പ്രണയവിവാഹത്തിന് വാശിപിടിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന മകൾക്ക് നേരെ വെടിയുതിർത്ത് പിതാവ്
UP Police Arrest Man for Attempting to Murder Daughter Over Arranged Marriage Dispute: ഷാസിയയുടെ വിവാഹം താൻ കണ്ടെത്തിയ ഒരു യുവാവുമായി നവംബർ 18-ന് നടത്താൻ പിതാവായ ആസിൻ ഖാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കൂ എന്നും ഷാസിയ പിതാവിനെ അറിയിച്ചു
മെയിൻപുരി: താൻ കണ്ടെത്തിയ യുവാവിനെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും പ്രണയിച്ചയാളെ തന്നെ വിവാഹം കഴിക്കുമെന്ന് വാശിപിടിക്കുകയും ചെയ്ത 19-കാരിയായ മകൾക്ക് നേരെ വെടിയുതിർത്ത് പിതാവ്. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തിങ്കളാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെ തലയ്ക്ക് നേരെയാണ് പിതാവ് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മെയിൻപുരി ജില്ലയിലെ ഭോംഗാവിൽ 19-കാരിയായ ഷാസിയ എന്ന യുവതിക്കാണ് സ്വന്തം പിതാവിൽ നിന്നും ആക്രമണം നേരിടേണ്ടി വന്നത്. ഷാസിയയുടെ വിവാഹം താൻ കണ്ടെത്തിയ ഒരു യുവാവുമായി നവംബർ 18-ന് നടത്താൻ പിതാവായ ആസിൻ ഖാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കൂ എന്നും ഷാസിയ പിതാവിനെ അറിയിച്ചു. പിതാവ് നിശ്ചയിച്ച വിവാഹത്തിന് യാതൊരു കാരണവശാലും താൻ തയ്യാറല്ലെന്ന് ഷാസിയ തിർത്തുപറഞ്ഞിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്.
മകളുടെ തീരുമാനം അംഗീകരിക്കാനാവാതെ ആസിൻ ഖാൻ തിങ്കളാഴ്ച രാത്രി ഷാസിയ ഉറങ്ങിക്കിടക്കുമ്പോൾ മുറിയിലെത്തി തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശബ്ദം കെട്ട് ഓടിയെത്തിയ മാതാവ് ഖൈറുന്നീസയാണ് ഷാസിയയെ ഉടൻ അടുത്തുള്ള ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ തലക്കേറ്റ പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ദ്ഗ ചികിത്സയ്ക്കായി സെയ്ഫായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ നില ഇപ്പോഴും അതീവഗുരുതരമായി തുടരുകയാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം.
സ്വന്തം മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുകാട്ടി ഷാസിയയുടെ മാതാവ് ഖൈറുന്നീസ ഭർത്താവിനെതിരെ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൃത്യം നടത്തിയ ശേഷം കിഴടങ്ങാനായി ഭോംഗാവ് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ആസിൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സൂപ്രണ്ട് സംഭവം സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. അയൽവാസികളിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രണയവിവാഹത്തെ ചൊല്ലിയുള്ള തർക്കവും ദുരഭിമാനവുമാണ് ക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹം വാർത്താ ഏജൻസിയായ ;പി.ടി,ഐയോട് പറഞ്ഞു.
English Summary
A 48-year-old man in UP’s Mainpuri district shot his 19-year-old daughter in the head while she was asleep. The incident occurred after she refused an arranged marriage and insisted on marrying her lover.