Thiruvanchoor Radhakrishnan: തുടക്കം സ്കൂൾ ലീഡറായി, ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ

Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.

Thiruvanchoor Radhakrishnan: തുടക്കം സ്കൂൾ ലീഡറായി, ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ

തിരുവഞ്ചൂർ രാധാകൃഷ്ണൻ

Published: 

22 May 2026 | 12:29 PM

Thiruvanchoor Radhakrishnan Speaker: ഒരുപക്ഷേ, വര്‍ത്തമാന രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരിക്കും. എപ്പോഴൊക്കെയോ സംഭവിച്ച ചില നാക്കുപിഴകളുടെ പേരിലാണ് പലര്‍ക്കും തിരുവഞ്ചൂര്‍ ഒരു ട്രോള്‍ കഥാപാത്രമായത്. എന്നാല്‍ അത്തരം പരിഹാസങ്ങള്‍ക്ക് തിരുവഞ്ചൂരിനെ തെല്ലും തളര്‍ത്താനായിട്ടില്ല. ട്രോളുകളെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയും മറുപടിയുമുണ്ട്. നാക്കുപ്പിഴ സംഭവിക്കാത്ത ആരെങ്കിലുമുണ്ടോയെന്നാണ് ട്രോളുകളോട് മുഖംതിരിക്കാതെ തിരുവഞ്ചൂര്‍ ചോദിക്കുന്നത്. ഇത്തരം പരിഹാസങ്ങള്‍കൊണ്ടൊന്നും അടയാളപ്പെടുത്തേണ്ട നേതാവല്ല തിരുവഞ്ചൂര്‍. 1963-ല്‍ കോട്ടയം മാര്‍ത്തോമാ സെമിനാരി സ്‌കൂള്‍ ലീഡറായിരുന്ന തിരുവഞ്ചൂര്‍ ഇന്ന് കേരള നിയമസഭയുടെ സ്പീക്കറായിട്ടുണ്ടെങ്കില്‍, അതിന് കാരണം അദ്ദേഹത്തിന്റെ സംഘടനാപാടവവും, നിശ്ചയദാര്‍ണ്ഡ്യവുമാണ്.

കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. അതുകൊണ്ട് തന്നെയാകണം, കെപിസിസിയുടെ അച്ചടക്ക സമിതിയുടെ അധ്യക്ഷനായി ഒരിക്കല്‍ തിരുവഞ്ചൂരിനെ തിരഞ്ഞെടുത്തതും.

തുടക്കം കെഎസ്‌യുവിലൂടെ

1949 ഡിസംബര്‍ 26-ന് കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍ കെ.പി. പരമേശ്വരന്‍ പിള്ളയുടെയും, എം.ജി. ഗൗരിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. സ്‌കൂള്‍ ലീഡറായ കാലം മുതല്‍ സംഘടനാമികവ് തെളിയിച്ചു. 1965-ല്‍ കേരള ബാലജനസഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിയായി. പിന്നീട് പടിപടിയായി, പലവിധങ്ങളിലായി തിരുവഞ്ചൂരിനെ ചുമതലകള്‍ തേടിയെത്തി. 1963-ല്‍ ബസേലിയസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്നായിരുന്നു കെഎസ്‌യു നേതൃതലത്തിലേക്കുള്ള രംഗപ്രവേശം.

Also Read: Kerala Assembly Speaker Polls: നിയമസഭ ഇന്ന് വോട്ട് ചെയ്യും; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ

1967-ലാണ് അദ്ദേഹം കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റായത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1972-ല്‍ കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും, പിറ്റേ വര്‍ഷം ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1974-77 കാലയളവില്‍ കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.

യുവജനപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ തിരുവഞ്ചൂര്‍ യൂത്ത് കോണ്‍ഗ്രസിലും അനിഷേധ്യനായ നേതാവായിരുന്നു. 1978-ല്‍ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും, 1982-ല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

അടൂരിന്റെ ‘തിരുവഞ്ചൂര്‍’

കോട്ടയത്തിന്റെ ജനനായകനായി തിളങ്ങിനിൽക്കുമ്പോഴും, അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വിജയങ്ങൾ പലതും പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ഡലത്തിൽ നിന്നായിരുന്നു. 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത്‌ നിന്ന് മത്സരിച്ച അദ്ദേഹം സിപിഎമ്മിന്റെ ടി കെ രാമകൃഷ്ണനോട് പരാജയപ്പെട്ടു. തുടര്‍ന്ന് അടൂരിലേക്ക് ചുവടുമാറ്റിയ തിരുവഞ്ചൂരിന് അവിടെ ‘ഭാഗ്യം’ തെളിഞ്ഞു.

1991, 1996, 2001, 2006 വർഷങ്ങളിൽ തുടർച്ചയായി നാല് തവണ അദ്ദേഹം അടൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 2011 മുതലാണ് അദ്ദേഹം സ്വന്തം നാടായ കോട്ടയത്തേക്ക് മാറുന്നതും അവിടെ തുടർ വിജയങ്ങൾ നേടുന്നതും.

പരിചയസമ്പന്നന്‍

അനുഭവസമ്പത്തിന്റെ കാര്യത്തില്‍ തിരുവഞ്ചൂരിനോട് കിട പിടിക്കാവുന്ന നേതാക്കള്‍ നിലവില്‍ സഭയില്‍ കുറവാണ്. വിവിധ കാലയളവുകളില്‍ പത്തിലേറെ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആദ്യം തിരുവഞ്ചൂരായിരുന്നു ആഭ്യന്തര മന്ത്രി. പിന്നീട് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ആ സ്ഥാനം ഒഴിയേണ്ടി വന്നു.

പരിണിതപ്രജ്ഞനായ നേതാവെന്ന നിലയില്‍ തിരുവഞ്ചൂര്‍ സ്വീകരിച്ച നിലപാടുകള്‍ എന്നും ശ്രദ്ധേയമായിരുന്നു. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ടിപി വധക്കേസില്‍ സ്വീകരിച്ച നിലപാടുകളാണ് ഇതിന് ഉദാഹരണം. ‘ടിപി വധം സത്യാന്വേഷണ രേഖകള്‍’ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇനി സഭയുടെ നാഥന്‍

101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങള്‍ എസി മൊയ്തീനെയും, മൂന്നു പേര്‍ ബിബി ഗോപകുമാറിനെയും പിന്തുണച്ചു.

English Summary

Thiruvanchoor Radhakrishnan has been elected as the Speaker of the 16th Kerala Legislative Assembly. He secured a victory by winning 101 votes in the Speaker election. He is a veteran politician with over 35 years of parliamentary experience. He previously served as the Home Minister and represented Adoor and Kottayam constituencies.

Follow Us
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
മഴക്കാലമല്ലേ... കുടിക്കുന്ന വെള്ളം എത്ര മിനിറ്റ് തിളപ്പിക്കണം
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
ഗ്യാസ്ട്രബിൾ അകറ്റാൻ ജീരകം കഴിക്കേണ്ടത് ഇങ്ങനെ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്