Swalih Valanchery: പരിമിതികളെ ആത്മവിശ്വാസം കൊണ്ട് തോല്‍പിച്ച യൂട്യൂബര്‍; സ്വാലിഹ് വളാഞ്ചേരി വിടവാങ്ങി
Swalih Valanchery Passes Away: യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യുമോണിയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം വഷളായതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം: യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യുമോണിയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം വഷളായതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശിയാണ്. ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലുമടക്കം സജീവമായിരുന്നു. ഇന്ന് രാത്രി എട്ടിന് കരേക്കാട് സികെ പാറ ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.
പരിമിതികളെ ആത്മവിശ്വാസം കൊണ്ട് തോല്‍പിച്ച യൂട്യൂബറാണ് സ്വാലിഹ്. അരയ്ക്ക് താഴോട്ട് തളര്‍ന്ന അവസ്ഥയിലും, അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പോരാടി. യൂട്യൂബില്‍ രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമിലും രണ്ട് ലക്ഷത്തിലേറെ പേര്‍ സ്വാലിഹിനെ ഫോളോ ചെയ്യുന്നു. കുടുംബ വിശേഷങ്ങളാണ് സ്വാലിഹ് വീഡിയോകളായി പങ്കുവെക്കുന്നത്. സ്വാലിഹിന്റെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിനെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
താന്‍ നടക്കാന്‍ കഴിയാത്ത ആളായതില്‍ ദുഃഖമില്ലെന്ന് അടുത്തിടെ പങ്കുവെച്ച വീഡിയോയില്‍ സ്വാലിഹ് പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ഭാര്യ ജസീലയാണ്. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷം പിന്നിട്ടു. സന്തോഷത്തോടെയാണ് ജീവിതം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാലിഹ് പങ്കുവെച്ച വീഡിയോ:
മടങ്ങിയത് ആ സ്വപ്‌നം ബാക്കിയാക്കി
വീട് പണിയണമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് സ്വാലിഹ് വിടവാങ്ങിയത്. വീടുപണി നടക്കാന്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ സഹായം അഭ്യര്‍ത്ഥിച്ചതില്‍ കുറ്റബോധമുണ്ടെന്നും പറഞ്ഞ് അദ്ദേഹം ഏതാനും ആഴ്ച മുമ്പ് പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
സ്വന്തമായി ബിസിനസ് ചെയ്ത് പണമുണ്ടാക്കി വീട് പണിയണമെന്നായിരുന്നു തുടര്‍ന്ന് സ്വാലിഹിന്റെ തീരുമാനം. അട്ടപ്പാടിയില്‍ തേന്‍കൃഷി നടത്തുന്ന ഒരു സുഹൃത്തിനോട് വോള്‍സെയില്‍ റേറ്റില്‍ തേന്‍ നല്‍കുമോയെന്ന് സ്വാലിഹ് ചോദിച്ചു. സുഹൃത്തിന്റെ പിന്തുണയില്‍ സ്വാലിഹ് തേന്‍ വില്‍പന ആരംഭിച്ചു. ‘മിച്ചൂസ് ഒറിജിനല്‍ തേന്‍’ എന്ന പേരിലായിരുന്നു വില്‍പന. ഇതേക്കുറിച്ച് സ്വാലിഹ് പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി ഓര്‍ഡറുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും സ്വാലിഹ് വെളിപ്പെടുത്തിയിരുന്നു.
പിന്തുണച്ചവര്‍ക്കെല്ലാം അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. പിന്തുണച്ചവര്‍ക്കെല്ലാം അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. പുതിയ ബിസിനസുമായി സന്തോഷപൂര്‍വം ജീവിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്വാലിഹ് മരണപ്പെടുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ സ്വാലിഹിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്.
English Summary
YouTuber Swalih Valanchery passed away. He was undergoing treatment for pneumonia. He passed away this evening at a private hospital in Perinthalmanna.