Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
Women’s Reservation and Delimitation: മണ്ഡല പുനർനിർണയത്തിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഭേദഗതി ബിൽ കൊണ്ടുവരുന്നതിന് മുമ്പ് സമഗ്രമായ ചർച്ചകൾക്കായി സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കൂടിയാലോചനകൾ ഇല്ലാതെ ഭരണഘടനാ ഭേദഗതികൾ സഭയിലൂടെ തള്ളിക്കയറ്റാണ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് അദ്ദേഹം അയക്കുന്ന നാലാമത്തെ കത്താണിത്.
ന്യൂഡൽഹി: ലോക്സഭ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് വനിത സംവരണം നടപ്പാക്കാനും, മണ്ഡല പുനർവിഭജനം യാഥാർത്ഥ്യമാക്കാനുമുള്ള ഭരണഘടനാ ഭേദഗതിക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ വീണ്ടും ആലോചിക്കുന്നു. ഈ മാസം അവസാനം തന്നെ സമ്മേളനം ചേർന്നേക്കുമെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങൾ.
പിന്തുണ ലഭിക്കുമോ?
ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ എൻഡിഎയ്ക്ക് നിലവിൽ ഇതിനുള്ള ഭൂരിപക്ഷമില്ലെന്നാണ് വിലയിരുത്തൽ. ആകെയുള്ള 543 അംഗ ലോക്സഭയിൽ മൂന്ന് ഒഴിവുകൾ ഉൾപ്പെടെ എൻ.ഡി.എയ്ക്ക് 318 എം.പിമാരുടെ പിന്തുണയാണുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ 360 പേരുടെ പിന്തുണ വേണം. ഡി.എം.കെയുടെ 22 എം.പിമാർ പിന്തുണച്ചാൽ പോലും അംഗബലം 340-ൽ എത്തും. അപ്പോഴും 20 വോട്ടുകളുടെ കുറവുണ്ട്.
245 അംഗ രാജ്യസഭയിൽ മൂന്ന് ഒഴിവുകൾ മാറ്റിനിർത്തിയാൽ, 240 അംഗങ്ങളിൽ എൻ.ഡി.എയ്ക്ക് 153 പേരുടെ പിന്തുണയുണ്ട്. ബിൽ പാസാകാൻ 162 പേരുടെ പിന്തുണയാണ് ആവശ്യം. ഇതിനായി ചെറുകക്ഷികളുടെ സഹായം തേടാനാണ് സർക്കാർ നീക്കം.
പ്രതിപക്ഷ എതിർപ്പ് ശക്തം
മണ്ഡല പുനർനിർണയത്തിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഭേദഗതി ബിൽ കൊണ്ടുവരുന്നതിന് മുമ്പ് സമഗ്രമായ ചർച്ചകൾക്കായി സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കൂടിയാലോചനകൾ ഇല്ലാതെ ഭരണഘടനാ ഭേദഗതികൾ സഭയിലൂടെ തള്ളിക്കയറ്റാണ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് അദ്ദേഹം അയക്കുന്ന നാലാമത്തെ കത്താണിത്.
നവംബർ അവസാനം ശീതകാലസമ്മേളനം ആരംഭിക്കാനിരിക്കെ, വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ടും ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. ഈ സാഹചര്യമാണ് പുതിയ പ്രത്യേക സമ്മേളന ചർച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 13-നാണ് വർഷകാലസമ്മേളനം അവസാനിച്ചത്.
മണ്ഡലപുനർനിർണയവും വനിത സംവരണവും
വനിതാ സംവരണം ഉടനടി നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം മണ്ഡല പുനർനിർണയമാണ്. നിലവിലുള്ള മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കുമ്പോൾ ഏതെല്ലാം മണ്ഡലങ്ങൾ സ്ത്രീകൾക്കായി മാറ്റിവെക്കണം എന്നതിൽ തർക്കങ്ങൾ ഉണ്ടാകാം. അതിനാൽ, മണ്ഡല പുനർനിർണയം വഴി ലോക്സഭയിലെ മൊത്തം സീറ്റുകളുടെ എണ്ണം വർധിപ്പിച്ച ശേഷം അതിൽ നിന്ന് 33% സീറ്റുകൾ സ്ത്രീകൾക്ക് നൽകുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് നിലവിലെ ലോക്സഭാ മണ്ഡലങ്ങൾ പ്രവർത്തിക്കുന്നത്.
English Summary:
Central government is considering convening a special session of Parliament to discuss women’s reservation and the delimitation of constituencies. The proposed reforms aim to implement 33% reservation for women in the Lok Sabha and state legislative assemblies while increasing the number of parliamentary seats.