AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

നെഹ്റു ട്രോഫി വള്ളംകളി 2026: വീയപുരമോ, നടുഭാഗമോ, മേൽപ്പാടനോ, അ‌രോമയോ; പുന്നമടയുടെ രാജാവിനെ ഉടനറിയാം

Nehru Trophy Boat Race 2026: 72-ാം നെഹ്റു ട്രോഫി വള്ളം കളിയിൽ ആറ് ഹീറ്റ്സുകളിലായി നടന്ന പ്രാഥമിക മത്സരത്തിൽ മികച്ച സമയം കണ്ടെത്തിയ വീയപുരം (യുബിസി കൈനകരി എഫ്സി), മേൽപാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നടുഭാഗം (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്), അരോമ (അരോമ ബോട്ട് ക്ലബ്) ചുണ്ടനുകൾ ​ഫൈനലിലേക്ക് യോഗ്യത നേടി.

നെഹ്റു ട്രോഫി വള്ളംകളി 2026: വീയപുരമോ, നടുഭാഗമോ, മേൽപ്പാടനോ, അ‌രോമയോ; പുന്നമടയുടെ രാജാവിനെ ഉടനറിയാം
Nehru Trophy Boat Race 2026Image Credit source: youtube
Prasanth Kumar
Prasanth Kumar | Updated On: 22 Aug 2026 | 05:35 PM

പുന്നമടയുടെ ഓളങ്ങളെ കോരിത്തരിപ്പിച്ച് ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന കേരളത്തിന്റെ സ്വന്തം ജലമാമാങ്കം, 72-ാം നെഹ്റു ട്രോഫി വള്ളം കളിയിൽ കരുത്തുകാട്ടി ചുണ്ടൻ വള്ളങ്ങൾ. ആറ് ഹീറ്റ്സുകളിലായി നടന്ന പ്രാഥമിക മത്സരത്തിൽ മികച്ച സമയം കണ്ടെത്തിയ വീയപുരം (യുബിസി കൈനകരി എഫ്സി), മേൽപാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നടുഭാഗം (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്), അരോമ (അരോമ ബോട്ട് ക്ലബ്) ചുണ്ടനുകൾ ​ഫൈനലിലേക്ക് യോഗ്യത നേടി.

അരോമ ചുണ്ടൻ

അരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഈ വർഷം നീരണിഞ്ഞ വള്ളമാണ് അരോമ ചുണ്ടൻ. 132 അടി നീളവും 64 ഇഞ്ച് വീതിയും ഇതിനുണ്ട്. അരോമ ബോട്ട് ക്ലബ്ബാണ് ഇത്തവണ അരോമ ചുണ്ടനിൽ തുഴയുന്നത്. ആദ്യ സീസണിൽ തന്നെ നെഹ് റു ട്രോഫിയുടെ ​​ഫൈനലിൽ എത്താൻ കഴിഞ്ഞത് അ‌രോമ ചുണ്ടനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ഇത്തവണത്തെ ചമ്പക്കുളം വള്ളംകളി വിജയി അ‌രോമ ചുണ്ടനായിരുന്നു.

നടുഭാഗം ചുണ്ടൻ

നെഹ്റു ട്രോഫി കേരളത്തിന്റെ അഭിമാനമാണെങ്കിൽ ഈ അ‌ഭിമാന മാമാങ്കത്തിന്റെ ചരിത്രത്തിലുടനീളം കാണാവുന്ന പേരാണ് നടുഭാഗം ചുണ്ടന്റേത്. 1952ൽ പ്രഥമ നെഹ്റു ട്രോഫി വള്ളംകളിയിൽ ഈ ചുണ്ടനാണു വിജയിച്ചത്. അന്ന് അതിഥിയായെത്തിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ഈ ചുണ്ടനിൽ കയറി കായലിൽ സഞ്ചരിച്ചതും മറ്റും ചരിത്രത്തിന്റെ ഭാഗം. ഇത്തവണ പിബിസി പുന്നമടയും എൻസിഎഫ്സി (നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്) ബോട്ട് ക്ലബ്ബും ചേർന്നാണ് ഈ വള്ളം തുഴഞ്ഞത്.

വീയപുരം ചുണ്ടൻ

നിലവിലെ നെഹ്റു ട്രോഫി ജേതാക്കളായ വീയപുരം ചുണ്ടൻ ഇത്തവണ യുബിസി കൈനകരിയുടെ ​കൈക്കരുത്തിലാണ് ​ഫൈനലിലേക്ക് കുതിച്ചുകയറിയത്. 2023ൽ കിരീടം നേടിയ ശേഷം ഒരു വർഷത്തെ ഇടവേളയിൽ 2025ലും വീയപുരം ചുണ്ടൻ നെഹ്റു ട്രോഫി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിനൊപ്പം നെഹ്റു ട്രോഫിയും ചാംപ്യൻസ് ബോട്ട് ലീഗ് കിരീടവും ചുണ്ടൻ സ്വന്തമാക്കിയിരുന്നു. 2019ൽ നീരണിഞ്ഞ ഈ വള്ളത്തിന് 127 അടി നീളവും 56 ഇഞ്ച് വീതിയുമുണ്ട്.

