AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

​Ilaveezhapoonchira: എന്തുകൊണ്ടാണ് ഇവിടെ ഇലകൾ വീഴാത്തത്? അത്ഭുതപ്പെടുത്തുന്ന ഇലവീഴാപൂഞ്ചിറയുടെ വിശേഷങ്ങൾ

Ilaveezhapoonchira Travel Guide: 'ഇലവീഴാപൂഞ്ചിറ' എന്ന പേരിൻ്റെ അർത്ഥം "ഇലകൾ വീഴാത്ത കുളം" എന്നാണ്. എന്തുകൊണ്ടാണ് ഇവിടെ ഇലകൾ വീഴാത്തത്? ഇവിടെ ഇലകൾ വീഴാത്തതിന് പിന്നിൽ ശാസ്ത്രീയവും ഐതിഹ്യപരവുമായ രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്.

​Ilaveezhapoonchira: എന്തുകൊണ്ടാണ് ഇവിടെ ഇലകൾ വീഴാത്തത്? അത്ഭുതപ്പെടുത്തുന്ന ഇലവീഴാപൂഞ്ചിറയുടെ വിശേഷങ്ങൾ
IlaveezhapoonchiraImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 12 Feb 2026 | 01:50 PM

കോടമഞ്ഞും കാറ്റും വിരുന്നെത്തുന്ന കോട്ടയത്തിൻ്റെ സ്വിറ്റ്‌സർലൻഡ് ഏതാണെന്ന് ചോദിച്ചാൽ എല്ലാവരുടെയും ഉത്തരം ഇലവീഴാപൂഞ്ചിറ എന്നായിരിക്കും. കേവലം ഒരു ഹിൽ സ്റ്റേഷൻ എന്നതിനപ്പുറം, ലോകത്തെമ്പടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത് ഇതിൻ്റെ പേരും അതിന് പിന്നിലെ അതിശയിപ്പിക്കുന്ന രഹസ്യവുമാണ്. ‘ഇലവീഴാപൂഞ്ചിറ’ എന്ന പേരിൻ്റെ അർത്ഥം “ഇലകൾ വീഴാത്ത കുളം” എന്നാണ്. എന്തുകൊണ്ടാണ് ഇവിടെ ഇലകൾ വീഴാത്തത്? ഇവിടെ ഇലകൾ വീഴാത്തതിന് പിന്നിൽ ശാസ്ത്രീയവും ഐതിഹ്യപരവുമായ രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്.

ശാസ്ത്രീയമായി വിശ്വസിക്കപ്പെടുന്നത്

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മൂന്ന് വമ്പൻ മലനിരകളായ മാങ്കല്ല് മുടി, തോണിപ്പാറ, കൊടയത്തൂർ മല എന്നിവയാൽ ചുറ്റപ്പെട്ട ഒരു താഴ്‌വരയാണ്. അതിശക്തമായ കാറ്റ് വീശുന്ന ഇടമായതിനാൽ ഇവിടെ വലിയ മരങ്ങൾ വളരില്ല, അതുകൊണ്ട് പുൽമേടുകൾ മാത്രമാണുള്ളത്. മരങ്ങളില്ലാത്തതിനാൽ സ്വാഭാവികമായും ഇലകൾ വീഴാനുള്ള സാ​ഹചര്യം ഇവിടെയില്ല. ഇനി മരങ്ങളിൽ നിന്നും ഇലകൾ കൊഴിഞ്ഞാൽ തന്നെ, ഇവിടുത്തെ അതിശക്തമായ കാറ്റ് ആ ഇലകളെ താഴ്‌വരയിൽ തങ്ങാൻ അനുവദിക്കുകയില്ല.

ALSO READ: മഞ്ഞിൻ്റെ പുതപ്പും പച്ചപ്പിൻ്റെ സാമ്രാജ്യവും; ഇതാണ് കേരളത്തിൻ്റെ സ്വന്തം ഊട്ടി

ഐതിഹ്യം എന്താണ്?

ഈ പ്രദേശത്തിന് ഇങ്ങനൊരു പേര് വരാൻ ഐതിഹ്യപരവുമായ ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. വനവാസകാലത്ത് പാണ്ഡവർ ഇവിടെ താമസിച്ചിരുന്നതായും പാഞ്ചാലി ഇവിടെയുള്ള കുളത്തിൽ കുളിക്കാനിറങ്ങുമ്പോൾ ദേവന്മാർ ഒളിഞ്ഞുനോക്കാതിരിക്കാൻ ഇന്ദ്രൻ പൂക്കൾ കൊണ്ട് മലകൾ തീർത്ത് മറയൊരുക്കി എന്നുമാണ് വിശ്വാസം. ആ കുളത്തിൽ ഇലകൾ വീണ് അശുദ്ധമാകാതിരിക്കാൻ ഇന്ദ്രൻ അനുഗ്രഹിച്ചുവെന്നും പറയപ്പെടുന്നു.

കേരളത്തിൽ സൂര്യോദയവും അസ്തമയവും ഒരുപോലെ മനോഹരമായി കാണാൻ കഴിയുന്ന അപൂർവ്വം ഇടങ്ങളിൽ ഒന്നാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിങ്ങനെ അഞ്ച് ജില്ലകളുടെ വിദൂരദൃശ്യം തെളിഞ്ഞ കാലാവസ്ഥയിൽ ഇവിടെ നിന്ന് കാണാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. കുത്തനെയുള്ള റോഡുകളിലൂടെയുള്ള ജീപ്പ് സഫാരി സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത്. പെട്ടെന്ന് വന്ന് തഴുകിപോകുന്ന കോടയും തണുത്ത കാറ്റും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്.

സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഇലവീഴാപൂഞ്ചിറ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മഴക്കാലത്ത് ഇവിടം അതിമനോഹരമാണെങ്കിലും ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ കുന്നിൻ്റെ മുകളിലേക്കുള്ള യാത്ര ശ്രദ്ധിക്കണം. കോട്ടയത്ത് നിന്ന് ഏകദേശം ഒരു മണിക്കൂർ 25 മിനിറ്റ് യാത്ര ചെയ്താൽ ഇലവീഴാപൂഞ്ചിറയിൽ എത്തിച്ചേരാം. പ്രധാനമായും പാലാ-ഈരാറ്റുപേട്ടയാണ് റൂട്ട്. തൊടുപുഴയിൽ നിന്ന് വളരെ അടുത്താണ് ഇലവീഴാപൂഞ്ചിറ. ഏകദേശം 40-45 മിനിറ്റ് കൊണ്ട് അവിടെ എത്താം.