17: ശ്രീഹരിക്കോട്ടയിൽ വീണ്ടും ചരിത്രം: EOS-05 ഉപഗ്രഹവുമായി ജി.എസ്.എൽ.വി കുതിച്ചുയർന്നു
EOS-05 Mission Successfully Lifted Off from Satish Dhawan Space Centre: ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഭൂനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു.
ശ്രീഹരിക്കോട്ട: ഐഎസ്ആർഒ -യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. അർദ്ധരാത്രി 2:55-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഭൂനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു.
ഇരുപത്തിയേഴര മണിക്കൂർ നീളുന്ന കൗണ്ട് ഡൗണിന് കഴിഞ്ഞ ദിവസം രാത്രി 11:25നാണ് തുടക്കമായത്. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. ജനുവരിയിലെ പിഎസ്എൽവി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണ് ഇത്.
ഇഒഎസ് -05 ഉപഗ്രഹം
ഇന്ത്യയുടെ ഭൗമനിരീക്ഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണ് ഇഒഎസ്-05 ഉപഗ്രഹം. ജി.ഐ.എസ്.എ.ടി.-1എ. (GISAT-1A, ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ) എന്നാണിവ അറിയപ്പെടുന്നത്. രാജ്യ സുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം.
സാധാരണ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങൾ ഭൂമിയിൽനിന്ന് ഏതാണ്ട് നൂറ് കിലോമീറ്റർമാത്രം ഉയരത്തിലുള്ള ഭ്രമണപഥത്തിൽ വലംവയ്ക്കുമ്പോൾ, ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഇഒഎസ്-05 പ്രവർത്തിക്കുക. 2021 ഓഗസ്റ്റ് 12ന് ഇതേ ഉപഗ്രത്തെ വിക്ഷേപിക്കാൻ നടത്തിയ ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു.
ചുഴലിക്കാറ്റുകൾ, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യങ്ങളിൽ ഈ സാങ്കേതികവിദ്യ ഏറെ നിർണായകമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, 2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കയക്കാൻ ജിഎസ്എൽവിക്കാകില്ല. പകരം അതിനൽപ്പം താഴെ വെച്ചാണ് റോക്കറ്റും ഉപഗ്രഹവും വേർപ്പെട്ടത്. ശേഷിക്കുന്ന ദൂരം ഉപഗ്രഹം താണ്ടുന്നത് സ്വന്തം പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ചാണ്.
ഐഎസ്ആർഒ – പോസ്റ്റ്
Mission Success!
GSLV-F17 has successfully accomplished its mission, placing EOS-05 into the intended orbit.
Sharing a few memorable moments from the lift-off.
For more information:https://t.co/VneB2jgZoY#GSLVF17 #EOS05 #ISRO pic.twitter.com/kv0zB6V5Vi
— ISRO (@isro) September 3, 2026
English Summary:
The Indian Space Research Organisation (ISRO) successfully launched the GSLV-F17 rocket carrying the EOS-05 Earth observation satellite from the Satish Dhawan Space Centre in Sriharikota on September 4, 2026.