Vijay: 113 പോരാ, ഗവർണർ വക ട്വിസ്റ്റ്; വിജയ് സർക്കാർ സത്യപ്രതിജ്ഞ നീളും?
കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണ വാദം ഉന്നയിച്ചത്. 108 സീറ്റുകളാണ് തമിഴക വെട്രി കഴകം നേടിയത്. കോൺഗ്രസിന്റെ അഞ്ച് എംൽഎമാർ കൂടി ചേർന്നതോടെ സീറ്റ് നില 113 ആയി. എന്നാൽ ഇനിയും അഞ്ച് പേരുടെ കുറവുണ്ട്.
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റ്. അട്ടിമറി വിജയത്തിന് ശേഷം സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിക്ക് പുതിയ വെല്ലുവിളി ഉയർത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. 113 എംഎൽഎമാർ പോരെന്നും 234 അംഗ നിയമസഭയിൽ 118 എന്ന കേവല ഭൂരിപക്ഷം കടന്നാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ഗവർണർ പറഞ്ഞു. ഇക്കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോർണി ജനറലിന്റെ ഉപദേശമാണ് തേടിയത്.
കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണ വാദം ഉന്നയിച്ചത്. 108 സീറ്റുകളാണ് തമിഴക വെട്രി കഴകം നേടിയത്. കോൺഗ്രസിന്റെ അഞ്ച് എംൽഎമാർ കൂടി ചേർന്നതോടെ സീറ്റ് നില 113 ആയി. എന്നാൽ ഇനിയും അഞ്ച് പേരുടെ കുറവുണ്ട്. കേവല ഭരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്ന നിലപാട് ഗവർണർ എടുത്തതോടെ സത്യപ്രതിജ്ഞ നീളുമെന്നാണ് സൂചന.
കേവലഭൂരിപക്ഷം ലഭിക്കുമോ?
കേവലഭൂരിപക്ഷത്തിന് വേണ്ടിയുള്ള അഞ്ച് പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വിജയ്. ഡി എം കെ സഖ്യകക്ഷികളായ സി പി ഐ (രണ്ട് സീറ്റുകൾ), സി പി എം (രണ്ട് സീറ്റുകൾ), വി സി കെ (രണ്ട് സീറ്റുകൾ) എന്നിവരുടെ പിന്തുണയും ടി വി കെ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ലഭിച്ചില്ലെങ്കിൽ വലിയൊരു പ്രതിസന്ധിയാകും വിജയ് നേരിടേണ്ടി വരിക.
വ്യാഴാഴ്ച സത്യപ്രതിജ്ഞ നടന്നേക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കുന്നത് എളുപ്പമാകുമെന്നായിരുന്നു പ്രതീക്ഷ. അതിനിടെയാണ് ഗവർണറുടെ വക വെല്ലുവിളി നേരിട്ടത്ത്. അരുൺരാജ്, എൻ ആനന്ദ്, സെങ്കോട്ടയ്യൻ, അധവ് അർജുനൻ, വെങ്കിട്ടരാമൻ എന്നീ എംഎൽമാർക്കൊപ്പമാണ് വിജയ് ഗവർണറെ സന്ദർശിച്ചത്.
ALSO READ: നാല് ബാങ്കിൽ 100 കോടി എഫ്ഡി, വീടുകൾ പലത്; വിജയ് സമ്പാദിച്ചത് ഇത്രയും
ചരിത്രത്തിലെ പുതിയ അധ്യായത്തിന് തുടക്കം
വിജയ് അധികാരമേൽക്കുന്നതോടെ തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നത്. കെ കാമരാജിന്റെ ഭരണകാലത്തിന് ശേഷം ദ്രാവിഡ പാർട്ടികളിൽ നിന്നാല്ലാതെ ഒരാൾ തമിഴ്നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ഇതാദ്യമായാണ്. അണ്ണാദുരൈ, കരുണാനിധി, എംജിആർ, ജയലളിത, സ്റ്റാലിൻ തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ പതിറ്റാണ്ടുകൾ നീണ്ട ഭരണത്തുടർച്ചയ്ക്കാണ് മാറ്റം വരുന്നത്.
നിലവിലെ പ്രതിസന്ധി പരിഹരിച്ച് ഉടൻ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് പ്രതീക്ഷ. കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കും എന്ന സൂചനയുമുണ്ട്. നിലവിൽ ഉപാധികളില്ലാത്ത പിന്തുണയാണ് കോൺഗ്രസ് നൽകുന്നത് എന്നാണ് റിപ്പോർട്ട്. ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികൾ മുന്നണിയിലില്ലാത്തതിനാൽ ടി വി കെയെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയാണ് കോൺഗ്രസ് വിജയ്ക്കൊപ്പം ചേർന്നത്.
തമിഴ്‌നാട്ടിലെ യുവാക്കള്‍ക്ക് വേണ്ടി ടിവികെയെ പിന്തുണയ്ക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. ‘വിജയ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കത്തയച്ചിരുന്നു, അതിനാല്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രത്യേകിച്ച് യുവാക്കളുടെ താത്പര്യത്തെ മുന്‍നിര്‍ത്തി ടിവികെയെ പിന്തുണയ്ക്കുന്നു’ എന്നായിരുന്നു പ്രസ്താവനയിൽ വ്യക്തമാക്കിയത്.
English Summary:
Tamil Nadu TVK Government Formation Updates, Governor Rajendra Vishwanath Arlekar asked actor-politician C. Joseph Vijay to prove he has an absolute majority. Vijay’s party, Tamilaga Vettri Kazhagam, emerged as the single largest party but is still short of the required 118 seats in the Assembly.