മേൽപ്പാടം ചുണ്ടൻ

നെഹ്റു ട്രോഫിയിൽ അ‌ഭിമാനകരമായ നിരവധി വിജയങ്ങൾ സ്വന്തമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കരുത്തിലാണ് മേൽപ്പാടം ചുണ്ടൻ നെഹ്റു ട്രോഫിക്ക് എത്തിയത്. തുടർച്ചയായി 5 നെഹ്റു ട്രോഫിയും 4 സിബിഎൽ കിരീടവും നേടിയ പാരമ്പര്യവും പിബിസിക്ക് ഉണ്ട്. 2024ൽ ആണ് ഈ ചുണ്ടൻ നീറ്റിലിറങ്ങിയത്. 128 അടി നീളവും 64 ഇഞ്ച് വീതിയും ഇതിനുണ്ട്.

ഹീറ്റ്സ് വിജയികൾ

ആറ് ഹീറ്റ്സുകളിലായി 22 ചുണ്ടൻ വള്ളങ്ങൾ ഇത്തവണ നെഹ്റു ട്രോഫി വള്ളംകളിയിൽ തുഴയെറിയാനെത്തി. അ‌തിൽ ​ഒന്നാം ഹീറ്റ്സിൽ വിജയിയായത് യുബിസി കൈനകരി എഫ്സി തുഴഞ്ഞ വീയപുരം ചുണ്ടൻ ആണ്. തലവടി ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി), കരുവാറ്റ ശ്രീവിനായകൻ ചുണ്ടൻ ( കെടിബിസി ഫാൻസ് ക്ലബ്), ആയാപറമ്പ് പാണ്ടി ചുണ്ടൻ (ഐബിആർഎ കൊച്ചിൻ) എന്നിവയാണ് ​ഒന്നാം ഹീറ്റ്സിൽ പങ്കെടുത്ത മറ്റ് ചുണ്ടൻ വള്ളങ്ങൾ.

ALSO READ: 300 രൂപയുടെ സദ്യ കിട്ടാൻ 3000 മുതൽ 5000 രൂപ വരെ! ആറന്മുള വള്ളസദ്യയുടെ പേരിൽ വമ്പൻ തട്ടിപ്പ്

രണ്ടാം ഹീറ്റ്സിൽ ട്രാക്ക് 1-ൽ ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടൻ (വലിയ ദിവാൻജി ബോട്ട് ക്ലബ്), ട്രാക്ക് 2-ൽ ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്), ട്രാക്ക് 3-ൽ ജവാഹർ തായങ്കരി ചുണ്ടൻ (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്), ട്രാക്ക് 4-ൽ വെള്ളംകുളങ്ങര ചുണ്ടൻ (എസ്എച്ച് ബോട്ട് ക്ലബ്) എന്നിവ മാറ്റുരച്ചു. ഇതിൽ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ആണ് വിജയിച്ചത്.

മൂന്നാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടൻ (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്), പായിപ്പാടൻ 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) എന്നിവ മത്സരിച്ചതിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ​കൈക്കരുത്തിൽ മേൽപാടം ചുണ്ടൻ ആണ് ഒന്നാമത് എത്തിയത്.

നാലാം ഹീറ്റ്സിൽ സെന്റ് പയസ് ടെൻത് ചുണ്ടൻ (സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്), കാരിച്ചാൽ ചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്), ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്), അരോമ ബോട്ട് ക്ലബ് (അരോമ ചുണ്ടൻ) എന്നീ നാല് വള്ളങ്ങൾ മത്സരിച്ചതിൽ അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടൻ ഹീറ്റ്സ് വിജയിയായി.

അ‌ഞ്ചാം ഹീറ്റ്സിൽ നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്), പുണ്യാളൻ നിരണം ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്), ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം) എന്നിവയാണ് മത്സരിച്ചത്. ഇതിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ ഒന്നാമത് എത്തി.

ആറാം ഹീറ്റ്സിൽ കരുവാറ്റ ചുണ്ടൻ (ജിഎൽസി ബോട്ട് ക്ലബ് ചെറുതന), ആലപ്പാടൻ ചുണ്ടൻ (സെന്റ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര), ആനാരി ചുണ്ടൻ (ആനാരി ബോട്ട് ക്ലബ്) എന്നിവയാണ് മത്സരിച്ചത്. ഇതിൽ ആനാരി ബോട്ട് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ഒന്നാമത് എത്തി. ആറ് ഹീറ്റ്സുകളിൽ മത്സരിച്ച വള്ളങ്ങളിൽ നിന്ന് ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ് ചെയ്ത നാല് ചുണ്ടൻ വള്ളങ്ങളാണ് ​ഫൈനലിലേക്ക് എത്തിയത്.

Follow Us