S Keerthana: തമിഴ്‌നാട്ടില്‍ ചരിത്രം പിറന്നു; ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ചുമതലയേറ്റു; ആരാണ് എസ് കീര്‍ത്തന
Meet S Keerthana The 29 Year Old Minister in Vijay’s TVK Government: ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ-എഐഎഡിഎംകെ ഇതര സര്‍ക്കാര്‍ ഉണ്ടാകുന്നത്. വിജയിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ സര്‍ക്കാര്‍ യുവാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എസ് കീര്‍ത്തനയെ പോലുള്ള മന്ത്രിമാര്‍.
ചെന്നൈ: ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും തമിഴ്‌നാട്ടില്‍ ഉണ്ടായിരിക്കുകയാണ്. വെറും 29 വയസുമാത്രം പ്രായമുള്ള എസ് കീര്‍ത്തനയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ മന്ത്രിസഭയിലേക്കെത്തുന്ന ഇവര്‍ സംസ്ഥാനത്തെ വിരുദുനഗര്‍ ജില്ലയിലെ ശിവകാശി നിയമസഭ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്.
ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ-എഐഎഡിഎംകെ ഇതര സര്‍ക്കാര്‍ ഉണ്ടാകുന്നത്. വിജയിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ സര്‍ക്കാര്‍ യുവാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എസ് കീര്‍ത്തനയെ പോലുള്ള മന്ത്രിമാര്‍.
ഇന്ന് തമിഴ്‌നാടിന്റെയും സംസ്ഥാനത്തെ പൊതുജനങ്ങളുടെയും, എല്ലാവരും കാത്തിരുന്ന നിമിഷമാണ് എന്ന് പറഞ്ഞുകൊണ്ട് കീര്‍ത്തന നിയമസഭയിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന പൊതുസമ്മേളനത്തില്‍ ഹിന്ദിയില്‍ സംസാരിച്ച എസ് കീര്‍ത്തന എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തന്റെ നേതാവിന്റെ സന്ദേശം കൂടുതല്‍ ആളുകള്‍ക്ക് മനസിലാകാനും അവരുടെ ബന്ധപ്പെടാനും ആണ് ഈ ഭാഷ തിരഞ്ഞെടുക്കുന്നതെന്നായിരുന്നു അവരുടെ വിശദീകരണം.
എസ് കീര്‍ത്തന എന്ന രാഷ്ട്രീയ പ്രവര്‍ത്തക
സജീവ രാഷ്ട്രീയത്തിലേക്ക് കടക്കും മുമ്പ് തന്നെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചയാളാണ് കീര്‍ത്തന. തമിഴ്‌നാടിന്റെ താഴെത്തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധിച്ചിരുന്ന അവര്‍, ടിവികെയുടെ രൂപീകരണ ഘട്ടങ്ങളില്‍ തന്നെ ഭാഗമായിരുന്നു.
യുവജന സമാഹരണം, നിയോജകമണ്ഡലതല ആസൂത്രണം, സോഷ്യല്‍ മീഡിയ ക്യാമ്പെയിനിങ് എന്നിവയിലൂന്നിയായിരുന്നു അവരുടെ പ്രവര്‍ത്തനം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് കീര്‍ത്തന കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നത്.
മന്ത്രിസഭയിലേക്കുള്ള കീര്‍ത്തനയുടെ വരവ് വിവിധ കാരണങ്ങളാല്‍ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി മാത്രമല്ല അവര്‍, സര്‍ക്കാര്‍ രൂപീകരണത്തിന്റെ ആദ്യ ഘട്ടം മുതല്‍ പ്രവര്‍ത്തിച്ച വ്യക്തിയും സര്‍ക്കാരിന്റെ ആദ്യ ഘട്ട സത്യപ്രതിജ്ഞയിലൂടെ മന്ത്രിമാരാകുന്ന ഒമ്പത് പേരില്‍ ഒരാള്‍ കൂടിയാണ്.
Also Read: C Joseph Vijay: സി ജോസഫ് വിജയ് എന്ന നാൻ, മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
തലമുറമാറ്റം തന്നെയാണ് ടിവികെ കീര്‍ത്തനയെ പോലുള്ളവരിലൂടെ നടപ്പാക്കുന്നത്. സ്ത്രീകളുടെ പ്രാധിനിത്യം ഉറപ്പാക്കാനും വിജയ് ഇതിലൂടെ ശ്രമിക്കുന്നു. യുവ പ്രൊഫഷണലുകള്‍ക്കും ആദ്യമായി രാഷ്ട്രീയത്തിലേക്ക് വരുന്നവര്‍ക്ക് നേതൃപാടവം നല്‍കികൊണ്ടാണ് വിജയ് മുന്നോട്ട് പോകുന്നത്.
കീര്‍ത്തനയ്‌ക്കൊപ്പം കെഎ സെങ്കോട്ടയ്യന്‍, എന്‍ ആനന്ദ്, ആധവ് അര്‍ജുന, കെജി അനുരാജ്, പി വെങ്കിട്ടരമണന്‍, ആര്‍ നിര്‍മ്മല്‍ കുമാര്‍, രാജ്‌മോഹന്‍, ടികെ പ്രഭു തുടങ്ങിയവരും കീര്‍ത്തനയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ ഉള്‍പ്പെടുന്നു.
കീര്‍ത്തനയുടെ കുടുംബം
വിരുദുനഗര്‍ ജില്ലയിലെ താമസക്കാരനായ സമ്പത്തിന്റെ മകളാണ് കീര്‍ത്തന. മധുരൈ കാമരാജ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബി എസ് സി പൂര്‍ത്തിയാക്കിയ അവര്‍ 2019 ല്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ എം എസ് സിയില്‍ ബിരുദാനന്തര ബിരുദം നേടി.
അതേസമയം, കോണ്‍ഗ്രസ്, സിപിഐ, സിപിഐഎം, വിസികെ ഐയുഎംഎല്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്‍ബലത്തോടെയാണ് ടിവികെ അധികാരത്തിലേക്ക് എത്തിയിരിക്കുന്നത്. പൂര്‍ണമായൊരു ഭരണമാറ്റം തന്നെയാണ് തമിഴ് ജനത വിജയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
English Summary
S Keerthana, the 29-year-old MLA from Sivakasi, has emerged as the youngest and one of the most talked-about ministers in Vijay’s TVK-led government in Tamil Nadu.