Summer Travel Tips: പൊള്ളുന്ന ചൂടിൽ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?; സുരക്ഷിതമായ വേനൽക്കാല യാത്രയ്ക്ക് ഇക്കാര്യം അറിയുക
Summer Travel Hacks Everyone Must Know: ഈ കൊടും വേനലിൽ നിങ്ങൾ എവിടേക്ക് യാത്ര പോയാലും ആരോഗ്യവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. 40 ഡിഗ്രിക്ക് മുകളിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ഒരു ചെറിയ അശ്രദ്ധ പോലും ആരോഗ്യത്തെ വളരെയധികം ബാധിച്ചേക്കാം. പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും. സുരക്ഷിതമായി കുടുംബത്തോടൊപ്പം യാത്ര ആസ്വദിക്കാൻ പറ്റുന്ന ചില മുൻകരുതലുകൾ ഇതാ.

പ്രതീകാത്മക ചിത്രം
കേരളത്തിലെന്നല്ല രാജ്യത്താകെ ചൂട് സർവകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികൾക്ക് പരീക്ഷ കഴിഞ്ഞ് അവധിയായതിനാൽ യാത്രകൾ പോകാൻ തയ്യാറെടുക്കുകയാണ് മിക്ക കുടുംബങ്ങളും. എന്നാൽ ഈ കൊടും വേനലിൽ നിങ്ങൾ എവിടേക്ക് യാത്ര പോയാലും ആരോഗ്യവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. 40 ഡിഗ്രിക്ക് മുകളിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ഒരു ചെറിയ അശ്രദ്ധ പോലും ആരോഗ്യത്തെ വളരെയധികം ബാധിച്ചേക്കാം. പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും. സുരക്ഷിതമായി കുടുംബത്തോടൊപ്പം യാത്ര ആസ്വദിക്കാൻ പറ്റുന്ന ചില മുൻകരുതലുകൾ ഇതാ.
യാത്രാ സമയം ശ്രദ്ധിക്കണം
നിങ്ങൾ എപ്പോഴാണ് യാത്ര പോകുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള സമയത്തെ വെയിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുന്നത് വളെരയധികം ശ്രദ്ധിക്കണം. കഴിവതും രാവിലെ ആറ് മണിക്ക് മുൻപ് യാത്ര ആരംഭിച്ച് 10 മണിയോടെ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തിച്ചേരാൻ ശ്രമിക്കുക. ശേഷം വൈകുന്നേരം അഞ്ച് മണി കഴിഞ്ഞ് പുറത്തുള്ള കാഴ്ചകൾ കാണാൻ സമയം കണ്ടെത്താവുന്നതാണ്. നല്ല വെയിലുള്ള സമയത്ത് തണലുള്ള സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
ALSO READ: നട്ടുച്ചയ്ക്കും കോടയിറങ്ങുന്ന താഴ്വരകൾ, കൊടുംചൂടിൽ നിന്ന് രക്ഷപ്പെടണോ?; നേരെ ഇങ്ങോട്ട് വിട്ടോ
ഹൈഡ്രേഷൻ പ്രധാനം
യാത്ര പോകുമ്പോൾ വഴിയരികിൽ ധാരാളം മധുരപാനീയങ്ങളും മറ്റും വാങ്ങി കുടിക്കുന്നത് ഒഴിവാക്കുക. ഇവയെല്ലാം നിർജ്ജലീകരണത്തിന് കാരണമാകുന്നവയാണ്. അതിന് പകരമായി, നിങ്ങൾക്ക് ചെറുചൂടുള്ള വെള്ളം കൈയ്യിൽ കരുതാം. കൂടാതെ ഇളനീർ കുടിക്കുന്നതും വളരെ നല്ലതാണ്. ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുക. ഒരാൾക്ക് കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും കൈയ്യിൽ കരുതേണ്ടതാണ്. യാത്രാമധ്യേ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾക്ക് പകരം ജലാംശം കൂടതലുള്ള ഭക്ഷണങ്ങൾ കഴിക്കുക. കൂട്ടികൾ കൃത്യമായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
വസ്ത്രധാരണം
വസ്ത്രധാരണം ഭക്ഷണവും വെള്ളവും പോലെ വളരെ പ്രധാനമാണ്. വസ്ത്രത്തിലെ മാറ്റം ശരീരതാപനില കുറയ്ക്കാൻ സഹായിക്കും. കറുത്ത നിറത്തിലുള്ള ഒരു വസ്ത്രവും ചൂടുള്ള സമയത്ത് ഉപയോഗിക്കാതിരിക്കുക. പകരം വളരെയധികം അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിച്ച് പുറത്തേക്ക് പോവുക. അതുപോലെ പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ കയ്യിൽ കരുതേണ്ടതാണ്.
