AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Modi-Trump G7 Summit Meeting: ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി

Narendra Modi-Donald Trump G7 Summit Meeting: ജി7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎസ് ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള വലിയ ചുവടുവെപ്പാണ് ഈ കൂടിക്കാഴ്ച. മിഡിൽ ഈസ്റ്റിൽ സമാധാനം ഉറപ്പാക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ മോദി അഭിനന്ദിച്ചു.

Modi-Trump G7 Summit Meeting: ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി
Narendra Modi and Donald TrumpImage Credit source: PTI
Jayadevan AM
Jayadevan AM | Published: 17 Jun 2026 | 09:23 PM

പാരീസ്: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎസ് ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള വലിയ ചുവടുവെപ്പാണ് ഈ കൂടിക്കാഴ്ച. മിഡിൽ ഈസ്റ്റിൽ സമാധാനം ഉറപ്പാക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ മോദി അഭിനന്ദിച്ചു. ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെയുണ്ടായ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ആശങ്ക അറിയിച്ചത്.

ട്രംപിനെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് മോദി പ്രതികരിച്ചു. കഴിഞ്ഞ വർഷം വാഷിംഗ്ടണിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ പുതിയ വേഗത വന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

“കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ ഊര്‍ജ്ജം കൈവരിച്ചു. ഇരു രാജ്യങ്ങളുടെയും ടീമുകൾ ഒരുമിച്ചിരുന്ന് ലക്ഷ്യങ്ങൾ നിശ്ചയിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്. ആ ലക്ഷ്യങ്ങൾ കൈവരിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. വളരെ വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നത്”-മോദി പറഞ്ഞു.

ഇറാൻ കരാർ അന്തിമമല്ലെന്ന് ട്രംപ്

അതേസമയം, മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, കരാറിന്റെ ഉള്ളടക്കം തനിക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ ടെഹ്‌റാന് നേരെ അമേരിക്ക വീണ്ടും ആക്രമണം ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു.

Also Read: G7 Summit: ഹോര്‍മുസില്‍ ഇന്ത്യക്കാര്‍ക്കും ജീവന്‍നഷ്ടപ്പെട്ടു, അതിനി ഉണ്ടാകരുത്; ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി

ഉച്ചകോടിക്കിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിക്കൊപ്പം മാധ്യമപ്രവർത്തകരെ കാണവേയാണ്, യുഎസും ഇറാനും തമ്മിലുള്ള കരാർ അന്തിമമല്ല എന്ന് ട്രംപ് പറഞ്ഞത്. ഇതൊരു ധാരണാപത്രം മാത്രമാണ്. തനിക്ക്‌ ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ, തങ്ങൾ വീണ്ടും അവർക്ക് നേരെ വെടിയുതിർക്കാനും അവരുടെ തലയിലേക്ക് ബോംബുകൾ വർഷിക്കാനും തുടങ്ങുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.

“എനിക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിലോ അവർ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിലോ, ഞങ്ങൾ നേരെ പോയി അവരുടെ തലയ്ക്ക് നടുവിലേക്ക് തന്നെ ബോംബുകൾ ഇടും”-എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. യുഎസ്-ഇറാൻ ചട്ടക്കൂട് കരാർ വളരെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാർ പ്രഖ്യാപിച്ചതുമുതൽ വിപണികൾ വളരെ സന്തോഷത്തിലാണ്. കരാർ ഒപ്പിട്ട് ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കും. ഓഹരി വിപണി കുതിച്ചുയർന്നു. എണ്ണവില കുത്തനെ ഇടിയുകയും ചെയ്‌തെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഒബാമയ്‌ക്കെതിരെ ആരോപണം

2015-ലെ ആണവ കരാർ സമയത്ത് മുൻ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ വിമാനം നിറയെ പണം അയച്ച് ഇറാനെ കൈക്കൂലി കൊടുത്ത് വശത്താക്കാൻ ശ്രമിച്ചെന്ന് ട്രംപ് ആരോപിച്ചു. ട്രംപ് പറഞ്ഞത് ഇങ്ങനെ:

“ഒബാമയുടെ ജെസിപിഒഎ കരാർ നോക്കൂ. അദ്ദേഹം ബാങ്കുകളിൽ നിന്നുള്ള 1.7 ബില്യൺ ഡോളറിന്റെ പച്ച നോട്ടുകൾ ഒരു ബോയിംഗ് 757 വിമാനത്തിലാക്കി ഇറാനിലേക്ക് കൊണ്ടുപോയി. അവർ ആ വിമാനത്തിനരികിൽ നിന്നതിന്റെ ചിത്രങ്ങൾ എന്റെ പക്കലുണ്ട്. ‘ഓ ദൈവമേ, നോക്കൂ അദ്ദേഹം നമുക്ക് എത്ര പണമാണ് തരുന്നത്’ എന്ന് അവർ പറഞ്ഞു”, ട്രംപ് ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

English Summary

PM Modi met President Trump at the G7 summit in France. Modi emphasized the safety of Indian seafarers following recent ship attacks. Meanwhile, Trump declared that the upcoming US-Iran deal is not final. He threatened to resume air strikes if Iran violates the agreement.

Follow Us