Shubman Gill: രഞ്ജി അനുഭവസമ്പത്തില്ലാത്ത നായകൻ! ഗില്ലിന്റെ ക്യാപ്റ്റന്‍സിക്കെതിരെ തുറന്നടിച്ച് മുന്‍താരം
Mohammad Kaif Questions Shubman Gill’s Test Captaincy : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ സമനില ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ സാധ്യതകള്‍ തിരിച്ചടിയായിരിക്കുകയാണ്. ഡബ്ല്യുടിസി സൈക്കിളില്‍ അവശേഷിക്കുന്ന ഏഴു മത്സരങ്ങളില്‍ ആറിലും വിജയിച്ചാലേ ഇന്ത്യയ്ക്ക് ഇനി സാധ്യതയുള്ളൂ.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ സമനില ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ സാധ്യതകള്‍ തിരിച്ചടിയായിരിക്കുകയാണ്. ഡബ്ല്യുടിസി സൈക്കിളില്‍ അവശേഷിക്കുന്ന ഏഴു മത്സരങ്ങളില്‍ ആറിലും വിജയിച്ചാലേ ഇന്ത്യയ്ക്ക് ഇനി സാധ്യതയുള്ളൂ. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനടുത്തെത്തിയെങ്കിലും സോണാൽ ദിനുഷ (264 പന്തില്‍ പുറത്താകാതെ 133) നടത്തിയ ചെറുത്തുനില്‍പാണ് മത്സരം സമനിലയിലെത്തിച്ചത്. കൊളംബോയിലെ സമനിലയ്ക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍താരം മുഹമ്മദ് കൈഫ് രംഗത്തെത്തി.
ശുഭ്മാന്‍ ഗില്ലിന് രഞ്ജി ട്രോഫിയില്‍ മതിയായ ക്യാപ്റ്റന്‍സി പരിചയം ലഭിച്ചിട്ടില്ലെന്ന് കൈഫ് വിമര്‍ശിച്ചു. ശുഭ്മൻ ഗിൽ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളിൽ മാത്രമാണ് ക്യാപ്റ്റനായിട്ടുള്ളത്. അത്രമാത്രമേയുള്ളൂ. ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നയിച്ച് അദ്ദേഹത്തിന് വലിയ പരിചയമില്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ പരിചയമുണ്ട്. രഞ്ജി ട്രോഫിയിൽ നായകനായി ഉയർന്നു വന്ന അനുഭവസമ്പത്ത് അദ്ദേഹത്തിനില്ലെന്ന് കൈഫ് തുറന്നടിച്ചു.
ലങ്കൻ ബാറ്റർമാർ ശക്തമായ പ്രതിരോധം തീർത്തപ്പോൾ, അതിന് മറുപടി കണ്ടെത്താനാകാതെ ഗിൽ ബുദ്ധിമുട്ടുകയായിരുന്നു എന്നതിന് തെളിവാണ് ബൗളർമാരുമായി അദ്ദേഹം നടത്തിയ നിരന്തരമായ ചർച്ചകളും കളിയിലുണ്ടായ ആസൂത്രണമില്ലായ്മയെന്നും കൈഫ് ചൂണ്ടിക്കാട്ടി.
സഹായത്തിനായി നോക്കുന്നത് പോലെ തോന്നി
കളിക്കളത്തിൽ ശുഭ്മൻ ഗിൽ എവിടെയോ സഹായത്തിനായി മറ്റുള്ളവരെ നോക്കുന്നത് പോലെ തനിക്ക് തോന്നിയെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു. അദ്ദേഹത്തെ സഹായിക്കാൻ വേണ്ടത്ര പരിചയസമ്പന്നരായ താരങ്ങള്‍ ആ ടീമിൽ ഇല്ലായിരുന്നു. വൈസ് ക്യാപ്റ്റനായി കെ.എൽ. രാഹുൽ അവിടെയുണ്ട്, ഋഷഭ് പന്തുണ്ട്, 90-ഓളം ടെസ്റ്റ് മത്സരങ്ങൾ കളിച്ച രവീന്ദ്ര ജഡേജയും അവിടെയുണ്ട്. എന്നാൽ ജഡേജ ഒരു ലീഡർഷിപ്പ് റോളിലേക്ക് ശരിക്കും വരുന്നില്ല. നായകത്വ ശേഷിയുള്ള അധികം താരങ്ങള്‍ ആ ടീമിൽ ഉണ്ടായിരുന്നില്ലെന്നും മുന്‍താരം അഭിപ്രായപ്പെട്ടു.
സോണാൽ ദിനുഷയ്‌ക്കെതിരായ ഇന്ത്യയുടെ സമീപനത്തെ കൈഫ് രൂക്ഷമായി വിമർശിച്ചു. ചില സമയങ്ങളിൽ സന്ദർശകരായ ഇന്ത്യൻ ടീം തികച്ചും നിസ്സഹായരായി കാണപ്പെട്ടുവെന്നും ഒരു മികച്ച ഫലം ഉണ്ടാക്കിയെടുക്കാൻ ആവശ്യമായ എക്സിക്യൂഷൻ അവരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇതിനുമുമ്പ് നമ്മൾ ഇതുപോലെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു അത്. ചില സമയങ്ങളിൽ ഇന്ത്യൻ ടീം അത്രമേൽ നിസ്സഹായരായി കാണപ്പെട്ടു. സോണാലിനെതിരെ, ഓവറിലെ അവസാന പന്ത് ഒരു ഡോട്ട് ബോളാക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനാൽ മൊത്തത്തിൽ, ശുഭ്മൻ ഗില്ലിന് ചെറിയ രീതിയിലെങ്കിലും നിരാശയുണ്ടാകും എന്ന് ഞാൻ കരുതുന്നു,” കൈഫ് കൂട്ടിച്ചേർത്തു. ടീമിൽ ഒരു നായകമാറ്റം തികച്ചും സുഗമമായി നടക്കണമെങ്കിൽ, പുതിയ ക്യാപ്റ്റന്മാർ പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം കുറച്ചുകാലം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.
English Summary
Mohammad Kaif criticized Shubman Gill’s Test leadership after India’s drawn Test against Sri Lanka. He noted that Gill looked helpless and lacked senior support on the final day. Kaif pointed out that Gill took over as captain without enough Ranji Trophy leadership experience.