SRH vs MI: 244 റണ്‍സ് വിജയലക്ഷ്യമൊക്കെ പൂ പറിക്കുന്നതുപോലെ നിസാരം; മുംബൈയെ സണ്‍റൈസേഴ്‌സ് തുരത്തി
Sunrisers Hyderabad vs Mumbai Indians IPL 2026: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. മുംബൈയില്‍ നടന്ന മത്സരത്തില്‍ 244 റണ്‍സ് വിജയലക്ഷ്യം സണ്‍റൈസേഴ്‌സ് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സണ്‍റൈസേഴ്‌സ് തുടര്‍ച്ചയായി നേടുന്ന അഞ്ചാം ജയമാണിത്.

സൺറൈസേഴ്‌സ് ഹൈദരാബാദ് vs മുംബൈ ഇന്ത്യൻസ്
മുംബൈ, 29-04-2026: കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും മുംബൈ ഇന്ത്യന്‍സിന് രക്ഷയില്ല. 244 റണ്‍സെന്ന വലിയ വിജയലക്ഷ്യം വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറികടന്നു. എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് സണ്‍റൈസേഴ്‌സ് മുംബൈയെ തകര്‍ത്തത്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 243, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 18.4 ഓവറില്‍ നാലു വിക്കറ്റിന് 249. സണ്‍റൈസേഴ്‌സ് നേടുന്ന തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ഒമ്പത് മത്സരങ്ങളില്‍ ആറും ജയിച്ച സണ്‍റൈസേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. എട്ട് മത്സരങ്ങളില്‍ മുംബൈ വഴങ്ങുന്ന ആറാം തോല്‍വിയാണിത്. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് മുംബൈ.
മുമ്പിലുള്ളത് കൂറ്റന്‍ വിജയലക്ഷ്യമാണെങ്കിലും പൂവ് പറിക്കുന്ന ലാഘവത്തോടെയാണ് സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ചേസിങ് ആരംഭിച്ചത്. 8.4 ഓവറില്‍ 129 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 24 പന്തില്‍ 45 റണ്‍സെടുത്ത അഭിഷേകിനെ പുറത്താക്കി അല്ലാ ഗസന്‍ഫറാണ് സണ്‍റൈസേഴ്‌സിന്റെ ഓപ്പണിങ് കൂട്ടുക്കെട്ട് പൊളിച്ചത്.
തൊട്ടടുത്ത പന്തില്‍ ഇഷാന്‍ കിഷനെ ഗസന്‍ഫര്‍ ഗോള്‍ഡന്‍ ഡക്കാക്കിയതോടെ സണ്‍റൈസേഴ്‌സ് ഞെട്ടി. തൊട്ടടുത്ത ഓവറില്‍ ട്രാവിസ് ഹെഡിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയതോടെ സണ്‍റൈസേഴ്‌സ് പ്രതിരോധത്തിലായി. 30 പന്തില്‍ 76 റണ്‍സ് അടിച്ചുകൂട്ടിയതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.
എന്നാല്‍ നാലാം വിക്കറ്റില്‍ ഹെയിന്റിച്ച് ക്ലാസനും, നിതീഷ് കുമാര്‍ റെഡ്ഡിയും സണ്‍റൈസേഴ്‌സിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍ 133-ല്‍ എത്തിയപ്പോള്‍ ഒത്തുച്ചേര്‍ന്ന ഈ സഖ്യം, സ്‌കോര്‍ബോര്‍ഡ് 213-ല്‍ തൊട്ടതിന് ശേഷമാണ് പിരിഞ്ഞത്. 17 പന്തില്‍ 21 റണ്‍സെടുത്ത നിതീഷിനെ ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കിയെങ്കിലും മിന്നും ഫോമിലുള്ള ക്ലാസണ്‍ ക്രീസില്‍ തുടര്‍ന്നത് സണ്‍റൈസേഴ്‌സിന്റെ വിജയപ്രതീക്ഷകള്‍ സജീവമാക്കി.
