Ryan Rickelton: രോഹിതിനെ പോലും പിന്നിലാക്കി; മുംബൈ ഇന്ത്യന്‍സില്‍ ആ വമ്പന്‍ നേട്ടത്തില്‍ റിക്കല്‍ട്ടണ്‍ ഇനി ഒന്നാമന്‍

Ryan Rickelton Shatters Records: സണ്‍റൈസേഴ്‌സിനെതിരെ പുറത്താകാതെ 123 റണ്‍സാണ് റിയാന്‍ റിക്കല്‍ട്ടണ്‍ നേടിയത്. എട്ട് സിക്‌സറുകളും, 10 ഫോറുകളും താരം പായിച്ചു. മോശം പ്രകടനത്തിന്റെ പേരില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായിരുന്നു റിക്കല്‍ട്ടണ്‍. ഏപ്രില്‍ 16-നായിരുന്നു ഇതിന് മുമ്പ് റിക്കല്‍ട്ടണ്‍ അവസാനമായി കളിച്ചത്.

Ryan Rickelton: രോഹിതിനെ പോലും പിന്നിലാക്കി; മുംബൈ ഇന്ത്യന്‍സില്‍ ആ വമ്പന്‍ നേട്ടത്തില്‍ റിക്കല്‍ട്ടണ്‍ ഇനി ഒന്നാമന്‍

റിയാന്‍ റിക്കല്‍ട്ടന്റെ ബാറ്റിങ്‌

Published: 

30 Apr 2026 | 09:30 AM

മുംബൈ, 30-04-2026: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോറ്റതിലായിരിക്കില്ല, റിയാന്‍ റിക്കല്‍ട്ടന്റെ സെഞ്ചുറി പാഴായതില്‍ മാത്രമാകാം മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ സങ്കടം. കാരണം മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ തോല്‍വികള്‍ ആരാധകര്‍ക്ക് ഏറെ പരിചിതമായിക്കഴിഞ്ഞു. തോല്‍വിക്കിടയിലും ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കിയാണ് റിക്കല്‍ട്ടണ്‍ മടങ്ങിയത്. സണ്‍റൈസേഴ്‌സിനെതിരെ പുറത്താകാതെ 55 പന്തില്‍ 123 റണ്‍സാണ് റിക്കല്‍ട്ടണ്‍ നേടിയത്. എട്ട് സിക്‌സറുകളും, 10 ഫോറുകളും താരം പായിച്ചു. മോശം പ്രകടനത്തിന്റെ പേരില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായിരുന്നു ഈ ദക്ഷിണാഫ്രിക്കന്‍ താരം. ഏപ്രില്‍ 16-നായിരുന്നു ഇതിന് മുമ്പ് റിക്കല്‍ട്ടണ്‍ അവസാനമായി കളിച്ചത്. എന്നാല്‍ തിരിച്ചുവരവില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചു.

ഈ സെഞ്ചുറി പ്രകടനത്തോടെ ഒന്നിലേറെ റെക്കോഡുകളും താരം സ്വന്തം പേരിനൊപ്പം ചേര്‍ത്തു. ഒരു മുംബൈ ഇന്ത്യൻസ് താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് റിക്കല്‍ട്ടണ്‍ സണ്‍റൈസേഴ്‌സിനെതിരെ നേടിയത്. 44 പന്തിലായിരുന്നു സെഞ്ചുറി നേട്ടം. 2008-ൽ ചെന്നൈക്കെതിരെ 45 പന്തിൽ സെഞ്ച്വറി നേടിയ സനത് ജയസൂര്യയുടെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

രോഹിത് പോലും പിന്നില്‍

ഐപിഎൽ ചരിത്രത്തിൽ 115 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ മുംബൈ ഇന്ത്യൻസ് താരമായും റയാന്‍ റിക്കല്‍ട്ടണ്‍ മാറി. രോഹിത് ശര്‍മ, സനത് ജയസൂര്യ തുടങ്ങിയവര്‍ക്ക് പോലും സാധിക്കാത്ത നേട്ടമാണിത്. 2008-ൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സനത് ജയസൂര്യ പുറത്താകാതെ നേടിയ 114 റൺസെന്ന റെക്കോർഡാണ് റിക്കൽട്ടൻ മറികടന്നത്.

