Kerala Weather Alert: മഴ സ്ഥലംവിട്ടു! കേരളം ഇനി ചുട്ടുപൊള്ളും? ജാഗ്രതാ മുന്നറിയിപ്പ്
Kerala High Temperature Advisory : കേരളത്തില്‍ ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചൂട് ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ജനം ജാഗ്രത പാലിക്കണം.
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും (സെപ്തംബര്‍ 6) നാളെയും താപനില ഉയരാന്‍ സാധ്യത. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചൂട് ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ജനം ജാഗ്രത പാലിക്കണം.
രാവിലെ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പകല്‍ പരമാവധി ഒഴിവാക്കണം.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പാദരക്ഷകള്‍ ധരിച്ചുകൊണ്ട് മാത്രം പുറത്തിറങ്ങുക. കുടയോ, തൊപ്പിയോ ഉപയോഗിക്കുക. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.
കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ഡംപിങ് യാര്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തീപിടിത്തങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും, കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരം ഇടങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവരും, സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
ചൂട് ഉയരുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനും സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍, വിനോദസഞ്ചാരികള്‍ എന്നിവരും ജാഗ്രത പുലര്‍ത്തണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് പ്രധാനം. ഇതിനായി വനംവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. അതുപോലെ, ക്ലാസ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ സ്‌കൂള്‍ അധികൃതരും, രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
മഴ സാധ്യതയുണ്ടോ?
സംസ്ഥാനത്ത് മഴ സാധ്യത പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഇന്ന് എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. പത്തനംതിട്ടി, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും തടസമില്ല.
English Summary
The Kerala State Disaster Management Authority (KSDMA) has issued a high-temperature alert due to rising heat across the state. The Meteorological Department forecasts temperatures to rise 3 to 4°C above normal on September 7 and 8, 2026. Extreme heat increases the risk of severe health issues like heatstroke, sunstroke, and dehydration. The public is strongly advised to follow official safety guidelines to stay protected.