മുഖ്യമന്ത്രിക്ക് നാളെ രാവിലെ ആറിന് ഗൃഹപ്രവേശം! ഇനി താമസം ക്ലിഫ് ഹൗസിൽ
CM VD Satheesan to Cliff House: കേരള മുഖ്യമന്ത്രി വിഡി സതീശൻ നാളെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. നിലവിൽ അദ്ദേഹം പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് താമസിക്കുന്നത്. മുൻപ് പ്രതിപക്ഷനേതാവായിരുന്നപ്പോൾ കന്റോൺമെന്റ് ഹൗസിൽ താമസം തുടങ്ങിയ അദ്ദേഹം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഇതുവരെ ക്ലിഫ് ഹൗസിലേക്ക് മാറിയിരുന്നില്ല.
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി വിഡി സതീശൻ നാളെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. നിലവിൽ അദ്ദേഹം പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് താമസിക്കുന്നത്. മുൻപ് പ്രതിപക്ഷനേതാവായിരുന്നപ്പോൾ കന്റോൺമെന്റ് ഹൗസിൽ താമസം തുടങ്ങിയ അദ്ദേഹം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഇതുവരെ ക്ലിഫ് ഹൗസിലേക്ക് മാറിയിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നേരത്തെ തന്നെ ക്ലിഫ് ഹൗസ് ഒഴിഞ്ഞെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടത്താനുണ്ടായിരുന്നതിനാൽ പുതിയ മുഖ്യമന്ത്രിയുടെ ഗൃഹപ്രവേശനം വൈകുകയായിരുന്നു. നാളെ രാവിലെ ആറിന് സതീശൻ ക്ലിഫ് ഹൗസിലേക്ക് താമസം മാറും.
സ്ഥാനമേറ്റെടുത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറാത്തതും അതിനാൽ നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയന് ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് മാറാൻ കഴിയാത്തതും ഏറെ ചർച്ചയായിരുന്നു. അറ്റകുറ്റപ്പണി മൂലമാണ് താമസം മാറാൻ വൈകിയത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ALSO READ: ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നു; പൊതുമേഖല സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി
പൊതുമരാമത്ത് വകുപ്പാണ് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്തും ക്ലിഫ് ഹൗസിന് അറ്റകുറ്റപ്പണി ആവശ്യമായിരുന്നുവെങ്കിലും അതിന് പണം ചെലവഴിക്കുന്നത് ധൂർത്തായി ചിത്രീകരിക്കപ്പെടുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു, അതിനാൽ പിണറായി വിജയൻ അറ്റകുറ്റപ്പണിക്ക് മുതിർന്നില്ല. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിയുമായി മുന്നോട്ട് പോയി.
നാളെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറുമെങ്കിലും അറ്റകുറ്റപ്പണികൾ പൂർണ്ണമായി പൂർത്തിയായിട്ടില്ല എന്ന ചില സൂചനകളും ഉണ്ട്. മുഖ്യമന്ത്രി കന്റോൺമെന്റ് ഹൗസിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് താമസം മാറിയാലേ നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയന് ഔദ്യോഗിക വസതി ലഭിക്കൂ. സതീശൻ മാറിയാലും കന്റോൺമെന്റ് ഹൗസിലേക്ക് പിണറായിക്ക് ഉടനേ മാറാനാകുമോയെന്ന് വ്യക്തമല്ല.
കാരണം മറ്റ് മന്ത്രിമന്തിരങ്ങളിൽ നടന്നതുപോലെ കന്റോൺമെന്റ് ഹൗസിലും അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ പിണറായിയുടെ താമസം മാറ്റം ഇനിയും വൈകും. നിലവിൽ അദ്ദേഹം തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്താണ് കുടുംബവുമൊത്ത് താമസിച്ചുവരുന്നത്. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക പത്രസമ്മേളനങ്ങൾ പലപ്പോഴും ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ നടക്കാറുണ്ട്. എന്നാൽ വീട് ലഭിക്കാഞ്ഞതിനാൽ പിണറായി വിജയൻ എകെജി സെന്ററിൽ വാർത്താസമ്മേളനം വിളിക്കേണ്ട സാഹചര്യവും ഇതിനകം ഉണ്ടായി.
ക്ലിഫ് ഹൗസ്
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. തിരുവനന്തപുരം നന്തൻകോട് മൊത്തം 6 ഏക്കർ 25 സെന്റിലാണ് ക്ലിഫ് ഹൗസ് സ്ഥിതിചെയ്യുന്നത്. 15,000 ചതുരശ്ര അടിയാണ് ക്ലിഫ് ഹൗസിന്റെ വലുപ്പം. ടൂറിസം വകുപ്പാണ് ഇത് പരിപാലിക്കുന്നത്. നീന്തൽക്കുളം, തൊഴുത്ത് ഉൾപ്പെടെയുള്ളവ ഇവിടെയുണ്ട്.
English Summary
Kerala Chief Minister VD Satheesan will move into his official residence, Cliff House, tomorrow. He is currently staying in the official residence of the Leader of the Opposition, Cantonment House. He had previously moved into Cantonment House when he was the Leader of the Opposition, but had not yet moved into Cliff House even after being elected as the Chief Minister. The move was delayed because of renovation work to be done at Cliff House. Satheesan’s move into Cliff House is scheduled for 6 am tomorrow.