MS Dhoni: നെറ്റ്‌സില്‍ അടിച്ചുതകര്‍ത്ത് ധോണി; ‘ലവ് യു ഡാര്‍ലിങ്’ എന്ന് ഹാര്‍ദ്ദിക്
Hardik Pandya - MS Dhoni Viral Video: നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ എംഎസ് ധോണിയോട് ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. 'മഹി ഭായ്, ലവ് യു ഡാര്‍ലിങ്, ബൈ ബൈ' എന്നാണ് ഹാര്‍ദ്ദിക് പറഞ്ഞത്. ധോണിയുടെ പരിശീലനം പിന്നില്‍ ഹാര്‍ദ്ദിക് വീക്ഷിച്ചു.

എംഎസ് ധോണിയുടെ പരിശീലനം വീക്ഷിച്ച് ഹാർദിക് പാണ്ഡ്യ
CSK vs MI, 01-05-2026: മുംബൈ ഇന്ത്യന്‍സിനെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ എംഎസ് ധോണിയോട് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. ‘മഹി ഭായ്, ലവ് യു ഡാര്‍ലിങ്, ബൈ ബൈ’ എന്നാണ് ഹാര്‍ദ്ദിക് പറഞ്ഞത്. ധോണിയുടെ പരിശീലനം പിന്നില്‍ നിന്ന് ഒരു നിമിഷം ഹാര്‍ദ്ദിക് വീക്ഷിച്ചു. ധോണി ഒരു സിക്‌സര്‍ പറത്തുന്നതിനിടെയാണ് ‘ലവ് യു ഡാര്‍ലിങ്’ എന്ന് ഹാര്‍ദ്ദിക് പറഞ്ഞത്. ഇതിനു ശേഷം ഹാര്‍ദ്ദിക് അവിടെ നിന്ന് മടങ്ങുകയും ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഈ ദൃശ്യം പങ്കുവെച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. മനോഹരമായ ദൃശ്യം ആണിതെന്ന് ആരാധകര്‍ കമന്റ് ചെയ്തു. ചെന്നൈ താരം ശിവം ദുബെ, നെറ്റ് ബൗളറായ കുമാര്‍ കാര്‍ത്തികേയ എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം. ധോണിയുടെ പരിശീലനം വീക്ഷിക്കുകയായിരുന്നു ഈ താരങ്ങളും.
സിഎസ്‌കെ പങ്കുവെച്ച വീഡിയോ
ധോണി കളിക്കുമോ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ഒരു മത്സരം പോലും കളിക്കാന്‍ ധോണിക്ക് സാധിച്ചില്ല. ആദ്യ മത്സരത്തിന് മുമ്പ് നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ധോണി ഏറെക്കുറെ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. പരിശീലനത്തിലും സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നാല്‍ മുംബൈയ്‌ക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തിലും ധോണി കളിക്കില്ലെന്നാണ് ചെന്നൈയുടെ ബാറ്റിങ് കോച്ച് മൈക്കല്‍ ഹസി നല്‍കുന്ന സൂചന.
ധോണി പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്ന് അദ്ദേഹം സൂചന നല്‍കി. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. എത്രയും വേഗം ധോണി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നാളെയാണോ അതിനു ശേഷമാണോ അദ്ദേഹം തിരിച്ചെത്തുന്നതെന്ന് അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ പുരോഗതിയുണ്ട്. പരിക്ക് മാറിയെന്ന് അദ്ദേഹത്തിനും കൂടി ആത്മവിശ്വാസം തോന്നിയാല്‍, താന്‍ കളിക്കാന്‍ തയ്യാറാണെന്ന സൂചന അദ്ദേഹം നല്‍കുമെന്ന് ഉറപ്പുണ്ട്. ഇപ്പോഴും ധോണി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. തങ്ങള്‍ കാത്തിരിക്കുകയാണ്. ചെന്നൈ മുഴുവനും കാത്തിരിക്കുകയാണെന്ന് തോന്നുന്നുവെന്നും ഹസി പറഞ്ഞു.
പരിക്കുകള്‍ വലച്ചു
ഈ സീസണില്‍ കൂടുതല്‍ പരിക്കുകള്‍ വലച്ച ഫ്രാഞ്ചെസിയാണ് ചെന്നൈ. ധോണിക്ക് പുറമെ ഡെവാള്‍ഡ് ബ്രെവിസ്, നഥാന്‍ എല്ലിസ്, ആയുഷ് മാത്രെ, ഖലീല്‍ അഹമ്മദ് എന്നീ താരങ്ങള്‍ക്കും പരിക്കേറ്റിരുന്നു. ഇതില്‍ ബ്രെവിസ് മാത്രമാണ് തിരിച്ചെത്തിയത്. മറ്റ് താരങ്ങള്‍ ഇനി ഈ സീസണില്‍ കളിക്കില്ല.
എല്ലിസിന് പകരമായി സ്‌പെണ്‍സര്‍ ജോണ്‍സണെയും, മാത്രെയ്ക്ക് പകരമായി ആകാശ് മധ്‌വാളിനെയും സിഎസ്‌കെ ടീമിലെത്തിച്ചിരുന്നു. ഖലീലിന്റെ പകരക്കാരനെ ഇനിയും കണ്ടെത്തേണ്ടതുണ്ട്.
പ്രകടനം പരിതാപകരം
പോയിന്റ് പട്ടികയില്‍ ആറാമതുള്ള ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത്. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ അഞ്ചിലും മുന്‍ ചാമ്പ്യമാര്‍ തോറ്റു. മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച ചെന്നൈയ്ക്ക് വെറും ആറു പോയിന്റാണ് സമ്പാദ്യം.
ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് പോലും മിക്ക മത്സരങ്ങളിലും നിരാശപ്പെടുത്തി. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ റുതുരാജ് ഫോമിലേക്ക് എത്തിയത് ആശ്വാസമായി. ബാറ്റിങ് നിരയില്‍ സഞ്ജു സാംസണാണ് ചെന്നൈയുടെ കരുത്ത്.
English Summary
Hardik Pandya says ‘Mahi Bhai, love you darling’ to MS Dhoni while he is training. The incident took place during a net session ahead of the IPL 2026 MI vs CSK match. This video has gone viral on social media. Fans enjoyed the visuals.