Manav Krishna: സെവാഗിന്റെയും, ദ്രാവിഡിന്റെയും മക്കള്‍ മാത്രമല്ല; ഓസീസ് പര്യടനത്തിനുള്ള അണ്ടര്‍ 19 ടീമില്‍ മലയാളി പയ്യനും
Manav Krishna Earns India U-19 Call-Up After Stellar Century Against Sri Lanka: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്ക് മലയാളി താരം മാനവ് കൃഷ്ണയെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ മാനവ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള (Multi Day Series) ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്ക് മലയാളി താരം മാനവ് കൃഷ്ണയെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ മാനവ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. അഭിപ്രായ് വിശ്വാസാണ് പതിനഞ്ചംഗ സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. യാഷ്ബര്‍ധന്‍ ചൗഹാനാണ് ക്യാപ്റ്റന്‍. ലക്ഷ്യ റായ്ചന്ദനിയാണ് വൈസ് ക്യാപ്റ്റന്‍. ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനമാണ് ഓസീസ് പര്യടനത്തിലും മാനവിന് ഇടം സമ്മാനിച്ചത്. ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരായ മത്സരത്തില്‍ മാനവ് സെഞ്ചുറി നേടിയിരുന്നു.
സാഗര്‍ വിര്‍ക്ക്, കുശാഗ്ര ഓജ, മാനല്‍ ചൗഹാന്‍, ഖുശ് പട്ടേല്‍, രോഹിത് യാദവ്, ഇഷാന്‍ ഓം, അയാന്‍ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാന്‍ഷ് സിങ്, മോഹിത് ഉല്‍വ, ആര്യന്‍ യാദവ് എന്നിവരാണ് സ്‌ക്വാഡിലെ മറ്റു താരങ്ങള്‍.
ബിസിസിഐയുടെ പ്രഖ്യാപനം:
ഓസീസ് പര്യടനത്തിലെ വണ്‍ ഡേ സീരിസിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെയും പ്രഖ്യാപിച്ചു. മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗും, രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡും വണ്‍ ഡേ സീരിസിനുള്ള പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലക്ഷ്യ റായ്ചന്ദാനിയാണ് ക്യാപ്റ്റന്‍. യാഷ്ബര്‍ധന്‍ ചൗഹാനാണ് ഉപനായകന്‍.
അര്‍ജുന്‍ രാജ്പുത്, വി യാഷ്‌വീര്‍, മോഹിത് ഉല്‍വ, വികെ വിനീത്, മനല്‍ ചൗഹാന്‍, രോഹിത് യാദവ്, ചിഗുരുപതി വെങ്കട, രജത് ബഗേല്‍, കുശാഗ്ര ഓജ, ഷാവിന്‍ വിനോദ്, കാവ്യ പട്ടേല്‍ എന്നിവരാണ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട മറ്റു താരങ്ങള്‍.
മാനവിന് പ്രശംസ
ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ മള്‍ട്ടി ഡേ സീരിസിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട മാനവ് കൃഷ്ണയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രശംസിച്ചു. ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരായ മത്സരത്തില്‍ മൂന്ന് സിക്‌സുകളുടെയും, ആറു ഫോറുകളുടെയും അകമ്പടിയോടെ 151 പന്തില്‍ 100 റണ്‍സാണ് മാനവ് നേടിയത്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായുള്ള അരങ്ങേറ്റത്തിലായിരുന്നു മാനവിന്റെ സെഞ്ചുറി നേട്ടം.
സഞ്ജു സാംസണിന്റെ പിന്‍ഗാമിയായാണ് മാനവിനെ വിലയിരുത്തുന്നത്. കരിയറില്‍ സഞ്ജുവുമായി മാനവിന് പല സമാനതകളുണ്ട്. രണ്ടു പേരും വിക്കറ്റ് കീപ്പര്‍മാരും, തിരുവനന്തപുരം ജില്ലക്കാരുമാണ്. സഞ്ജുവിനെ പോലും മാനവും ഡല്‍ഹിയില്‍ വെച്ചാണ് ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്.
കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവരുടെയും കരിയറില്‍ നിര്‍ണായകമായത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ മാനവ് അടുപ്പിച്ച് രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു. കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ താരമാണ്. കേരളത്തിന്റെ അണ്ടര്‍ 10 ക്യാപ്റ്റന്‍ കൂടിയാണ് മാനവ് കൃഷ്ണ.
English Summary
Kerala wicketkeeper-batter Manav Krishna has been selected for the India U-19 Multi-Day squad for the Australia tour. He earned his spot following a brilliant century against the Sri Lanka U-19 team. The selectors also announced the U-19 One-Day squad for the series.