Kitchen Tips: പൂ പോലത്തെ സോഫ്റ്റ് പുട്ട് ഉണ്ടാക്കാം; പൊടി കട്ടപിടിക്കാതെ നനച്ചെടുക്കാൻ ഇതാ ടിപ്സ്
Soft Puttu Making Kitchen Tips: പലപ്പോഴും പുട്ടുപൊടി നനയ്ക്കുമ്പോൾ കട്ടകെട്ടിപ്പോകുകയോ പുട്ട് വെന്തു വരുമ്പോൾ കട്ടിയുള്ളതായി മാറുകയോ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കടകളിൽ നിന്ന് വാങ്ങുന്ന പുട്ടിന്റെ അതേ സോഫ്റ്റ്‌നെസ്സിൽ പൂ പോലത്തെ പുട്ട് ഉണ്ടാക്കാൻ അരിപ്പൊടി കട്ടപിടിക്കാതെ തരിതരിപ്പായി നനച്ചെടുക്കാനുള്ള അടിപൊളി കുക്കിംഗ് ടിപ്പുകൾ നമുക്ക് നോക്കിയാലോ.
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ടും കടലക്കറിയും. എന്നാൽ പലപ്പോഴും പുട്ടുപൊടി നനയ്ക്കുമ്പോൾ കട്ടകെട്ടിപ്പോകുകയോ പുട്ട് വെന്തു വരുമ്പോൾ കട്ടിയുള്ളതായി മാറുകയോ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കടകളിൽ നിന്ന് വാങ്ങുന്ന പുട്ടിന്റെ അതേ സോഫ്റ്റ്‌നെസ്സിൽ പൂ പോലത്തെ പുട്ട് ഉണ്ടാക്കാൻ അരിപ്പൊടി കട്ടപിടിക്കാതെ തരിതരിപ്പായി നനച്ചെടുക്കാനുള്ള അടിപൊളി കുക്കിംഗ് ടിപ്പുകൾ നമുക്ക് നോക്കിയാലോ.
ALSO READ: ചൂടുമാറിയാലും ചപ്പാത്തി സോഫ്റ്റ് ആയിരിക്കും! ടിപ്സിതാ..
പൂ പോലത്തെ പുട്ടിനായി പൊടി നനയ്ക്കാം ഇങ്ങനെ
ചെറുചൂടുവെള്ളം മാത്രം ഉപയോഗിക്കുക: അരിപ്പൊടി നനയ്ക്കാനായി തണുത്ത വെള്ളത്തിന് പകരം അല്പം ഉപ്പു ചേർത്ത ചെറുചൂടുവെള്ളം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ചെറുചൂടുവെള്ളം തളിച്ചു കൊടുക്കുമ്പോൾ അരിപ്പൊടി വെള്ളം വേഗത്തിൽ വലിച്ചെടുക്കുകയും പൊടി മൃദുവായി മാറുകയും ചെയ്യും.
മിക്സിയിൽ അടിച്ച് എടുക്കാം: കൈ കൊണ്ട് എത്ര നനച്ചാലും പൊടി കട്ടപിടിക്കുന്നുണ്ടെങ്കിൽ ചെയ്യാൻ പറ്റിയ മാർഗമാണിത്. അല്പം ഉപ്പും വെള്ളവും തളിച്ച് സാദാ രീതിയിൽ നനച്ചുവെച്ച പുട്ടുപൊടി മിക്സിയുടെ വലിയ ജാറിലിട്ട് വെറും 5 മുതൽ 10 സെക്കൻഡ് വരെ പൾസ് ചെയ്തെടുക്കുക. ഇതോടെ പൊടിയിലുള്ള കട്ടകളെല്ലാം മാറി കടകളിൽ കിട്ടുന്നതുപോലെ നല്ല തരിതരിപ്പുള്ളതും പഞ്ഞി പോലെയുമുള്ള പുട്ടുപൊടി ലഭിക്കും.
10 മിനിറ്റ് മൂടിവെക്കുക: അരിപ്പൊടി നന്നായി നനച്ചെടുത്ത ഉടൻ തന്നെ പുട്ടുകുറ്റിയിൽ നിറച്ച് പുഴുങ്ങാൻ വയ്ക്കരുത്. പൊടി നനച്ച ശേഷം ഒരു 10-15 മിനിറ്റ് മൂടിവെക്കണം. ഇത് അരിപ്പൊടിയിലെ ഈർപ്പം ഒരേപോലെ പടരാനും പുട്ട് കൂടുതൽ സോഫ്റ്റ് ആകാനും സഹായിക്കും.
തേങ്ങ അല്പം പൊടിയിൽ ചേർക്കാം: പൊടി നനയ്ക്കുമ്പോൾ തന്നെ അല്പം ചിരകിയ തേങ്ങ കൂടി പൊടിയിലേക്ക് ചേർത്ത് തിരുമ്മി വെച്ചാൽ പുട്ടിന് നല്ല മണവും രുചിയും ലഭിക്കുമെന്ന് മാത്രമല്ല, പുട്ട് ഉതിർന്നു പോകാതെ നല്ല മൃദുവായി കിട്ടുകയും ചെയ്യും.
അമർത്തി നിറയ്ക്കരുത്: പുട്ടുകുറ്റിയിലേക്കോ ചില്ലേലേക്കോ പൊടിയും തേങ്ങയും ഇടുമ്പോൾ ഒരിക്കലും കൈ കൊണ്ട് അമർത്തി വയ്ക്കരുത്. അയവോടെ ഇട്ടു കൊടുത്താൽ മാത്രമേ ആവി കൃത്യമായി കയറുകയും പുട്ട് പൂ പോലെ വെന്തു കിട്ടുകയും ചെയ്യുകയുള്ളൂ.
ഗോതമ്പ് പുട്ട് സോഫ്റ്റാക്കാൻ: അരിപ്പൊടിയെ അപേക്ഷിച്ച് ഗോതമ്പ് പൊടിക്ക് വെള്ളം കൂടുതൽ ആവശ്യമാണ്. പൊടി നനയ്ക്കുമ്പോൾ അല്പം ചൂടുവെള്ളം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഗോതമ്പ് പൊടിയിൽ പെട്ടെന്ന് കട്ടപിടിക്കാൻ സാധ്യതയുള്ളതിനാൽ, നനച്ചെടുത്ത ശേഷം വേണമെങ്കിൽ മിക്സിയുടെ ജാറിലിട്ട് ഒന്നുരണ്ട് തവണ പൾസ് ചെയ്തെടുത്താൽ നല്ല പഞ്ഞിപോലത്തെ ഗോതമ്പ് പുട്ട് കിട്ടും.
English Summary:
Soft, lump-free Puttu at home is easier than you think with a few simple kitchen secrets and water-ratio adjustments. Discover these mixing tips and steps to the perfect Kerala breakfast Puttu every single time.