ക്ലാസന്റെ തകര്‍പ്പന്‍ സിക്‌സ്
Did he just reverse hit that into the stands? 🤯
We are officially being Out-Klaased tonight 🤌
Updates ▶️ https://t.co/ypWTkEr2Rc#TATAIPL | #KhelBindaas | #MIvSRH pic.twitter.com/AnYqPuoggl
— IndianPremierLeague (@IPL) April 29, 2026
എന്നാല്‍ നിതീഷ് റെഡ്ഡിക്ക് പിന്നാലെ ക്രീസിലെത്തിയ സാലില്‍ അറോറ മുംബൈ ബൗളര്‍മാരെ ഒരു കരുണയുമില്ലാതെ പ്രഹരിച്ചതോടെ സണ്‍റൈസേഴ്‌സ് അനായാസം ജയിച്ചു. ക്ലാസണ്‍ 30 പന്തില്‍ 65 റണ്‍സുമായും, അറോറ 10 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു.
റിക്കല്‍ട്ടന്റെ സെഞ്ചുറി പാഴായി
പുറത്താകാതെ 55 പന്തില്‍ 123 റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ട്ടന്റെ പ്രകടനമാണ് മുംബൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റിയാന്‍ റിക്കല്‍ട്ടണും, വില്‍ ജാക്ക്‌സും മുംബൈയ്ക്ക് സമ്മാനിച്ചത്. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഇരുവരും മുംബൈയ്ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചു. 22 പന്തില്‍ 46 റണ്‍സെടുത്ത വില്‍ ജാക്ക്‌സ് എട്ടാം ഓവറിലെ ആദ്യ പന്തില്‍ മടങ്ങുമ്പോഴേക്കും മുംബൈയുടെ സ്‌കോര്‍ 93-ല്‍ എത്തിയിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയാണ് ജാക്ക്‌സിനെ പുറത്താക്കിയത്. വണ്‍ ഡൗണായെത്തിയ സൂര്യകുമാര്‍ യാദവ് സണ്‍റൈസേഴ്‌സിനെതിരെയും പരാജയമായി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത സൂര്യയെ ഈഷന്‍ മലിംഗ പുറത്താക്കി.
തുടര്‍ന്ന് ക്രീസിലെത്തിയ നമാന്‍ ധിറിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 17 പന്തില്‍ 22 റണ്‍സെടുത്ത ധിറിനെ പ്രഫുല്‍ ഹിംഗെ പുറത്താക്കി. ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും തകര്‍പ്പനടികളുമായി റിക്കല്‍ട്ടണ്‍ കളം നിറഞ്ഞു. നാലാം വിക്കറ്റില്‍ റിക്കല്‍ട്ടണ്‍-ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യം മുംബൈയുടെ സ്‌കോറിങിന് കുതിപ്പ് സമ്മാനിച്ചു. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് 15 പന്തില്‍ 31 റണ്‍സാണ് നേടിയത്. പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ സാക്കിബ് ഹുസൈന് വിക്കറ്റ് സമ്മാനിച്ചാണ് ഹാര്‍ദ്ദിക് പുറത്തായത്. അവസാന രണ്ടോവര്‍ മാത്രം ലഭിച്ച തിലക് വര്‍മയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. അഞ്ച് പന്തില്‍ ഏഴു റണ്‍സെടുത്ത തിലകിനെ പ്രഫുല്‍ ഹിംഗെ വീഴ്ത്തി. റിക്കല്‍ട്ടണും, റോബിന്‍ മിന്‍സും (ഒരു പന്തില്‍ ഒന്ന്) പുറത്താകാതെ നിന്നു.
English Summary
Sunrisers Hyderabad defeated Mumbai Indians in the 41st match of IPL 2026. SRH defeated MI by six wickets. The target of 244 runs was achieved with 8 balls to spare. This is SRH’s fifth consecutive win.