AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ishan Kishan: ഇന്ന് ഇഷാന്‍ യാഥാര്‍ത്ഥ്യമാകുന്നതെല്ലാം, അന്ന് സഞ്ജുവിനെയോര്‍ത്ത് മലയാളി കണ്ട സ്വപ്‌നങ്ങള്‍; ‘തലവര’ തിരുത്തിയ പോക്കറ്റ് ഡൈനാമോ

What Ishan Kishan could do that Sanju Samson couldn't: അവസരങ്ങള്‍ മുതലാക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടെങ്കില്‍, അവിടെയായിരുന്നു ഇഷാന്റെ വിജയം. സഞ്ജു അമ്പേ പരാജയമായ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇഷാന്‍ തകര്‍ത്താടി.

Ishan Kishan: ഇന്ന് ഇഷാന്‍ യാഥാര്‍ത്ഥ്യമാകുന്നതെല്ലാം, അന്ന് സഞ്ജുവിനെയോര്‍ത്ത് മലയാളി കണ്ട സ്വപ്‌നങ്ങള്‍; ‘തലവര’ തിരുത്തിയ പോക്കറ്റ് ഡൈനാമോ
സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 16 Feb 2026 | 06:46 PM

മലയാളിക്ക് ആരാണ് സഞ്ജു സാംസണ്‍? സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. സ്വന്തം മകന്‍, ചേട്ടന്‍, അനിയന്‍…അങ്ങനെ പല സ്ഥാനങ്ങളിലാണ് മലയാളി സഞ്ജു സാംസണെ കാണുന്നത്. സഞ്ജു ക്രീസിലെത്തുന്നത് മുതല്‍ ടെന്‍ഷടിക്കുന്നവര്‍ നിരവധിയാണ്. ചെറിയ സ്‌കോറുകള്‍ക്ക് സഞ്ജു ഔട്ടായാല്‍ അവരുടെ മനസില്‍ വല്ലാത്ത ആധിയുമാണ്. അത്രയ്‌ക്കേറെയാണ് മലയാളിയുടെ ഹൃദയത്തില്‍ സഞ്ജുവിന്റെ സ്ഥാനം.

കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ് സഞ്ജുവിന്റെ കരിയര്‍. പലപ്പോഴും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതാണ് സഞ്ജുവിന്റെ ചരിത്രം. ഒടുവില്‍ കൃത്യമായി അവസരങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ അത് മുതലാക്കുന്നതില്‍ സഞ്ജു പരാജയപ്പെടുകയും ചെയ്തു.

അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതില്‍ സഞ്ജുവിനോളം വേദന അനുഭവിച്ചിട്ടുള്ള താരമാണ് ഇഷാന്‍ കിഷന്‍. സെഞ്ചുറിയടിച്ചതിന് ശേഷം ഏകദിന ടീമിന്റെ പടിവാതില്‍ക്കല്‍ സഞ്ജു കണ്ടിട്ടില്ല. അതുപോലെ, ഇരട്ട ശതകം നേടിയതിന് ശേഷം ഏകദിന ടീമില്‍ നിന്നു പതുക്കെ അപ്രത്യക്ഷനായ താരമാണ് ഇഷാന്‍.

Also Read: Sanju Samson: നെതര്‍ലന്‍ഡ്‌സിനെതിരെ സഞ്ജു സാംസണ്‍ കളിച്ചേക്കും; സുന്ദറിനും സാധ്യത

ഒടുവില്‍ റെഡ് ബോള്‍ ഫോര്‍മാറ്റിനോടും, ഡൊമസ്റ്റിക് ക്രിക്കറ്റിനോടും പ്രതിബദ്ധത കാണിച്ചില്ലെന്ന പേരില്‍ ഇഷാന് ബിസിസിഐയുടെ കരാറും നഷ്ടപ്പെട്ടു. ഇപ്പോഴും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഇഷാന്‍ പുറത്താണ്. എന്തായാലും, കരാര്‍ നഷ്ടപ്പെടേണ്ട സാഹചര്യത്തിലേക്ക് ഇതുവരെ സഞ്ജു എത്തിച്ചേര്‍ന്നിട്ടില്ല.

സ്വന്തം തലവര തിരുത്തി

അവസരങ്ങള്‍ മുതലാക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടെങ്കില്‍, അവിടെയായിരുന്നു ഇഷാന്റെ വിജയം. ഡൊമസ്റ്റിക് ക്രിക്കറ്റിനോട് പ്രതിബദ്ധത കാണിക്കുന്നില്ലെന്ന പേരില്‍ ബിസിസിഐയുടെ നടപടി നേരിട്ട ഇഷാന്‍, ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമിലൂടെ ദേശീയ ടി20 ടീമിലേക്ക് തിരികെയെത്തി.

തിലക് വര്‍മയുടെ അസാന്നിധ്യം കൊണ്ട് മാത്രമാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇഷാന് അവസരം ലഭിച്ചത്. സഞ്ജു അമ്പേ പരാജയമായ പരമ്പരയില്‍ ഇഷാന്‍ തകര്‍ത്താടി. വെറും ബാക്കപ്പ് താരമായി ടി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരം, ഇപ്പോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രധാന കീപ്പറായി. സഞ്ജു ബാക്കപ്പുമായി മാറി. അവസരങ്ങള്‍ എങ്ങനെ മുതലാക്കണമെന്നതില്‍ ഇഷാന്‍ എല്ലാവര്‍ക്കും പാഠമാണ്.

അന്ന് സഞ്ജുവിനെയോര്‍ത്ത് കണ്ട സ്വപ്നം

കാര്യവട്ടത്ത് ഒരു മിന്നും സെഞ്ചുറി. ലോകകപ്പില്‍ പാകിസ്ഥാനെതിരെ മാന്‍ ഓഫ് ദ മാച്ച്…ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ സഞ്ജു സാധ്യമാക്കുമെന്ന് കരുതി മലയാളി ആരാധകര്‍ കണ്ട സ്വപ്‌നങ്ങളാണിത്. സഞ്ജുവിനെയോര്‍ത്ത് അന്ന് മലയാളി കണ്ട സ്വപ്‌നങ്ങളെല്ലാം ഇന്ന് യാഥാര്‍ത്ഥ്യമാക്കി മാറ്റിയിരിക്കുകയാണ് ഇഷാന്‍. ‘ഔട്ട് ഓഫ് ബോക്‌സ് ആറ്റിറ്റിയൂഡും’ ‘അണ്‍ ഓര്‍ത്തഡോക്‌സ്’ ഷോട്ടുകളുമായി കളം നിറഞ്ഞു കളിക്കുന്ന ഇഷാന്‍ ടി20 ലോകകപ്പിലെ ഇന്ത്യയുടെ വജ്രായുധമായി മാറിയിരിക്കുകയാണ്.