Also Read: SRH vs MI: 244 റണ്‍സ് വിജയലക്ഷ്യമൊക്കെ പൂ പറിക്കുന്നതുപോലെ നിസാരം; മുംബൈയെ സണ്‍റൈസേഴ്‌സ് തുരത്തി

ക്വിന്റൺ ഡി കോക്ക് (112*), രോഹിത് ശർമ്മ (109*), സൂര്യകുമാർ യാദവ് (103*) എന്നിവരെയും റിക്കൽട്ടൻ പിന്നിലാക്കി. അനാവശ്യമായ റിസ്കുകൾ എടുക്കാതെ മികച്ച ഷോട്ടുകള്‍ മാത്രം കളിച്ചാണ് താരം ഈ നേട്ടം സാധ്യമാക്കിയത്. ഐപിഎല്ലില്‍ ഈ 29-കാരന്‍ നേടുന്ന ആദ്യ സെഞ്ചുറിയാണിത്.

സെഞ്ചുറി പാഴായി

പക്ഷേ, റിക്കല്‍ട്ടന്റെ സെഞ്ചുറി നേട്ടത്തിനും മുംബൈ ഇന്ത്യന്‍സിനെ രക്ഷിക്കാനായില്ല. റിക്കല്‍ട്ടണെ കൂടാതെ 22 പന്തില്‍ 46 റണ്‍സെടുത്ത വില്‍ ജാക്ക്‌സ്, 15 പന്തില്‍ 31 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും മുംബൈയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവ്-അഞ്ചു പന്തില്‍ അഞ്ച്, നമാന്‍ ധിര്‍-17 പന്തില്‍ 22, തിലക് വര്‍മ-അഞ്ചു പന്തില്‍ ഏഴ്, റോബിന്‍ മിന്‍സ്-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് മുംബൈ അടിച്ചുകൂട്ടിയത്. ഇതോടെ മുംബൈ അനായാസം ജയിക്കുമെന്നായി ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ തുടക്കം മുതല്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ അടിച്ചുതകര്‍ത്തതോടെ ആ പ്രതീക്ഷകള്‍ മങ്ങി.

ഹെയിന്റിച്ച് ക്ലാസണ്‍ (30 പന്തില്‍ 65 നോട്ടൗട്ട്), സാലില്‍ അറോറ (10 പന്തില്‍ 30 നോട്ടൗട്ട്), ട്രാവിസ് ഹെഡ് (30 പന്തില്‍ 76), അഭിഷേക് ശര്‍മ (24 പന്തില്‍ 45) എന്നിവര്‍ സണ്‍റൈസേഴ്‌സിനായി തിളങ്ങി. ഇഷാന്‍ കിഷന്‍ ഗോള്‍ഡന്‍ ഡക്കായി. നിതീഷ് കുമാര്‍ റെഡ്ഡി 17 പന്തില്‍ 21 റണ്‍സെടുത്തു.

പോയിന്റ് ടേബിളില്‍

വളരെ ദയനീയമാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം. എട്ട് മത്സരങ്ങളില്‍ ആറിലും തോറ്റു. രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച മുംബൈയ്ക്ക് നാലു പോയിന്റാണ് സമ്പാദ്യം. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് നിലവില്‍ മുംബൈ.

English Summary

Ryan Rickelton made a stunning comeback for Mumbai Indians by smashing the fastest century in the team’s history. He scored an unbeaten 123 runs off just 55 balls against Sunrisers Hyderabad. His performance helped MI reach a massive total of 243 runs. But Mumbai lost the match by 6 wickets

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്