Kerala Assembly Speaker Polls: നിയമസഭ ഇന്ന് വോട്ട് ചെയ്യും; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ
16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെയും, ഡെപ്യൂട്ടി സ്പീക്കറെയും ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.
തിരുവനന്തപുരം: പതിനാറാം നിയമസഭയിലെ സ്പീക്കറെയും, ഡെപ്യൂട്ടി സ്പീക്കറെയും ഇന്നറിയാം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിയമസഭയില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും അനായാസമായി തിരഞ്ഞെടുക്കപ്പെടും. എല്‍ഡിഎഫ് എസി മൊയ്തീനെയും, എന്‍ഡിഎ ബിബി ഗോപകുമാറിനെയും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നുണ്ട്. അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നലെ കഴിഞ്ഞിരുന്നു. പ്രോട്ടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ ആരംഭിക്കുന്നതിന് മുന്നോടിയായി ജി. സുധാകരന്‍ ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നത്. കളമശേരി എംഎല്‍എയും, ഫിഷറീസ് മന്ത്രിയുമായ വിഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ പാറക്കല്‍ അബ്ദുള്ളയും, തുടര്‍ന്ന് കെഎം അഭിജിത്തും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയാണ് വനിതകളില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മിക്ക എംഎല്‍എമാരും മലയാളത്തിലും ഇംഗ്ലീഷിലുമായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് കന്നഡയിലും, ദേവികുളം എംഎല്‍എ എഫ്. രാജ തമിഴിലുമാണ് സത്യവാചകം ചൊല്ലിയത്. ഒമ്പത് അംഗങ്ങള്‍ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തു.
സൈക്കിള്‍ ചവിട്ടി ചാണ്ടി ഉമ്മന്‍
തന്റെ പിതാവും, മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. സൈക്കിള്‍ റാലിയായിട്ടാണ് ചാണ്ടി നിയമസഭയിലേക്ക് വന്നത്. ഇതാദ്യമായി സഭയില്‍ മൂന്ന് ബിജെപി എംഎല്‍എമാരും പ്രാതിനിധ്യം ഉറപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് വന്‍ പ്രകടനമാണ് ബിജെപി ഒരുക്കിയത്.
പിണറായി vs സുധാകരന്‍
സിപിഎമ്മുമായി വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച ജി. സുധാകരന്‍ ഇത്തവണ യുഡിഎഫ് അംഗമായി സഭ നിയന്ത്രിച്ചത് കൗതുകമായി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം സുധാകരന്റെ അടുത്തെത്തി ഹസ്തദാനം ചെയ്യുകയും തോളില്‍ തട്ടുകയും ചെയ്തു. ചെയറില്‍ നിന്ന് ഇറങ്ങിച്ചെന്നാണ് സുധാകരന്‍ പിണറായിയെ സ്വീകരിച്ചത്.
സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, തളിപ്പറമ്പ് എംഎല്‍എയുമായ ടികെ ഗോവിന്ദന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പിണറായിയുമായി ഹസ്തദാനം നടത്തി. ഗോവിന്ദനെ കൈയ്യടിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ വരവേറ്റത്. പിണറായി സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോഴും കൈയ്യടികള്‍ ഉയര്‍ന്നു.
സതീശന്റെ സത്യപ്രതിജ്ഞ
പറവൂരിലെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ‘വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍’ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആവര്‍ത്തിച്ചു. പിതാവിന്റെ പേരിനൊപ്പം ‘മേനോന്‍’ എന്ന ജാതിപ്പേരും സത്യവാചകത്തിനൊപ്പം ചേര്‍ത്തത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ തന്റെ മുഴുവന്‍ പേര് വായിക്കുന്നത് സ്വഭാവികമായ കാര്യമാണെന്നായിരുന്നു സതീശന്റെ മറുപടി.
English Summary
The 16th Kerala Legislative Assembly is electing its new Speaker and Deputy Speaker today. Thiruvanchoor Radhakrishnan and Shanimol Osman are the ruling UDF alliance’s candidates for the top posts. The opposition LDF has fielded AC Moideen, while the NDA has nominated BB Gopakumar for the Speaker’s position. With the UDF holding a clear majority, their candidates are highly likely to win the historic three-way contest.