Narendra Modi: പാരീസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Modi’s speech at the Paris community event : പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വികസന രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ സമയം രാത്രി 9.45-ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ആരംഭിച്ചത്.

Narendra Modi
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വികസന രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ സമയം രാത്രി 9.45-ഓടെയാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്. നേരത്തെ ഇന്ത്യ-ഫ്രാൻസ് സാമ്പത്തിക, വ്യാവസായിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം വിവാടെക് 2026ലും അദ്ദേഹം പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ പ്രസംഗം:
വിവാടെക് 2026
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പമാണ് മോദി വിവാടെക്കില്‍ പങ്കെടുത്തത്. ഡിജിറ്റൽ പേയ്‌മെന്റുകൾ, എഐ അധിഷ്ഠിത കാർഷിക പുരോഗതി, ആധുനിക ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ സാങ്കേതികവിദ്യ ഇന്ത്യയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു.
2026 വർഷം ഇന്ത്യക്കും യൂറോപ്പിനും ഏറെ സവിശേഷതകൾ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ വർഷത്തിന്റെ തുടക്കത്തിൽ ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2021-ൽ താൻ വിവാടെക്കിനെ അഭിസംബോധന ചെയ്യുമ്പോൾ ലോകം കോവിഡ്-19 പ്രതിസന്ധി നേരിടുകയായിരുന്നുവെന്നും, ഇന്ന് മറ്റ് തരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ സാങ്കേതികവിദ്യയുടെ കരുത്തിൽ ഇന്ത്യ അതിവേഗത്തിലുള്ള മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനവും, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ഇന്ത്യ സൃഷ്ടിച്ചു. വിദ്യാഭ്യാസം, ടെലിമെഡിസിൻ, കൃഷി തുടങ്ങിയ മേഖലകളിൽ വലിയ തോതിലാണ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് കാരണം ഇന്ന് ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയും നടക്കുന്നത് ഇന്ത്യയിലാണ്. ഇപ്പോൾ ഫ്രാൻസിലെ ഈഫൽ ടവറിലോ പാരിസ് വിമാനത്താവളത്തിലോ പോലും യുപിഐ ഉപയോഗിക്കാൻ സാധിക്കുന്നു എന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റുകളിൽ ഒന്നായ ഡിജിലോക്കർ വഴി 700 മില്യൺ ഉപഭോക്താക്കൾക്ക് തങ്ങളുടെ യഥാർത്ഥ രേഖകൾ എവിടെയിരുന്നും സുരക്ഷിതമായി ആക്‌സസ് ചെയ്യാൻ സാധിക്കുന്നുണ്ട്. രണ്ടായിരത്തിലധികം സ്റ്റാൻഡേർഡ് രേഖകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുള്ളതിനാൽ ഡ്രൈവിംഗ് ലൈസൻസോ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ പോലുള്ള രേഖകൾ ഇനി ഇന്ത്യയിൽ കൈവശം വെച്ച് നടക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗതിശക്തി പ്ലാറ്റ്‌ഫോമിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾ എല്ലാ മേഖലകളിലും മനുഷ്യജീവിതത്തെ മാറ്റിമറിക്കുകയാണ്. ദശലക്ഷക്കണക്കിന് വനിതാ ക്ഷീരകർഷകരുമായി അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കുകയും കന്നുകാലികളുടെ ആരോഗ്യ പരിപാലനത്തിൽ വിദഗ്ധ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്ന ‘സരളാബെൻ’ എന്ന എഐ ആപ്ലിക്കേഷൻ ഇതിന് തെളിവാണ്.ബഹിരാകാശ സാങ്കേതികവിദ്യ മുതൽ ആണവോർജ്ജം വരെയുള്ള മേഖലകളിൽ മനുഷ്യന്റെ കഴിവുകളുടെ അതിരുകൾ ഇന്ത്യ വികസിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
English Summary
Prime Minister Narendra Modi addressed Indian Community Event in Paris. He also addressed VivaTech 2026 in Paris alongside French President Emmanuel Macron. He highlighted India’s rapid technological advancements, including the historic India-EU Free Trade Agreement. He noted that India now accounts for half of the world’s real-time digital transactions via UPI.