Viral News: 85 ലക്ഷത്തിന് മോമോസ് വേണം? കച്ചവടക്കാരന് സ്വർണം നൽകി കുട്ടി, സംഭവിച്ചത്
85 Lakh Gold For Momos: മോമോസിനോടുള്ള ഒരു കുട്ടിയുടെ ഇഷ്ടം മുതലെടുത്ത് കച്ചവടക്കാർ തട്ടിയെടുത്തത് 85 ലക്ഷം രൂപയുടെ സ്വർണം. മോമോസ് കട നടത്തുന്ന മൂന്നുപേർ ചേർന്ന് ഏഴാം ക്ലാസ്സുകാരനെ പ്രലോഭിപ്പിച്ചാണ് വീട്ടിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കൈക്കലാക്കിയത്.
ലഖ്നൗ: വെറും ഒരു പ്ലേറ്റ് മോമോസിന് എത്ര വില വരും? ഉത്തർപ്രദേശിലെ ദിയോറിയ നഗരത്തിൽ നിന്നുള്ള ഈ വാർത്ത കേട്ടാൽ നിങ്ങൾ ഞെട്ടും. മോമോസിനോടുള്ള ഒരു കുട്ടിയുടെ ഇഷ്ടം മുതലെടുത്ത് കച്ചവടക്കാർ തട്ടിയെടുത്തത് 85 ലക്ഷം രൂപയുടെ സ്വർണം. മോമോസ് കട നടത്തുന്ന മൂന്നുപേർ ചേർന്ന് ഏഴാം ക്ലാസ്സുകാരനെ പ്രലോഭിപ്പിച്ചാണ് വീട്ടിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കൈക്കലാക്കിയത്. വീട്ടുകാർ വിവരം അറിഞ്ഞപ്പോഴേക്കും കച്ചവടക്കാർ കിട്ടിയ സ്വർണവുമായി കടന്നുകളയുകയും ചെയ്തു.
സംഭവം ഇങ്ങനെ
വാരണാസിയിലെ ക്ഷേത്ര പൂജാരിയായ വിമലേഷിൻ്റെ മകനാണ് തട്ടിപ്പിന് ഇരയായ ഏഴാം ക്ലാസുകാരൻ. നഗരത്തിൽ മോമോസ് കട നടത്തുന്ന മൂന്നുപേർ ചേർന്നാണ് കുട്ടിയെ വലയിലാക്കിയത്. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കൊണ്ടുവന്നു നൽകിയാൽ സൗജന്യമായി മോമോസ് നൽകാമെന്ന് ഇവർ കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പ്രലോഭനത്തിൽ വീണുപോയ പന്ത്രണ്ടുകാരൻ വീട്ടുകാർ അറിയാതെ പലപ്പോഴായി ലോക്കറിൽ നിന്ന് ആഭരണങ്ങൾ കടത്തി ഇവരിലേക്ക് എത്തിച്ചു.
ALSO READ: 18 കോടിയുടെ സ്വര്‍ണാഭരണം കവര്‍ന്ന് ദമ്പതികള്‍; വലവിരിച്ച് പോലീസ്
പുറത്തുവന്നത് വൻ തട്ടിപ്പ്
വിമലേഷിൻ്റെ സഹോദരി ആഭരണങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് സത്യം പുറത്തറിയുന്നത്. പിന്നാലെ ഇവർ വീട്ടിലെ ലോക്കർ പരിശോധിച്ചപ്പോഴാണ് 85 ലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം വിമലേഷ് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ്റെ പ്രവർത്തിയും കടക്കാരുടെ നാടകീയമായ തട്ടിപ്പും പുറത്തുവന്നത്. തൻ്റെ മകൻ്റെ നിഷ്കളങ്കത മുതലെടുത്ത് മോമോസ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുറ്റം ചെയ്യിപ്പിക്കുകയായിരുന്നു ഇവർ എന്ന് വിമലേഷ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ കട നടത്തിയിരുന്നവർ ഒളിവിലാണ്.