വാഹനങ്ങൾ ശ്രദ്ധിക്കുക
ചൂടുള്ളപ്പോൾ പൊള്ളുന്ന ടാർ റോഡിലൂടെ യാത്ര നടത്തുമ്പോൾ വാഹനങ്ങൾക്കും പ്രത്യേക പരിചരണം ആവശ്യമാണ്. കടുത്ത ചൂടിൽ ടയറിലെ പ്രഷർ കൂടാൻ സാധ്യതയുണ്ട്. ഇത് ടയർ പൊട്ടിത്തെറിക്കാൻ കാരണമായേക്കാം. യാത്രയ്ക്ക് മുൻപ് ടയർ പ്രഷർ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. അതുപോലെ തന്നെ ദീർഘദൂര യാത്രയാണെങ്കിൽ എൻജിൻ ഓവർഹീറ്റ് ആകുന്നത് തടയാൻ കൂളന്റ് അളവ് പരിശോധിക്കുന്നത് നല്ലതാണ്. കാറിനുള്ളിലെ എസിയും പരിശോധിച്ച് വേണം യാത്ര ആരംഭിക്കാൻ. കൂടാതെ യാത്രയ്ക്കിടെ നിങ്ങൾ എവിടേക്കെങ്കിലും പോകുകയാണെങ്കിൽ കുട്ടികളെയോ മുതിർന്നവരെയോ വാഹനത്തിനുള്ളിൽ ഇരുത്തി പോകരുത്. അവരെ സുരക്ഷിതമായ സ്ഥലത്ത് മാറ്റാൻ ശ്രദ്ധിക്കണം.
വേനലിൽ പോകാൻ പറ്റിയ സ്ഥലങ്ങൾ
വേനൽക്കാലത്തെ കഠിനമായ ചൂടിൽ പോകാൻ പറ്റിയ സ്ഥലങ്ങൾ ഇടുക്കിയിലെ മൂന്നാറോ, വാഗമണ്ണോ അതല്ലെങ്കിൽ വയനാട്ടിലെ ലക്കിടി പോലുള്ള സ്ഥലങ്ങളാണ്. കേരളത്തിലെ സമ്മർ ഡെസ്റ്റിനേഷനുകളിൽ ഒന്നാമനാണ് മൂന്നാർ എന്ന സുന്ദര ഗ്രാമം. ഇപ്പോൾ തുറന്നിരിക്കുന്ന ഗ്ലാസ് വാച്ച് ടവർ സന്ദർശിക്കാനും കൊളുക്കുമലയിലെ സൂര്യോദയം കാണാനും പറ്റിയ സമയമാണിത്. പൈൻ മരക്കാടുകളും മൊട്ടക്കുന്നുകളും മഞ്ഞും ആസ്വദിക്കാൻ വാഹമണ്ണിലേക്ക് അതിരാവിലെ പുറപ്പെടാം.
English Summary
Summer Travel Tips : Things to remember when plan trip during summer. When mercury level raise day by day your plans should accordingly. Also find out suitable destinations to visit during this summer.