എന്തുകൊണ്ട് ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ! ഒറ്റവരിയിൽ രമ്യ ഹരിദാസിനെ നാണംകെടുത്തി റിജിൽ മാക്കുറ്റി
Ramya Haridas MLA Chirayankeezhu Issue- Rijil Makutty Facebook post: ചിറയിൻകീഴ് സംഭവത്തിൽ പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ നിബന്ധന നിലനിൽക്കെ, രമ്യ ഹരിദാസിനെ ഒറ്റ വരിയിൽ തീർത്തും നാണം കെടുത്തിയ പോസ്റ്റുമായി കണ്ണൂരിലെ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്തെത്തി. രമ്യ ഹരിദാസിന്റെ പേര് പറഞ്ഞില്ലെങ്കിലും ഈ പോസ്റ്റ് ലക്ഷ്യം വയ്ക്കുന്നതും കൊള്ളുന്നതും രമ്യ ഹരിദാസ് എംഎൽഎയെ ആണ് എന്നത് പകൽ പോലെ വ്യക്തം.
കണ്ണൂർ: ചിറയൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളി കോൺഗ്രസ് നേതൃതലത്തിലേക്കും വ്യാപിക്കുന്നു. ചിറയിൻകീഴ് സംഭവത്തിൽ പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ നിബന്ധന നിലനിൽക്കെ, രമ്യ ഹരിദാസിനെ ഒറ്റ വരിയിൽ തീർത്തും നാണം കെടുത്തിയ പോസ്റ്റുമായി കണ്ണൂരിലെ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്തെത്തി. ”എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ!” എന്നായിരുന്നു തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച ഒറ്റവരി കുറിപ്പിൽ മാക്കുറ്റി പറഞ്ഞത്. രമ്യ ഹരിദാസിന്റെ പേര് പറഞ്ഞില്ലെങ്കിലും ഈ പോസ്റ്റ് ലക്ഷ്യം വയ്ക്കുന്നതും കൊള്ളുന്നതും രമ്യ ഹരിദാസ് എംഎൽഎയെ ആണ് എന്നത് പകൽ പോലെ വ്യക്തം.
ചിറയൻകീഴിലെ സംഘർഷം കോൺഗ്രസിന് കൂടുതൽ ഡാമേജ് ഉണ്ടാക്കുന്നതിന് മുൻപ് ഒതുക്കിത്തീർക്കാൻ നേതൃത്വം ശ്രമങ്ങൾ ആരംഭിച്ചിരിക്കെയാണ്, എരിതീയിൽ എണ്ണയെന്ന പോലെ രമ്യക്ക് എതിരേ മാക്കുറ്റിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ കടുത്ത വിമർശനമാണ് പ്രവർത്തകർ രമ്യക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസിനുള്ളിൽ രമ്യക്ക് എതിരേ വികാരം ഉണ്ട് എന്ന നിലയ്ക്കാണ് മാക്കുറ്റിയുടെ തുറന്ന പ്രതികരണം സൂചിപ്പിക്കുന്നത്.
ALSO READ: വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനക്ക് ഉപാധികളോടെ ജാമ്യം
കോൺഗ്രസിൻ്റെ യുവ നേതാവായ റിജിൽ മാക്കുറ്റി, കണ്ണൂർ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയാണ്. രമ്യ ഹരിദാസിനെതിരേ പ്രവർത്തകർക്കിടയിലുള്ള പൊതു വികാരം മുതിർന്ന നേതാക്കൾക്കും ഉണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. മാക്കുറ്റി നടത്തിയതുപോലുള്ള വിമർശനങ്ങളുമായി കൂടുതൽ നേതാക്കൾ രംഗത്തുവന്നാൽ കോൺഗ്രസിന് അത് കൂടുതൽ നാണക്കേടാകും എന്ന് വിലയിരുത്തപ്പെടുന്നു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് രമ്യ ഹരിദാസ് പാർലമെന്റിലെത്തിയിരുന്നു. എന്നാൽ തുടർന്ന് പ്രവർത്തകരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ രമ്യയ്ക്ക് കഴിഞ്ഞില്ല എന്ന നിലയ്ക്കുള്ള വികാരം ആലത്തൂരിലെ അണികൾക്കിടയിൽ നിലനിൽക്കുന്നുണ്ട് എന്ന് നേരത്തെ തന്നെ സംസാരമുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 19 സീറ്റിലും യുഡിഎഫ് ജയിച്ചെങ്കിലും ആലത്തൂരിലെ സിറ്റിങ് സീറ്റിൽ രമ്യ ഹരിദാസ് പരാജയപ്പെട്ടു.
ആലത്തൂരിലെ ഈ പരാജയം ചൂണ്ടിക്കാട്ടിയാണ് റിജിൽ മാക്കുറ്റി ഇപ്പോൾ പേരെടുത്ത് പറയാതെ തന്നെ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് എതിരേ രംഗത്ത് എത്തിയത്. രമ്യക്കെതിരായ പ്രവർത്തകരുടെ വികാരം പ്രതിഫലിപ്പിക്കുന്നതാണ് മാക്കുറ്റിയുടെ എഫ്ബി പോസ്റ്റ് എന്നാണ് അണികളുടെ പക്ഷം. അതിനിടെ പ്രശ്നം കൂടുതൽ വഷളാകും മുമ്പ് പരിഹരിക്കാൻ കോൺഗ്രസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ചിറയിൻകീഴിൽ പാർട്ടി പ്രവർത്തകരും രമ്യ ഹരിദാസ് എംഎൽഎയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച എംഎം ഹസൻ്റെ നേതൃത്വത്തിലുള്ള സമിതി ഇന്ന് യോഗം ചേരും. ചിറയൻകീഴിലെ തമ്മിലടിയിൽ ഇരുപക്ഷത്തിൻ്റെയും പരാതി സമിതി പരിശോധിക്കും. രമ്യ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് ചിറയിൻകീഴിൽ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയും സമിതിയുടെ പരിഗണനയിലുണ്ട്.
ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരും രമ്യ ഹരിദാസുമായാണ് കൈയാങ്കളി ഉണ്ടായത്. സംഭവത്തിൽ രമ്യയും സജിത്തും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. ഇരുകൂട്ടരും തമ്മിലുണ്ടായ കൈയാങ്കളിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഈ വിഷയത്തിൽ പ്രദേശത്തെ യൂത്ത് കോൺഗ്രസ് നേതൃത്വം രമ്യയ്ക്ക് എതിർ പക്ഷത്താണ് ഉള്ളത്. കോൺഗ്രസ് പ്രവർത്തകർക്ക് എതിരേ എസ്‍സി, എസ്ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത് സ്ത്രീസുരക്ഷാ നിയമത്തെ രമ്യാഹരിദാസ് ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. ജില്ലാ പഞ്ചായത്തംഗം സജിത്തിനെ അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും സംസ്ഥാന നേതൃത്വത്തെ നിലപാട് അറിയിച്ചെന്നും യൂത്ത് കോൺഗ്രസ് ജില്ലാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
English Summary
The scuffle between MLA Ramya Haridas and Congress workers in Chirayinkeezhu has spread to the Congress leadership. Despite the Congress leadership’s stipulation that there should be no public reactions to the Chirayinkeezhu incident, Kannur Congress leader Rijil Makutty came forward with a post that completely embarrassed Ramya Haridas in a single line. “Why did Alathur lose even in the UDF wave, got the answer!” Makutty said in a one-line post shared on his Facebook account.