Tamil Nadu: തമിഴ്നാട്ടിൽ DMK- AIADMK സഖ്യം? വിജയ്ക്ക് നൽകിയ കോൺവോയ് പിൻവലിച്ചു
DMK-AIADMK Alliance Rumors: ടിവികെ സഖ്യകക്ഷികളെ തേടി നെട്ടോട്ടമോടുമ്പോൾ ഡിഎംകെ തങ്ങളുടെ ശത്രുവായ എഐഎഡിഎംകെയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പതിറ്റാണ്ടുകളായി ശത്രുക്കളായിരുന്നവർ ഒന്നിക്കുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിവെക്കും. സത്യപ്രതിജ്ഞ നീളുന്നതിനിടെ വിജയ്ക്ക് നൽകിയ പോലീസിന്റെ പ്രത്യേക വാഹനവ്യൂഹം പിൻവലിച്ചു.
ചെന്നൈ: സിനിമയെ വെല്ലും ട്വിസ്റ്റുമായി തമിഴ്നാട് രാഷ്ട്രീം. പതിറ്റാണ്ടുകളുടെ ദ്രാവിഡ ഭരണത്തിന് അന്ത്യം കുറിച്ചാണ് നിയയസഭ തിരഞ്ഞെടുപ്പിൽ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം വൻ വിജയം സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. എന്നാൽ കേവലഭൂരിപക്ഷമായ 118 മറികടന്നില്ല എന്നതാണ് തിരിച്ചടിയായത്.
കോൺഗ്രസിന്റെ 5 എംഎൽഎമാർ പിന്തുണ പ്രഖ്യാപിച്ച് 113 സീറ്റുകളായെങ്കിലും 118 തികയ്ക്കാതെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ഗവർണറും. മറ്റ് പാർട്ടികളെ കൂടി ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഡിഎംകെ വക ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്.
ഡിഎംകെ – എഐഎഡിഎംകെ സഖ്യം?
ടിവികെ സഖ്യകക്ഷികളെ തേടി നെട്ടോട്ടമോടുമ്പോൾ ഡിഎംകെ തങ്ങളുടെ ശത്രുവായ എഐഎഡിഎംകെയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പതിറ്റാണ്ടുകളായി ശത്രുക്കളായിരുന്നവർ ഒന്നിക്കുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിവെക്കും.
തിരഞ്ഞെടുപ്പിൽ ഡിഎംകെ 59 സീറ്റുകളും എഐഎഡിഎംകെ 47 സീറ്റുകളുമാണ് നേടിയത്. ഇരുവരും കൈകോർത്തആൽ പോലും 106 സീറ്റുകളെ ലഭിക്കുകയുള്ളൂ. അതായത്, കേവലഭൂരിപക്ഷം മറിക്കടക്കാൻ സാധിക്കില്ല.
ALSO READ: 113 പോരാ, ഗവർണർ വക ട്വിസ്റ്റ്; വിജയ് സർക്കാർ സത്യപ്രതിജ്ഞ നീളും?
1972ലാണ് എംജിആർ എഐഎഡിഎംകെ രൂപീകരിച്ചത്. പാർട്ടിക്കുള്ളിലെ അഴിമതി ആരോപണങ്ങളെ തുർന്നുണ്ടായ തർക്കങ്ങൾക്ക് പിന്നാലെ എം കരുണാനിധി എംജിആറിനെ ഡിഎംകെയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഈ പിളർപ്പാണ് പതിറ്റാണ്ടുകളോളം നീണ്ടുനിൽക്കുന്ന ശത്രുതയ്ക്ക് വഴിയൊരുക്കിയത്. എന്നാൽ, പൊതു ശത്രുവിനെ ഒതുക്കാൻ ഇവർ മിത്രങ്ങളായാൽ തമിഴ് രാഷ്ട്രീയത്തിലെ മറ്റൊരു വലിയ ചരിത്രനിമിഷമാകും അത്.
പന്ത് ഇവരുടെ കോർട്ടിൽ
ടിവികെയെ താഴെയിറക്കാൻ ഇനിയും മറ്റ് സഖ്യകക്ഷികളുടെ പിന്തുണ കൂടി ഡിഎംകെ – എഐഎഡിഎംകെ സഖ്യത്തിന് വേണ്ടി വരും. ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെയുടെ സഖ്യകക്ഷിയായ മുസ്ലീം ലീഗിന് രണ്ട് എംഎൽഎമാരാണ് ഉള്ളത്. എഐഎഡിഎംകെയുടെ ഒപ്പമുള്ള പട്ടാളിമക്കൾ കക്ഷിക്ക് നാല് എംഎൽഎമാരുണ്ട്. വിടുതലൈ ചിരുതഗൈ കക്ഷി (2), സിപിഐ (2), സിപിഎം(2), ഡിഎംഡികെ (1) എന്നീ കക്ഷികളെ കൂടി ചേർത്താൽ മാത്രമേ ഡിഎംകെ – എഐഎഡിഎംകെ സഖ്യം സാധ്യമാവുകയുള്ളൂ.
അതേസമയം, എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി. എംഎൽഎമാർ മറുപക്ഷത്തേക്ക് കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ നേതൃത്വം അവരെ പുതുച്ചേരിയിലേക്ക് മാറ്റിയത്. ബുധനാഴ്ച രാത്രിയോടെയാണ് ചെന്നൈയിൽ നിന്ന് സ്വകാര്യ ബസുകളിൽ എംഎൽഎമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോയത്.
വിജയ്ക്ക് നൽകിയ കോൺവോയ് പിൻവലിച്ചു
സത്യപ്രതിജ്ഞ നീളുന്നതിനിടെ വിജയ്ക്ക് നൽകിയ പോലീസിന്റെ പ്രത്യേക വാഹനവ്യൂഹം പിൻവലിച്ചു. ഫലം പ്രഖ്യാപിച്ച രാത്രിയാണ് കോൺവോയ് ക്രമീകരണം ഏർപ്പെടുത്തിയത്. വിജയിയുടെ അഭ്യർത്ഥന പ്രകാരമാണ് ഇതെന്നാണ് വിവരം. മുഖ്യമന്ത്രി ആയി ചുമതല ഏറ്റെടുത്ത ശേഷം കോൺവോയ് മതിയെന്ന് വിജയ് പറഞ്ഞതായാണ് പൊലീസ് വൃത്തങ്ങൾ വിശദമാക്കുന്നത്.
English Summary:
Tamil Nadu Government Formation Updates, There are indications that secret talks are going on between DMK and AIADMK. DMK won 59 seats and AIADMK 47 seats in the elections. The special police convoy provided to Vijay was withdrawn while the oath-taking was going on.