‘ബീഫ് കഴിക്കുന്നവർ ആരൊക്കെ?’ പരിഹാസം: പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി, അധ്യാപകൻ അറസ്റ്റിൽ
Teacher arrested in connection with the death of a Plus One student: കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ എ. അഖിലൻ (16) മരിച്ച സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ വിജയകുമാറിനെ പീലമേട് പോലീസ് അറസ്റ്റ് ചെയ്തു. ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെ തുടർന്നാണ് അഖിലൻ ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം.
കോയമ്പത്തൂർ: പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ വിജയകുമാറിനെ പീലമേട് പോലീസ് അറസ്റ്റ് ചെയ്തു. ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെ തുടർന്നാണ് അഖിലൻ ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തതിന് പുറമേ പ്രിൻസിപ്പൽ അരുൺകുമാർ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുമുണ്ട്.
ക്ലാസിൽ ബീഫ് കഴിക്കുന്നവർ ആരൊക്കെ
സ്‌റ്റൈപ്പൻഡിനായുള്ള പട്ടിക തയ്യാറാക്കുന്നതിനിടെ, രണ്ടു മാസം മുമ്പ് ക്ലാസിലെ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ആരൊക്കെയെന്ന് അധ്യാപകൻ വിജയകുമാർ അന്വേഷിച്ചിരുന്നു. തുടർന്ന് ക്ലാസിൽ ബീഫ് കഴിക്കുന്നവർ ആരൊക്കെ എന്ന് ചോദിച്ചു. ഈ സമയം അഖിലൻ അടക്കം അഞ്ച് കുട്ടികൾ എഴുന്നേറ്റ് നിന്നിരുന്നു.
Also Read: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയ്ക്കിടെ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ, അറസ്റ്റ്
ഈ സംഭവത്തിന് പിന്നാലെ രണ്ട് സഹപാഠികൾ തന്നെ നിരന്തരം ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി അഖിലൻ വീട്ടിലെത്തി അമ്മയോട് പറഞ്ഞിരുന്നു. സഹപാഠികളുടെ പീഡനത്തിനെതിരെ അധ്യാപകനും പ്രിൻസിപ്പലിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അഖിലന്റെ അമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അഖിലന്റെ പിതാവ് അശോക് കുമാർ കേരളത്തിലെ റിസോർട്ടിൽ ജീവനക്കാരനാണ്. അമ്മ കൗസല്യ വീട്ടുജോലിക്കാരിയും. മകൻ നേരിടുന്ന പീഡനത്തെപ്പറ്റി സ്‌കൂളിലെത്തി ചോദിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഒറ്റപ്പെടുമെന്ന് ഭയന്ന് മകൻ വിലക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് അമ്മ കൗസല്യാദേവിയോട് പറഞ്ഞാണ് അഖിലൻ വീട്ടിൽനിന്ന് ഇറങ്ങിയത്.
പിന്നീട് അമ്മ ജോലികഴിഞ്ഞ് ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് ഭാരതി കോളനിയിലെ വീട്ടിൽ അഖിലനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും പട്ടിക ജാതി- പട്ടിക വർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.
English Summary
A teacher has been arrested in connection with the death by suicide of a Plus One student. The deceased, A. Akhilan (16), was a Plus One student at a government-aided school in Coimbatore. The Peelamedu police have arrested a teacher from the school, Vijayakumar. It is alleged that Akhilan died by suicide following persistent harassment by the teacher and his classmates, based on his caste and the fact that he consumed beef.