MVD Online Services : ഇനി എല്ലാം നേരിട്ട്… ഇടനിലക്കാർ വേണ്ട! മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക്
Kerala MVD Online Services : നിർണായക നീക്കവുമായി സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ്. സെപ്റ്റംബർ 21നു ശേഷം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിലേക്ക് അപേക്ഷയുമായി നേരിട്ട് എത്തേണ്ടതില്ല. വകുപ്പുമായി ബന്ധപ്പെട്ട 60 സേവനങ്ങൾ ആധാർ അധിഷ്ഠിത ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയാണ് എം വി ഡി.
തിരുവനന്തപുരം : നിർണായക നീക്കവുമായി സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ്. സെപ്റ്റംബർ 21നു ശേഷം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിലേക്ക് അപേക്ഷയുമായി നേരിട്ട് എത്തേണ്ടതില്ല. വകുപ്പുമായി ബന്ധപ്പെട്ട 60 സേവനങ്ങൾ ആധാർ അധിഷ്ഠിത ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയാണ് എം വി ഡി. ഇതുവരെ ഡ്രൈവിംഗ് സംബന്ധമായ ഇരുപതോളം സേവനങ്ങളാണ് ഇത്തരത്തിൽ ഓൺലൈൻ രീതിയിൽ ചെയ്യാൻ കഴിഞ്ഞിരുന്നത്.
പുതിയ സംവിധാനം വരുന്നതോടെ ഇടനിലക്കാരുടെ സഹായം ഒന്നുമില്ലാതെ തന്നെ നേരിട്ട് തങ്ങൾക്ക് വേണ്ട സേവനങ്ങൾ മോട്ടോർ വാഹന വകുപ്പിൽ നിന്ന് നേടിയെടുക്കാൻ ജനങ്ങൾക്ക് കഴിയും. ആധാർ അധിഷ്ഠിത ഒ.ടി.പി സംവിധാനത്തിലൂടെ ആണ് ഇത്തരത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നത് എന്നതിനാൽ ഇടനിലക്കാരുടെ ആവശ്യം പൂർണമായും ഇല്ലാതാവുകയാണ്. പൂർണ്ണമായും ഓൺലൈൻ ആകുന്നതോടെ അതേ മുൻഗണന രീതിയിൽ തന്നെ ആകും അപേക്ഷകളിൽ മേലുള്ള തീർപ്പുകൾ വരിക.
Also Read : സെപ്റ്റംബര്‍ മാസത്തിലെ ബെവ്‌കോ അവധികള്‍; ഉപഭോക്താക്കള്‍ ശ്രദ്ധിക്കൂ
വാഹന പരിശോധന, വാദം കേൾക്കൽ തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടി മാത്രമേ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നേരിട്ട് എത്തേണ്ടതുള്ളൂ. സ്വയം അപേക്ഷകൾ സമർപ്പിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് അക്ഷയ, സമാനമായ മറ്റ് സേവന കേന്ദ്രങ്ങൾ ആശ്രയിക്കാവുന്നതാണ്. ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവയുടെ സ്ലോട്ടുകൾ സാരഥി പോർട്ടൽ വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഏജന്റ് മാർക്കും ഇവരെ വളഞ്ഞ വഴിയിൽ ഉപയോഗപ്പെടുത്തുന്ന എം വി ഡി ഉദ്യോഗസ്ഥർക്കും ഒരുപോലെ തിരിച്ചടിയാകുന്ന തീരുമാനമാണ് ഇത്. നിലവിൽ നിഷ്കർഷിച്ചിരിക്കുന്നത് പോലെ കാര്യങ്ങൾ നടപ്പിലായാൽ ഏറെ സുതാര്യമായി വകുപ്പിന്റെ സേവനങ്ങൾ സാധാരണ ജനങ്ങൾക്ക് നേടിയെടുക്കാൻ കഴിയും.
English Summary
The State Motor Vehicles Department has made a crucial move: starting September 21, there will be no need to visit the department’s offices in person to submit applications. The MVD is transitioning 60 of its services to an Aadhaar-based online system. Previously, only about twenty driving-related services could be availed online.