കോട്ടയം വട്ടം ചുറ്റാതെ തിരുവഞ്ചൂർ കാത്തു! എംസി റോഡിലെ കോടിമതയിൽ ഗതാഗതം തടയില്ല
Traffic restrictions on Kodimatha Bridge in Kottayam lifted: എംസി റോഡിൽ കോട്ടയം വഴിയുള്ള യാത്രയ്ക്ക് ഇന്ന് മുതൽ നടപ്പാക്കാനിരുന്ന നിയന്ത്രണങ്ങൾ താൽക്കാലികമായി മരവിപ്പിച്ചു. കോട്ടയം കോടിമതയിലുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്കായി ജൂലൈ 2 മുതൽ ഒരാഴ്ചത്തേക്ക് പാലം അടച്ചിടാനും വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടാനുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വാഹന നിയന്ത്രണം പൊതുജനങ്ങളെ സാരമായി ബാധിക്കുമെന്ന് കണ്ട് സ്പീക്കറും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് നിയന്ത്രണം താൽക്കാലികമായി മരവിപ്പിച്ചത്.
കോട്ടയം: എംസി റോഡിൽ കോട്ടയം വഴിയുള്ള യാത്രയ്ക്ക് ഇന്ന് മുതൽ നടപ്പാക്കാനിരുന്ന നിയന്ത്രണങ്ങൾ താൽക്കാലികമായി മരവിപ്പിച്ചു. കോട്ടയം കോടിമതയിലുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്കായി ജൂലൈ 2 മുതൽ ഒരാഴ്ചത്തേക്ക് പാലം അടച്ചിടാനും വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടാനും കഴിഞ്ഞ ദിവസം പോലീസ് തീരുമാനിച്ചിരുന്നു. കലക്ടറുടെ നിർദേശ പ്രകാരമായിരുന്നു നടപടി. ഇതിന്റെ ഭാഗമായി വാഹനങ്ങൾ ഏതൊക്കെ വഴികളിലൂടെ കടന്നുപോകണം എന്നത് സംബന്ധിച്ച അറിയിപ്പും ജില്ലാ ഭരണകൂടവും പോലീസും ചേർന്ന് പുറത്തിറക്കിയിരുന്നു. എന്നാൽ വാഹന നിയന്ത്രണം പൊതുജനങ്ങളെ സാരമായി ബാധിക്കുമെന്ന് കണ്ട് സ്പീക്കറും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് നിയന്ത്രണം താൽക്കാലികമായി മരവിപ്പിച്ചത്.
പാലത്തിലെ റോഡ് താഴുന്നു
എംസി റോഡിൽ ചങ്ങനാശേരി ഭാഗത്തുനിന്ന് വരുമ്പോൾ കോട്ടയം നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടമാണ് കോടിമതപ്പാലം. ഈ കോടിമത പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് താഴുന്നതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾ ആവശമായി വന്നു. റോഡ് പൂർണമായും അടച്ചുകൊണ്ട് അറ്റകുറ്റപ്പണി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് മുതൽ ഇതുവഴിയുള്ള ഗതാഗതം തടയാൻ തീരുമാനിച്ചത്.
Also Read: ഓണം മലയാളികളെ കരയിക്കും! പച്ചക്കറി-പാൽ വില സർവ്വകാല റെക്കോഡിലേക്ക്, കാലാവസ്ഥ ചതിച്ചു
എന്നാൽ ഏറെ തിരക്കേറിയ എംസി റോഡിലെ ഈ പാലം അടയ്ക്കുന്നത് കോട്ടയത്തിന്റെ മുഴുവൻ ഗതാഗതവും തകരാറിലാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ സാധ്യത ഉണ്ടായിരുന്നു. വലിയ ഗതാഗത കുരുക്കിന് സാധ്യത ഉള്ളതിനാൽ സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രശ്‌നത്തിൽ ഇടപെട്ടു.
തുടർന്ന് ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ച് കലക്ടർ ചേതൻ കുമാർ മീണ, ഇപ്പോഴുള്ള പാലത്തിനു സമീപത്തു നിർമാണം പൂർത്തിയായ നിലയിലുള്ള രണ്ടാമത്തെ പാലം എത്രയും വേഗം ടാർ ചെയ്യാനും ഗതാഗതം അതുവഴി തിരിച്ചുവിട്ടുകൊണ്ട് പഴയ കോടിമത പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം നടത്താനും നിർദേശം നൽകി.
കലക്ടർ പുതിയ നിർദേശം മുന്നോട്ട് വച്ചതോടെ ഇന്ന് രാവിലെ 10 മുതൽ നടപ്പാക്കാനിരുന്ന കോടിമത പാലത്തിലെ ഗതാഗത നിയന്ത്രണം താൽക്കാലികമായി മരവിപ്പിക്കപ്പെട്ടു. വാഹനയാത്രികർക്ക് നിലവിൽ തടസങ്ങളില്ലാതെ ഇതുവഴി കടന്നുപോകാൻ സാധിക്കും. മുൻ നിശ്ചയിച്ച പ്രകാരം ഗതാഗത ക്രമീകരണം നടത്താൻ ശ്രമിച്ചാൽ കോട്ടയത്തെ ചെറു റോഡുകൾ അടക്കം കുരുക്കിൽ കുരുങ്ങിക്കിടക്കുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു.
പുതിയ പാലത്തിലൂടെയുള്ള ഗതാഗതം ആരഭിച്ച ശേഷമേ പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്തുന്ന ജോലികൾ ആരംഭിക്കുകയുള്ളൂവെന്ന പുതിയ തീരുമാനം യാത്രക്കാർക്ക് ആശ്വാസം പകരുന്നതാണ്. പുതിയ പാലത്തിൻ്റെ ടാറിങ് ജോലികൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കാനാണ് നീക്കം. ഇന്നു രാവിലെ പിഡബ്ലുഡി ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയിട്ടുണ്ട്.
English Summary
The restrictions on travel on the MC Road via Kottayam, which were to be implemented from today, have been temporarily suspended. It was decided to close the bridge for a week from July 2 for construction work on the bridge at Kodimatha, Kottayam, and divert vehicles via other routes. However, the restrictions were temporarily suspended following the intervention of Speaker and Kottayam MLA Thiruvanchoor Radhakrishnan, who saw that the vehicle restrictions would seriously affect the public.