Kerala Rain Alert: ആഗോളതലത്തിൽ ഫ്ലാഷ് ഡ്രൗട്ട് ഭീഷണി: കേരളത്തിൽ നാളെ മുതൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത
Kerala Weather Update on March 8: വായു ചൂടാകുമ്പോൾ മണ്ണിലെ ഈർപ്പം അതിവേഗം വലിച്ചെടുക്കുന്നതാണ് പെട്ടെന്നുള്ള വരൾച്ചയ്ക്ക് കാരണമാകുന്നത്. ഇത് കർഷകർക്കും സമൂഹത്തിനും മുൻകരുതൽ എടുക്കാൻ സമയം നൽകാതെ നാശനഷ്ടങ്ങൾ വരുത്തുന്നു.
കൊച്ചി: ലോകമെമ്പാടും അതിവേഗ വരൾച്ചകളുടെ വ്യാപനം വർധിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. കടുത്ത ചൂടുതരംഗത്തിന് പിന്നാലെ പെട്ടെന്നുണ്ടാകുന്ന വരൾച്ചകൾ അഥവാ കോമ്പൗണ്ട് എക്സ്ട്രീം കാലാവസ്ഥാ സംഭവങ്ങൾ ഭൂമിയിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി മാർച്ച് 17 മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദക്ഷിണകൊറിയയിലെ ഹന്യാങ് സർവകലാശാലയിലെയും ഓസ്ട്രേലിയയിലെയും ശാസ്ത്രജ്ഞർ ചേർന്ന് നടത്തിയ പഠനം സയൻസ് അഡ്വാൻസസ് ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. ഇത് അനുസരിച്ച് 1980-കളിൽ ഭൂമിയുടെ കരഭാഗത്തിന്റെ 2.5 ശതമാനത്തെ മാത്രം ബാധിച്ചിരുന്ന ഈ പ്രതിഭാസം 2023-ൽ 16.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ 22 വർഷത്തിനിടെ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളുടെ വളർച്ചാ നിരക്ക് എട്ടിരട്ടിയോളം വർധിച്ചു.
Also Read – മൂടി കെട്ടിയ അന്തരീക്ഷം, ഇടി, മിന്നൽ മഴ… നാളത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ
വായു ചൂടാകുമ്പോൾ മണ്ണിലെ ഈർപ്പം അതിവേഗം വലിച്ചെടുക്കുന്നതാണ് പെട്ടെന്നുള്ള വരൾച്ചയ്ക്ക് കാരണമാകുന്നത്. ഇത് കർഷകർക്കും സമൂഹത്തിനും മുൻകരുതൽ എടുക്കാൻ സമയം നൽകാതെ നാശനഷ്ടങ്ങൾ വരുത്തുന്നു.
കേരളത്തിൽ നാളെ മുതൽ മഴ
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ.എം.ഡി അറിയിച്ചു. മാർച്ച് 17-ന് ശേഷം മഴ കൂടുതൽ ശക്തമാകും. ആദ്യഘട്ടത്തിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ചയോടെ എല്ലാ ജില്ലകളിലും മഴ വ്യാപിക്കാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷവും വൈകുന്നേരങ്ങളിലുമാണ് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത.
നിലവിൽ സംസ്ഥാനത്ത് പ്രളയസാധ്യതയില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ നഗരപ്രദേശങ്ങളിൽ ഓവുചാലുകൾ ശുചീകരിക്കാത്ത പക്ഷം ചെറിയ വെള്ളക്കെട്ടുകൾ ഉണ്ടായേക്കാം. വേനൽക്കാല യാത്രകൾ നടത്തുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ പെട്ടെന്നുണ്ടാകുന്ന മഴവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ അരുവികളിലും തോടുകളിലും ഇറങ്ങുന്നത് അപകടകരമാണ്. താഴ്ന്ന പ്രദേശങ്ങളിൽ മഴയില്ലെങ്കിലും മലമുകളിൽ പെയ്യുന്ന മഴ അപകടമുണ്ടാക്കിയേക്കാം.