Lightning: മിന്നലേറ്റാൽ ആദ്യം ചെയ്യേണ്ടതെന്ത്? ഇത് അറിയാതെ പോകരുത്
Lightning Strike First Aid: കഴിഞ്ഞ ദിവസം മലപ്പുറത്ത് നാല് വിദ്യാർത്ഥികളാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇടിമിന്നൽ ഇത്രയധികം അപകടകരമാകുന്നത്, മിന്നലേറ്റാൽ എന്ത് ചെയ്യണം?
കേരളത്തിൽ ഇടിമിന്നൽ മൂലമുള്ള അപകടങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നാല് വിദ്യാർത്ഥികളാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇടിമിന്നൽ ഇത്രയധികം അപകടകരമാകുന്നത്, മിന്നലേറ്റാൽ എന്ത് ചെയ്യണം? പരിശോധിക്കാം….
എന്താണ് ഇടിമിന്നൽ?
പ്രകൃതിയിലെ ഏറ്റവും ശക്തമായ വൈദ്യുത പ്രവാഹങ്ങളിലൊന്നാണ് ഇടിമിന്നൽ. അന്തരീക്ഷത്തിലെ മേഘങ്ങൾക്കുള്ളിലെ ചലനങ്ങളുടെ ഫലമായാണ് മിന്നൽ ഉണ്ടാകുന്നത്. മേഘങ്ങൾക്കുള്ളിലെ കാറ്റും ജലത്തുള്ളികളും ഐസ് കഷ്ണങ്ങളും തമ്മിൽ നിരന്തരം ഏറ്റ് മുട്ടുമ്പോൾ ഘർഷണം ഉണ്ടാകുന്നു. ഇത് മൂലം സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഉണ്ടാവുന്നു. മേഘത്തിന്റെ മുകൾഭാഗത്ത് പോസിറ്റീവ് ചാർജും താഴ്ഭാഗത്ത് നെഗറ്റീവ് ചാർജും ഉണ്ടാകും.
മേഘങ്ങൾ തമ്മിലോ മേഘത്തിനുള്ളിലോ അല്ലെങ്കിൽ മേഘവും ഭൂമിയും തമ്മിലോ ഈ ചാർജ് കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് മിന്നൽ. ഭൂമിയിലെ പോസിറ്റീവ് ചാർജുള്ള ഭാഗങ്ങളിലേക്ക് മേഘത്തിലെ നെഗറ്റീവ് ചാർജ് അതിവേഗം അന്തരീക്ഷത്തിലൂടെ പ്രവഹിക്കുമ്പോഴാണ് മിന്നൽപ്പിണരുകൾ ഉണ്ടാകുന്നത്.
സാധാരണ ഇടിമിന്നലിൽ ഏകദേശം 300 ദശലക്ഷം വോൾട്ട് വരെ വൈദ്യുതി ഉണ്ടായിരിക്കും. ഇത് മനുഷ്യശരീരത്തിലൂടെ കടന്നുപോകുമ്പോൾ ഹൃദയസ്തംഭനം, നാഡീവ്യൂഹത്തിന്റെ തകരാർ, ആന്തരിക അവയവങ്ങൾ വെന്തുപോകൽ പോലുള്ളവ സംഭവിക്കുന്നു. മിന്നൽ പിണരുകൾ കടന്നുപോകുന്ന വായു പെട്ടെന്ന് ചൂടാകും. ഈ ചൂട് വായുവിനെ പെട്ടെന്ന് വികസിപ്പിക്കുന്നു. ഈ താപം നേരിട്ടേറ്റാൽ ശരീരം കരിഞ്ഞുപോയേക്കും.
ALSO READ: ഹൃദയത്തെ സംരക്ഷിക്കണോ, രാത്രി 8ന് ശേഷം ഇതൊന്നും ചെയ്യരുത്
മിന്നലടിച്ചാൽ എന്ത് ചെയ്യണം?
ശരീരത്തിൽ മിന്നൽ ഏൽക്കുമ്പോൾ മെഗാവാട്ട് കണക്കിന് വൈദ്യുതിയാണ് ശരീരത്തിലൂടെ കടന്ന് പോകുന്നത്. ഏറ്റവും അപകടകരമായ അവസ്ഥയാണിത്. എന്നാൽ കൃത്യസമയത്ത് ചികിത്സ നൽകിയാൽ ഒരുപരിധി വരെ രക്ഷിക്കാൻ സാധിച്ചേക്കും.
മിന്നലേറ്റ് വ്യക്തിക്ക് ബോധം മറിഞ്ഞാൽ അയാൾക്ക് സിപിആർ നൽകുക. പൾസോ ശ്വാസമോ ഇല്ലാതെ മരിച്ചത് പോലെയാകും കാണപ്പെടുക. അതിനാൽ ഉടനെ സിപിആർ നൽകണം. ശരീരത്തിൽ വൈദ്യുതി ഉണ്ടാവില്ല. അതിനാൽ സ്പർശിക്കുന്നത് കൊണ്ട് കുഴപ്പമില്ല. മിന്നലേറ്റയാളെ ഉടനെ ആശുപത്രിയിൽ എത്തിക്കുക.
ഇടിമിന്നൽ ജാഗ്രത നിർദേശം
- പുറത്ത് നിൽക്കുന്ന സമയത്ത് മിന്നലടിക്കാൻ തുടങ്ങിയാൽ എത്രയും വേഗം ഒരു കെട്ടിടത്തിനകത്ത് കയറുക.
- അതിന് കഴിഞ്ഞില്ലെങ്കിൽ തുറസായ സ്ഥലങ്ങളിലും ഉയരം കൂടിയ സ്ഥലങ്ങളിലും നിൽക്കരുത്.
- ഒറ്റപ്പെട്ട, ഉയരമുള്ള വൃക്ഷങ്ങൾക്കരികിലോ ചുവട്ടിലോ നിൽക്കരുത്.
- കൂട്ടമായി നിൽക്കുകയാണെങ്കിൽ അകലം പാലിച്ച് നിൽക്കുക.
- വെള്ളം, നനഞ്ഞ വസ്തുക്കൾ, ലോഹം എന്നിവകളിൽ നിന്നൊക്കെ അകന്നുനിൽക്കുക.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.
- വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
- വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
English Summary:
Lightning is one of the most powerful electrical currents in nature. Lightning is caused by movements within clouds in the atmosphere. A typical lightning bolt contains about 300 million volts of electricity. When it passes through the human body, it can cause heart attacks, nervous system damage, and internal organ burns.