Alcohol: മദ്യപിക്കാതെയും ആൽക്കഹോൾ ഉള്ളിലെത്തും, കാരണം ഈ ആഹാരങ്ങൾ
Alcohol in Food: മദ്യപിക്കാത്തവർ പോലും അറിയാതെ, ശരീരത്തിൽ ആൽക്കഹോൾ എത്താറുണ്ടെന്ന് അറിയാമോ? നമ്മൾ കഴിക്കുന്നത് വിവിധ ഭക്ഷണങ്ങളിൽ ചെറിയ അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ചെറിയ അളവിൽ ആയതിനാൽ ഇവയൊന്നും ആരോഗ്യത്തിന് ദോഷം ചെയ്യുന്നില്ല. അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ.....
ആൽക്കഹോൾ ശരീരത്തിന് എത്ര മാത്രം ദോഷം ചെയ്യുമെന്ന് നമുക്ക് അറിയാം അല്ലേ, അതുകൊണ്ടാണ് മദ്യപാനം നല്ലതല്ലെന്ന് പറയാറുള്ളത്. എന്നാൽ മദ്യപിക്കാത്തവർ പോലും അറിയാതെ, ശരീരത്തിൽ ആൽക്കഹോൾ എത്താറുണ്ടെന്ന് അറിയാമോ? നമ്മൾ കഴിക്കുന്നത് വിവിധ ഭക്ഷണങ്ങളിൽ ചെറിയ അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ചെറിയ അളവിൽ ആയതിനാൽ ഇവയൊന്നും ആരോഗ്യത്തിന് ദോഷം ചെയ്യുന്നില്ല. പ്രകൃതിദത്തമായ പുളിപ്പിക്കൻ പ്രക്രിയയ്ക്ക് വിധേയമാകുമ്പോഴാണ് ഭക്ഷണത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യം എത്തുന്നത്. അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ…..
ആൽക്കഹോൾ അടങ്ങിയ ഭക്ഷണങ്ങൾ
പഴങ്ങൾ
നന്നായി പഴുത്ത പഴങ്ങളിൽ ഉദാഹരണത്തിന് പഴുത്ത നേന്ത്രപ്പഴം പോലുള്ളവയിൽ ചെറിയ അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. പഴങ്ങൾ പഴുക്കുമ്പോൾ അവയിലെ പഞ്ചസാര സ്വാഭാവികമായ ഫെർമെന്റേഷന് വിധേയമാകുന്നതിലൂടെയാണ് ആൽക്കഹോൾ ഉൽപാദിപ്പിക്കപ്പെടുന്നത്.
ബ്രെഡ്
ബ്രെഡ്, ബേക്കറി പലഹാരങ്ങളിലും ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ബ്രെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഈസ്റ്റ് മാവിലെ പഞ്ചസാരയുമായി പ്രവർത്തിക്കുമ്പോഴാണ് ആൽക്കഹോൾ ഉൽപാദിപ്പിക്കപ്പെടുന്നത്. ബ്രെഡ് ചുട്ടെടുക്കുമ്പോൾ ഇവ ആവിയായി പോകുമെങ്കിലും ചെറിയ ഒരു ശതമാനം അവശേഷിക്കാറുണ്ട്.
ഫ്രൂട്ട് ജ്യൂസ്
പാക്കറ്റുകളിൽ ലഭ്യമായ ജ്യൂസുകളിൽ ചെറിയ അളവിൽ ആൽക്കഹോൾ കണ്ടെത്താറുണ്ട്. പഴങ്ങൾ സംസ്കരിക്കുമ്പോഴോ, സ്റ്റോർ ചെയ്ത് വെക്കുമ്പോൾ ഉണ്ടാകുന്ന ഫെർമെന്റേഷനിലൂടെയോ ആണ് ആൽക്കഹോൾ ഉൽപാദിപ്പിക്കപ്പെടുന്നത്. ഒരു ലിറ്റർ ജ്യൂസിൽ ഏകദേശം 0.5 ഗ്രാമിൽ താഴെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
തൈര്, പ്രോബയോട്ടിക് പാനീയങ്ങൾ
തൈര്, കേഫിർ പോലുള്ള പാൽ പുളിപ്പിച്ച് ഉണ്ടാക്കുന്ന പാനീയങ്ങളിൽ ചെറിയ അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. പുളിപ്പിക്കുന്ന സമയത്ത് ബാക്ടീരിയകളും പ്രവർത്തന ഫലമായാണ് ആൽക്കഹോൾ ഉണ്ടാകുന്നത്.
