KCL 2026: ഹര്‍ഭജനെ അനുകരിച്ച് പന്തെറിഞ്ഞ് ശ്രീശാന്ത്; സിക്‌സര്‍ പറത്തി ഗെയ്ല്‍
Sreesanth vs Chris Gayle in Kerala Cricket League: വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് ഒരിക്കല്‍ കൂടി ക്രിസ് ഗെയിലിനെതിരെ പന്തെറിഞ്ഞു. കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ഗെയ്ല്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് ആരാധകര്‍ക്ക് വേണ്ടി ഇരുവരും മൈതാനത്തെത്തിയത്. ഹര്‍ഭജന്‍ സിങിനെ അനുകരിച്ചാണ് ശ്രീശാന്ത് ഒരു പന്തെറിഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് ഒരിക്കല്‍ കൂടി ക്രിസ് ഗെയിലിനെതിരെ പന്തെറിഞ്ഞു. കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ഗെയ്ല്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് ആരാധകര്‍ക്ക് വേണ്ടി ഇരുവരും മൈതാനത്തെത്തിയത്. ശ്രീശാന്ത്, മുഹമ്മദ് ഇനാന്‍ തുടങ്ങിയവര്‍ ഗെയ്‌ലിനെതിരെ പന്തെറിഞ്ഞു. മിക്ക പന്തുകളും ഗെയ്ല്‍ സിക്‌സറിന് പറത്തി. ഹര്‍ഭജന്‍ സിങിനെ അനുകരിച്ചാണ് ശ്രീശാന്ത് ഒരു പന്തെറിഞ്ഞത്. ഈ പന്തും ഗെയ്ല്‍ ഗാലറിയിലേക്ക് പറത്തി. അടുത്തിടെ ഒരു അഭിമുഖത്തില്‍ ശ്രീശാന്ത് ഹര്‍ഭജനെ ബോക്‌സിങ് റിങിലേക്ക് പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ഭജനെ അനുകരിച്ച് ഗെയ്‌ലിന് പന്തെറിഞ്ഞത്.
ആ വെല്ലുവിളിക്ക് പിന്നില്‍
ഐപിഎല്ലിലെ ആദ്യ സീസണില്‍ ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലിയത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ഏറെ നാള്‍ ഇരുതാരങ്ങളും പരസ്പരം മിണ്ടിയിരുന്നില്ല. വളരെ നാളുകള്‍ക്ക് ശേഷം ഇരുവരും സൗഹൃദം പുനഃസ്ഥാപിച്ചു. എന്നാല്‍ പരോക്ഷമായി ശ്രീശാന്തിനെ പരിഹസിക്കുന്ന തരത്തിലുള്ള ഒരു പരസ്യത്തില്‍ അടുത്തിടെ ഹര്‍ഭജന്‍ അഭിനയിച്ചത് കാര്യങ്ങള്‍ വീണ്ടും വഷളാക്കി.
തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ‘തല്ലിത്തീര്‍ക്കാനാ’യി ഹര്‍ഭജനെ ബോക്‌സിങ് റിങിലേക്ക് ശ്രീശാന്ത് വെല്ലുവിളിച്ചത്. തന്റേത് ഒരു തുറന്ന വെല്ലുവിളിയാണെന്നും ശ്രീശാന്ത് തുറന്നടിച്ചിരുന്നു. ശ്രീശാന്തിനൊപ്പം ഒരേ മുറിയിലായിരുന്നെങ്കില്‍ തങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ ഹര്‍ഭജന്‍ പ്രതികരിച്ചിരുന്നു.
ഗെയ്ല്‍ തിരുവനന്തപുരത്ത്
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് ക്രിസ് ഗെയ്ല്‍. ബ്ലൂ ടൈഗേഴ്‌സിന്റെ മത്സരം കാണാന്‍ കൂടിയാണ് ഗെയ്ല്‍ എത്തിയത്. വീണ്ടും കേരളത്തിലെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള വേദിയാണ് കേരള ക്രിക്കറ്റ് ലീഗ് എന്ന് അദ്ദേഹം പറഞ്ഞു. താരങ്ങളുമായി അനുഭവം പങ്കുവെയ്ക്കാന്‍ കഴിയുമെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മീന്‍ വിഭവങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണെന്നും ‘യൂണിവേഴ്‌സല്‍ ബോസ്’ വ്യക്തമാക്കി.
ബ്ലൂ ടൈഗേഴ്‌സിന് വിജയം
അതേസമയം, ഗെയ്‌ലിന്റെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഇന്ന് നടന്ന ആവേശപ്പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ ഒരു റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊച്ചി 19.1 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടായി. എന്നാല്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ പോരാട്ടം 20 ഓവറില്‍ 170 റണ്‍സിന് അവസാനിച്ചു.
ആദ്യം ബാറ്റു ചെയ്ത കൊച്ചിക്കു വേണ്ടി യു മനുകൃഷ്ണനും (35 പന്തില്‍ 50), എസ് സച്ചിനും (23 പന്തില്‍ 46) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. നാലു വിക്കറ്റെടുത്ത ശരത്ചന്ദ്ര പ്രസാദും, മൂന്ന് വിക്കറ്റെടുത്ത അബ്ദുല്‍ റമീസും തൃശൂരിനായി ബൗളിങില്‍ തിളങ്ങി.
എന്നാല്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കാര്‍ത്തിക് നായരുടെയും, രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ ബേസില്‍ തമ്പിയുടെയും, മുഹമ്മദ് ആഷിക്കിന്റെയും ബൗളിങ് മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ തൃശൂരിന് സാധിച്ചില്ല. 34 പന്തില്‍ 41 റണ്‍സെടുത്ത ഷോണ്‍ റോജറാണ് തൃശൂരിന്റെ ടോപ് സ്‌കോറര്‍.
English Summary
Chris Gayle faced Sreesanth in a fun face-off during the Kerala Cricket League in Thiruvananthapuram. Sreesanth imitated Harbhajan Singh’s action, but Gayle smashed the ball into the stands for a six. The playful moment follows Sreesanth’s recent boxing ring challenge to Harbhajan over a controversial advertisement.