Heart Health: അധികനേരം ഇരുന്നുള്ള പണിയാണോ? ഹൃദയത്തിന് പ്രശ്നമാണേ…
Common Habits That Damaging Heart Health: ഹൃദ്രോഗങ്ങൾ പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്നതല്ല. നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങളാണ് ഇതിന് പിന്നിൽ. നമ്മൾ കഴിക്കുന്നതും കുടിക്കുന്നതും മുതൽ കിടക്കുന്നത് വരെയുള്ള ദൈനംദിന ശീലങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഹൃദയത്തിന് വില്ലനാകുന്ന ആ ശീലങ്ങൾ ഏതെല്ലാമെന്ന് പരിശോധിച്ചാലോ...
ഹൃദയസംബന്ധനായ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ നിരവധിയാണ്. എന്നാൽ ഹൃദ്രോഗങ്ങൾ പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്നതല്ല. നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങളാണ് ഇതിന് പിന്നിൽ. നമ്മൾ കഴിക്കുന്നതും കുടിക്കുന്നതും മുതൽ കിടക്കുന്നത് വരെയുള്ള ദൈനംദിന ശീലങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഹൃദയത്തിന് വില്ലനാകുന്ന ആ ശീലങ്ങൾ ഏതെല്ലാമെന്ന് പരിശോധിച്ചാലോ…
ഹൃദയാരോഗ്യത്തെ തകർക്കുന്ന ശീലങ്ങൾ
അനസ്‌തേഷ്യോളജിസ്റ്റും പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദിന്റെ അഭിപ്രായത്തിൽ ഹൃദയാരോഗ്യത്തെ തകർക്കുന്ന ആറ് ശീലങ്ങളുണ്ട്. ദീർഘ നേരം ഇരിക്കുന്നത് മുതൽ ഭക്ഷണശീലങ്ങൾ വരെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ
ടിന്നിലടച്ചതും ഫാസ്റ്റ് ഫുഡും കഴിക്കുന്നത് വഴി ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഷെൽഫ് ലൈഫ് കൂട്ടുന്നതിന് വേണ്ടി ഇവയിൽ ട്രാൻസ് ഫാറ്റുകളും അഡിറ്റീവുകളും ധാരാളമായി ഉപയോഗിക്കാറുണ്ട്. അത് കൊണ്ട് തന്നെ അമിതമായ സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും ഹൃദയാരോഗ്യത്തെ തകർക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ
12 ഔൺസ് സോഡയിൽ ഏകദേശം 35-40 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് മിനിറ്റുകൾക്കുള്ളിൽ രക്തത്തിലെ ഗ്ലൂക്കോസും ഇൻസുലിനും വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു. കൂടാതെ, ഇവയിലെ ഫ്രക്ടോസ് കരളിലെ കൊഴുപ്പ് ഉൽപാദനത്തെ കൂട്ടുകയും ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതും ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ദീർഘനേരം ഇരിക്കുന്നത്
ഇന്ന് ഒട്ടുമിക്ക പേർക്കും ദീർഘനേരം ഇരുന്ന് കൊണ്ടുള്ള ജോലിയാണ്. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ തകർക്കും. ദീർഘനേരം ഒരേയിരുപ്പ് ഇരിക്കുന്നത് കാലുകളിലെ രക്തയോട്ടം മന്ദഗതിയിലാക്കാൻ കാരണമാകുന്നു. ഇതിനെയാണ് ‘വീനസ് സ്റ്റാസിസ്’ എന്ന് വിളിക്കുന്നത്. ഇത് കാലുകളിൽ നീര് വരാനും, രക്തം കട്ടപിടിക്കാനും ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അതിനാൽ ഇത്തരം ജോലികൾക്കിടെ കൃത്യമായി ഇടവേള എടുക്കുകയും രക്തയോട്ടത്തിന് അവസരം നൽകുകയും ചെയ്യേണ്ടതാണ്.
ALSO READ: മാമ്പഴം കൂടുതൽ കഴിച്ചാൽ ചൂടു കൂടുമോ? പഴമക്കാർ പറയുന്നതിലെ സത്യമിത്
ഉറക്കമില്ലായ്മ
ആരോഗ്യമായ ശരീരത്തിന് ദിവസവും പരമാവധി ഏഴ് – എട്ട് മണിക്കൂർ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇന്ന് പലരും കുറച്ച് സമയം മാത്രമാണ് ഉറക്കത്തിന് വേണ്ടി മാറ്റി വയ്ക്കുന്നത്. ജോലി ഭാരവും മൊബൈൽ ഫോൺ അഡിക്ഷനുമെല്ലാം ഇതിന് കാരണമാണ്. ദിവസവും 7-8 മണിക്കൂർ ഉറക്കം ലഭിക്കാതിരിക്കുന്നത് ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും പ്രതികൂലമായി ബാധിക്കും.
പുകവലി
പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. ഇവ രണ്ടും രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാൽ ഇത്തരം ശീലങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കേണ്ടതാണ്.
മാനസിക സമ്മർദ്ദം
മാനസിക സമ്മർദ്ദങ്ങളും നിങ്ങളുടെ ഹൃദയാരോഗ്യത്തിന് വില്ലനാണ്. സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് ഉയർന്ന നിലയിൽ നിലനിർത്തുകയും രോഗപ്രതിരോധ കോശങ്ങൾ പ്രതികരിക്കുന്നത് നിർത്തി വീക്കത്തിലേക്ക് നയിക്കുന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
English Summary:
Doctor warns that sitting for long periods can seriously harm heart and vein health. When you sit for too long, the leg muscles don’t move enough to pump blood properly, leading to venous stasis and increasing the risk of dangerous blood clots.