2499 വേണ്ട, വെറും 538 രൂപയ്ക്ക് വേളാങ്കണ്ണിയിൽ പോകാം; പ്രൈവറ്റ് ബസുകളുടെ ചീട്ട് വീണ്ടും കീറി KSRTC
KSRTC Trivandrum-Velankanni service: തീർഥാടകർക്ക് കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി തിരുവനന്തപുരത്ത് നിന്ന് പുതിയ വേളാങ്കണ്ണി സർവീസ് ആരംഭിക്കുന്നു. ജൂലൈ 3 വെള്ളിയാഴ്ചയാണ് സർവീസിന്റെ ഉദ്ഘാടനം. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം നാലരയോടെയാണ് തിരുവനന്തപുരത്ത് നിന്നും വേളാങ്കണ്ണിയിലേക്കുള്ള സർവീസ് പുറപ്പെടുക. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നിന് തിരികെ സർവീസ് പുറപ്പെടും.
തിരുവനന്തപുരം: വേളാങ്കണ്ണി തീർഥാടകർക്ക് കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി (KSRTC) തിരുവനന്തപുരത്ത് നിന്ന് പുതിയ സർവീസ് ആരംഭിക്കുന്നു. സ്വകാര്യ ബസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിൽ എത്താം എന്നതാണ് ഈ പുതിയ കെഎസ്ആർടിസി സർവീസിന്റെ പ്രധാന പ്രത്യേകത. പ്രിയദർശിനി സൗജന്യ യാത്രയിലൂടെ ഇതിനകം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത പ്രതിസന്ധി കെഎസ്ആർടിസി ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ ഈ പുതിയ സർവീസ് ആരംഭിക്കുമ്പോൾ അതും വൻ തിരിച്ചടിയാകുക സ്വകാര്യ ബസുകൾക്കാകും എന്ന് വിലയിരുത്തപ്പെടുന്നു. കാരണം സ്വകാര്യ ബസുകളെക്കാൾ വളരെ കുറഞ്ഞ നിരക്കാണ് ഈ പുതിയ സർവീസിന് ഉള്ളത്.
തിരുവനന്തപുരം – വേളാങ്കണ്ണി സർവീസ്
ഈ വെള്ളിയാഴ്ചയാണ് സർവീസിന്റെ ഉദ്ഘാടനം. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം നാലരയോടെയാണ് തിരുവനന്തപുരത്ത് നിന്നും വേളാങ്കണ്ണിയിലേക്കുള്ള സർവീസ് പുറപ്പെടുക. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നിന് തിരികെ സർവീസ് പുറപ്പെടും. നെയ്യാറ്റിൻകര ഡിപ്പോയ്ക്കാണ് സർവീസിന്റെ ചുമതല നൽകിയിരിക്കുന്നത്. 538 രൂപയാണ് ഈ സർവീസിന്റെ ടിക്കറ്റ് നിരക്ക്.
Also Read: ഭൂട്ടാൻ കാർ കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യംചെയ്തു
സർവീസ് റൂട്ട്
തിരുവനന്തപുരം, പാപ്പനംകോട്, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, തിരിച്ചിപ്പള്ളി, തഞ്ചാവൂർ, എന്നീ പ്രധാന നഗരങ്ങളിലൂടെ ആണ് ഈ ബസ് സർവീസ് വേളാങ്കണ്ണിയിലേക്ക് എത്തുക. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഇതിന്റെ ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.
നിരക്ക് വ്യത്യാസം
സ്വകാര്യ സർവീസുകൾ ബസുകളുടെ വിവിധ മോഡലുകൾ അനുസരിച്ച് 800 രൂപ മുതൽ 2499 രൂപ വരെ വിവിധ നിരക്കുകൾ ആണ് വേളാങ്കണ്ണി യാത്രയ്ക്ക് ഈടാക്കുന്നത്. എന്നാൽ തിരുവനന്തപുരം- വേളാങ്കണ്ണി സർവീസിനെത്തുന്ന പുതിയ കെഎസ്ആർടിസി ബസിന്റെ നിരക്ക് വെറും 538 രൂപ മാത്രമാണ് എന്നത് ശ്രദ്ധേയമാണ്.
യാത്രക്കാർക്ക് ആശ്വാസം
കേരളത്തിൽ നിന്ന് നിരവധി പേർ പ്രസിദ്ധ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിക്ക് പോകാറുണ്ട്, എന്നാൽ നിലവിൽ സ്വകാര്യ ബസ് മാത്രം കൂടിയ നിരക്കിൽ സർവീസ് നടത്തുന്ന ഈ റൂട്ടിൽ കെഎസ്ആർടിസി എത്തുന്നതോടെ യാത്രക്കാർക്ക് യാത്രാ ചെലവ് കുറയും അതോടൊപ്പം യാത്രാ സൗകര്യം വർധിക്കുകയും ചെയ്യും.
വേളാങ്കണ്ണി സർവീസ്
നിലവിൽ ചങ്ങനാശേരിയിൽ നിന്ന് കെഎസ്ആർടിസിക്ക് വേളാങ്കണ്ണി സർവീസ് ഉണ്ട്. സൂപ്പർ ഡീലക്സ് ബസാണ് ഈ റൂട്ടിൽ ഓടുന്നത്, 890 രൂപയാണ് അതിന്റെ നിരക്ക്. വർഷങ്ങളായി ഇവിടുന്ന് വേളാങ്കണ്ണി സർവീസ് നടത്തുന്നുണ്ട്. നേരത്തെ ചങ്ങനാശേരിയിൽ നിന്നുള്ള സർവീസ് ദിവസവും ഉണ്ടായിരുന്നെങ്കിലും അടുത്തിടെ അത് വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലേക്ക് ചുരുക്കിയിരുന്നു.
ചങ്ങനാശേരി വേളാങ്കണ്ണി സർവീസ്
ഉച്ചയ്ക്കു ശേഷം 2.30ന് ആണ് ചങ്ങനാശേരിയിൽ നിന്നുള്ള വേളാങ്കണ്ണി സർവീസ് ആരംഭിച്ചിരുന്നത്. ചങ്ങനാശേരി, കോട്ടയം, പാലാ, തൊടുപുഴ, തൃശൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഡിണ്ടിഗൽ, തഞ്ചാവൂർ വഴിയാണ് ഇത് വേളാങ്കണ്ണിയിലെത്തുന്നത്. ഒരു കിലോമീറ്ററിനു 40 രൂപയിൽ താഴെ വരുമാനമുള്ള സർവീസുകൾ കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നേരത്തെ ദിവസവും ഉണ്ടായിരുന്ന ഈ സർവീസ് നിശ്ചിത ദിവസങ്ങളിലേക്ക് മാത്രം ചുരുക്കിയത് എന്നാണ് അധികൃതർ വിശദീകരിച്ചത്.
English Summary
KSRTC is starting a new service from Thiruvananthapuram to provide more travel facilities to Velankanni pilgrims. The service will be inaugurated on Friday, July 3. The service from Thiruvananthapuram to Velankanni will depart at 4:30 pm on Fridays and Saturdays. The return service will depart at 3 pm on Saturdays and Sundays.