പൂജയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തി; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പെൺകുട്ടികളെ മുറിയിലിട്ട് മർദ്ദിച്ച് മുൻ അധ്യാപിക
Indore Teacher Locks Up and Beats Minor Girls During Navratri Ritual: നവരാത്രിയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്കും പ്രാർത്ഥനകൾക്കുമായി അയൽവാസികളായ ഏഴ് പെൺകുട്ടികളെ അനിത തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. പൂജയും മറ്റ് ചടങ്ങുകളും നടക്കുന്നതിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 500 രൂപ അടങ്ങിയ ഒരു കവർ കാണാതായി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കന്യാ പൂജ ചടങ്ങുകൾക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മുൻ അധ്യാപിക ക്രൂരമായി മർദ്ദിച്ചു. 500 രൂപ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് എട്ടുമുതൽ പതിനൊന്ന് വയസ്സുവരെ പ്രായമുള്ള ഏഴ് പെൺകുട്ടികളെ ഇവർ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിൽ അനിത എന്ന റിട്ടയേർഡ് അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. ഇൻഡോറിലെ എം.ഐ.ജി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ വാർത്താ ഏജൻസിയായ പി.ടി.ഐയോട് വ്യക്തമാക്കി. നവരാത്രിയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്കും പ്രാർത്ഥനകൾക്കുമായി അയൽവാസികളായ ഏഴ് പെൺകുട്ടികളെ അനിത തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. പൂജയും മറ്റ് ചടങ്ങുകളും നടക്കുന്നതിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 500 രൂപ അടങ്ങിയ ഒരു കവർ കാണാതായി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടിലെത്തിയ പെൺകുട്ടികളാണ് പണം എടുത്തതെന്ന് ആരോപിച്ച് അനിത ഇവരെ വീടിനുള്ളിൽ തടഞ്ഞുവെച്ചു. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് കുട്ടികളുടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മർദ്ദനമേറ്റ ഒരു കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 127, 115 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുൻ അധ്യാപികയായ അനിതയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, പണം മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് പെൺകുട്ടികളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പരിശോധന നടത്തി എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പോലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചു. ഇത്തരത്തിലുള്ള യാതൊരു പരാമർശവും ലഭിച്ച പരാതിയിലോ എഫ്.ഐ.ആറിലോ ഇല്ലെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനിതയുടെ വീടിൻ്റെ പരിസരങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും, സമീപവാസികളായ മറ്റ് ദൃക്‌സാക്ഷികളുടെ മൊഴികളും പോലീസ് ശേഖരിച്ചുവരികയാണ്. ഈ തെളിവുകളുടെ പരിശോധിച്ച ശേഷമായിരികും കേസിൽ തുടർനടപടികൾ സ്വീകരിക്കുക എന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
English Summary
A retired teacher in Indore allegedly locked up and beat seven minor girls invited for a Navratri ‘kanya bhoj’ ritual, suspecting them of stealing ₹500. Police have registered a case.