വിനാഗിരി
അതുപോലെ വിനാഗിരിയിലും ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. വിനാഗിരി നിർമാണത്തിന്റെ അടിസ്ഥാനം തന്നെ ആൽക്കഹോൾ ഫെർമെന്റേഷൻ ആണ്. ആപ്പിൾ സിഡെർ വിനഗർ പോലുള്ളവയിൽ പ്രോസസിംഗ് കഴിഞ്ഞാലും ചെറിയ അളവിൽ ആൽക്കഹോൾ അവശേഷിക്കാറുണ്ടെന്ന് പറയപ്പെടുന്നു.
ALSO READ: യൗവനം നിലനിർത്തണോ? തക്കാളി വെറുതെ കഴിച്ചാൽ പോരാ; ശരിയായ രീതി ഇങ്ങനെ
വാനില എക്സ്ട്രാക്സറ്റ്
കേക്ക് നിർമാണത്തിൽ മറ്റും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വാനില എക്സ്ട്രാക്റ്റ്. ഇവയിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ശുദ്ധമായ വാനില എക്സ്ട്രാക്റ്റിൽ ഏകദേശം 35 % ആൽക്കഹോൾ ഉണ്ടായിരിക്കും. എന്നാൽ കേക്ക് നിർമാണത്തിലും മറ്റും ഇവ വളരെ ചെറിയ അളവിൽ മാത്രമാണ് ഉപയോഗിക്കുന്നത്. കൂടാതെ, പാചകം ചെയ്യുമ്പോൾ ആവിയായി പോകുന്നതിനാലും ഇത് ശരീരത്തിന് വലിയ പ്രശ്നമാകാറില്ല.
സോയ സോസ്
ന്യൂഡിൽസ് പോലുള്ള ചൈനീസ് വിഭവങ്ങളിൽ ചേർക്കുന്ന സോയ സോസിലും ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ഇവ മാസങ്ങളോളം പുളിപ്പിച്ചാണ് തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രക്രിയയിലൂടെ ഏകദേശം 1.5% മുതൽ 2% വരെ ആൽക്കഹോൾ വരെ ഉൽപാദിക്കപ്പെടുന്നു.
ആൽക്കഹോൾ ദോഷമാകുന്നത് എങ്ങനെ?
ആൽക്കഹോളിന്റെ ഉപയോഗം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കാറുണ്ട്. ഇവ കരളിനെ ബാധിക്കുകയും ഫാറ്റി ലിവർ, ലിവർ സിറോസിസ്, ലിവർ ക്യാൻസർ തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇവ ദോഷകരമായി ബാധിക്കുന്നതാണ്. രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് സാധ്യത കൂട്ടുകയും ചെയ്യും.
ആമാശയത്തിലും ഇവ പ്രശ്നങ്ങൾ ഉണ്ടാക്കും. അസിഡിറ്റി, പാൻക്രിയാറ്റിക് ഗ്രന്ഥിയുടെ വീക്കം മറ്റ് ദഹന പ്രശ്നങ്ങൾക്കും വഴിവെക്കുന്നു. ശരീരത്തിലെ സ്വാഭാവിക പ്രതിരോധ ശേഷിയെയും ഇവ ദോഷകരമായി ബാധിക്കും. ഇതിലൂടെ പകർച്ചവ്യാധികൾ എളുപ്പത്തിൽ പിടിപെടാൻ സാധ്യതയുണ്ട്.
English Summary:
Many Common foods contain small amounts of alcohol, often without people realizing it. This can happen either naturally through fermentation or because alcohol is added during cooking or flavoring. Know Some Foods that Contain Natural Alcohol