KCL 2026 Stats: റണ്ണടിച്ചുകൂട്ടി അസ്ഹറുദ്ദീന്‍ ബഹുദൂരം മുന്നില്‍; വിക്കറ്റ് വേട്ടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Kerala cricket league 2026 top performers: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ ആറു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളിലും, വ്യക്തിഗത പ്രകടനത്തിലും ആലപ്പി റിപ്പിള്‍സിന്റെ കുതിപ്പ്. കഴിഞ്ഞ രണ്ട് സീസണിലെയും മോശം പ്രകടനത്തിന്റെ ക്ഷീണം തീര്‍ക്കുന്നതാണ് ആലപ്പിയുടെ ഇതുവരെയുള്ള പ്രകടനം.
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ ആറു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളിലും, വ്യക്തിഗത പ്രകടനത്തിലും ആലപ്പി റിപ്പിള്‍സിന്റെ കുതിപ്പ്. കഴിഞ്ഞ രണ്ട് സീസണിലെയും മോശം പ്രകടനത്തിന്റെ ക്ഷീണം തീര്‍ക്കുന്നതാണ് ആലപ്പിയുടെ ഇതുവരെയുള്ള പ്രകടനം. ആറു മത്സരങ്ങളില്‍ നിന്ന് നാലു വിജയവുമായി എട്ട് പോയിന്റ് സ്വന്തമാക്കിയ ആലപ്പി റിപ്പിള്‍സ് പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. റണ്‍വേട്ടക്കാരിലും, വിക്കറ്റ് വേട്ടക്കാരിലും ഒന്നാമതുള്ളതും ആലപ്പിയുടെ താരങ്ങളാണ്. മുഹമ്മദ് അസ്ഹറുദ്ദീനാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മുന്നിലുള്ളത്. വിക്കറ്റ് വേട്ടക്കാരില്‍ അബിജിത്ത് പ്രവീണ്‍ ലീഡ് ചെയ്യുന്നു.
എതിരാളികളില്ലാതെ അസ്ഹറുദ്ദീന്‍
ആലപ്പി റിപ്പിള്‍സിന്റെ വൈസ് ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആറു മത്സരങ്ങളില്‍ നിന്ന് 419 റണ്‍സാണ് ഇതുവരെ നേടിയത്. രണ്ടാമതുള്ള ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ അഭിഷേജ് ജെ നായര്‍ ആറു മത്സരങ്ങളില്‍ നിന്ന് നേടിയത് 282 റണ്‍സ് മാത്രം.
ആറു മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയുമാണ് അസ്ഹറുദ്ദീന്‍ ഇതുവരെ നേടിയത്. 139.67 ആണ് ആവറേജ്. അഭിഷേജ് കെ നായര്‍ ഒരു സെഞ്ചുറിയും, രണ്ട് അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി. 267 റണ്‍സ് അടിച്ചുകൂട്ടിയ ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ വത്സല്‍ ഗോവിന്ദ് മൂന്നാമതും, 241 റണ്‍സുമായി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ നാലാമതും മുന്നേറുന്നു.
അഖില്‍ സ്‌കറിയ (ആറു മത്സരങ്ങളില്‍ നിന്ന് 202 റണ്‍സ്), കൃഷ്ണ പ്രസാദ് (അഞ്ച് മത്സരങ്ങളില്‍ നിന്ന് 157), സിജോമോന്‍ ജോസഫ് (അഞ്ച് മത്സരങ്ങളില്‍ നിന്ന് 144), സല്‍മാന്‍ നിസാര്‍ (ആറു മത്സരങ്ങളില്‍ നിന്ന് 138), വിഷ്ണു വിനോദ് (അഞ്ച് മത്സരങ്ങളില്‍ നിന്ന് 129), ഷോണ്‍ റോജര്‍ (അഞ്ച് മത്സരങ്ങളില്‍ നിന്ന് 128 റണ്‍സ്) എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ള മറ്റ് താരങ്ങള്‍.
വിക്കറ്റ് വേട്ടയില്‍ ഇഞ്ചോടിഞ്ച്
വിക്കറ്റ് വേട്ടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആറു മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ ആലപ്പി റിപ്പിള്‍സിന്റെ അബിജിത്ത് പ്രവീണ്‍ ലീഡ് ചെയ്യുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രിവാന്‍ഡ്രം റോയല്‍സിന്റെ നിഖില്‍ എം തൊട്ടുപിന്നാലെയുണ്ട്. മൂന്ന് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളിലുള്ള താരങ്ങളെല്ലാം എട്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയവരാണ്.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ ഹരികൃഷ്ണന്‍ എംയു (ആറു മത്സരങ്ങള്‍), തൃശൂര്‍ ടൈറ്റന്‍സിന്റെ ബിജു നാരായണന്‍ (അഞ്ച് മത്സരങ്ങള്‍), കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ അഖില്‍ സ്‌കറിയ (ആറു മത്സരങ്ങള്‍), കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ബേസില്‍ തമ്പി (അഞ്ച് മത്സരങ്ങള്‍), ആലപ്പി റിപ്പിള്‍സിന്റെ അഖില്‍ ദേവ് (ആറു മത്സരങ്ങള്‍), കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ അഖിന്‍ സത്താര്‍ (ആറു മത്സരങ്ങള്‍) എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളിലുള്ളവര്‍. ഒമ്പതാമതുള്ള ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ വിജയ് എസ് വിശ്വനാഥും (ആറു മത്സരങ്ങള്‍), പത്താമതുള്ള തൃശൂര്‍ ടൈറ്റന്‍സിന്റെ ആദിത്യ വിനോദും (അഞ്ച് മത്സരങ്ങള്‍) ഏഴു വിക്കറ്റുകള്‍ വീതം ഇതുവരെ വീഴ്ത്തി.
English Summary
After six matches in the third season of the Kerala Cricket League, Mohammed Azharuddeen is the leading run-scorer. Abijith Praveen leads the wicket-taker list.