തുടക്കത്തില്‍ തന്നെ മിന്നിച്ച് മാനവ് കൃഷ്ണ; പിന്‍ഗാമിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സഞ്ജുവും ‘ഹാപ്പി’
Sanju Samson congratulates Manav Krishna : ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യ അണ്ടര്‍ 19 താരം മാനവ് കൃഷ്ണയെ അഭിനന്ദിച്ച് സഞ്ജു സാംസണ്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സഞ്ജു സാംസണ്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നത്.
ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യ അണ്ടര്‍ 19 താരം മാനവ് കൃഷ്ണയെ അഭിനന്ദിച്ച് സഞ്ജു സാംസണ്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സഞ്ജു അഭിനന്ദനങ്ങള്‍ നേര്‍ന്നത്. മാനവിന്റെ പ്രകടനത്തെക്കുറിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പങ്കുവെച്ച കുറിപ്പ് സ്റ്റോറിയാക്കിയാണ് സഞ്ജു അഭിനന്ദനങ്ങള്‍ അറിയിച്ചത്. ‘കണ്‍ഗ്രാജുലേഷന്‍സ് മാനവ്’ എന്ന് സഞ്ജു കുറിച്ചു. ഇന്ത്യ അണ്ടര്‍ 19 ടീമിനായുള്ള അരങ്ങേറ്റത്തിലാണ് മാനവ് സെഞ്ചുറി നേടിയത്. 151 പന്തില്‍ 100 റണ്‍സ് നേടി. മൂന്ന് സിക്‌സും, ആറു ഫോറും അടങ്ങുന്നതാണ് പ്രകടനം.
കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റനാണ് മാനവ്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19 ടെസ്റ്റ് (ചതുര്‍ദിനം) മത്സരത്തിനുള്ള സ്‌ക്വാഡില്‍ മാനവിന് ഇടം സമ്മാനിച്ചത്.
സഞ്ജുവിന്റെ പിന്‍ഗാമി
സഞ്ജുവിന്റെ പിന്‍ഗാമിയായാണ് മാനവിനെ മലയാളി ആരാധകര്‍ കാണുന്നത്. സഞ്ജുവിനെ പോലെ തന്നെ മാനവും വിക്കറ്റ് കീപ്പറാണ്. രണ്ടു പേരും തിരുവനന്തപുരം ജില്ലക്കാരാണെന്നതാണ് മറ്റൊരു സമാനത. താരതമ്യം ഇതുകൊണ്ടും അവസാനിക്കുന്നില്ല.
സഞ്ജുവിനെ പോലെ മാനവും ഡല്‍ഹിയില്‍ വെച്ചാണ് ക്രിക്കറ്റ് കരിയറിലേക്ക് കാലെടുത്തുവയ്ക്കുന്നത്. 13-ാം വയസിലാണ് മാനവ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തുന്നത്. ഏറെക്കുറെ സമാനമായിരുന്നു സഞ്ജുവിന്റെ കരിയറും.
കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവരെയും ശ്രദ്ധാകേന്ദ്രമാക്കുന്നത്. കഴിഞ്ഞ ആഭ്യന്തര അണ്ടര്‍ 19 സീസണില്‍ മാനവ് 592 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അടുപ്പിച്ച് രണ്ട് സെഞ്ചുറികള്‍ നേടി. സൗരാഷ്ട്രയ്‌ക്കെതിരെയും (189 റണ്‍സ്), ഹൈദരാബാദിനെയും (144) സെഞ്ചുറി നേടി. കേരളത്തിന്റെ അണ്ടര്‍ 16 ക്യാപ്റ്റനായും താരം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
Also Read: Rohit Sharma: നീലക്കുപ്പായത്തിൽ ‘ഹിറ്റ്മാൻ’ ഇനിയില്ല? രോഹിത് ശർമ്മയോട് ‘ബൈ’ പറയാന്‍ ബിസിസിഐ
ഈ വര്‍ഷമാദ്യം ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ താരം രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. ഒമാന്‍ സന്ദര്‍ശിച്ച കേരള സ്‌ക്വാഡില്‍ മാനവും ഇടം നേടിയിരുന്നു. ഇത്തവണത്തെ കേരള ക്രിക്കറ്റ് ലീഗ് താരലേലത്തില്‍ മാനവിനെ 2.90 ലക്ഷം രൂപയ്ക്ക് തൃശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയിരുന്നു. എന്‍എസ്‌കെ ട്രോഫിയിലെ പ്രോമിസിങ് യങ്‌സ്റ്റര്‍ പുരസ്‌കാരം താരം സ്വന്തമാക്കിയിട്ടുണ്ട്.
ബിസിസിഐയുടെ സെന്റര്‍ ഫോര്‍ എക്‌സ്‌ലന്‍സ് ക്യാമ്പില്‍ മാനവ് പങ്കെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍-അനിത ദമ്പതികളുടെ മകനാണ്. സഹോദരന്‍ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടര്‍ 19 താരമാണ്. ദേശീയ അണ്ടര്‍ 19 ടീമിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മാനവ് ഈ മികവ് ആവര്‍ത്തിച്ചാല്‍ സഞ്ജുവിന് ശേഷം ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തുന്ന മലയാളി താരമാകുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍.
മത്സരത്തില്‍ സംഭവിച്ചത്
ഇന്ത്യ അണ്ടര്‍ 19-ശ്രീലങ്ക അണ്ടര്‍ 19 ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക അണ്ടര്‍ 19 ടീം ഒമ്പത് വിക്കറ്റിന് 424 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇന്ത്യ അണ്ടര്‍ 19 രാജേഷ് റായ്ചന്ദാനിയുടെ ഇരട്ട സെഞ്ചുറിയുടെയും (207), സാഗര്‍ വീര്‍കിന്റെയും (134), മാനവിന്റെയും സെഞ്ചുറി മികവില്‍ 576 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക അണ്ടര്‍ 19 ആറു വിക്കറ്റിന് 178-ല്‍ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ മത്സരം സമനിലയിലായി.
English Summary
Sanju Samson congratulated Kerala’s Manav Krishna on Instagram for scoring a century on his India U-19 debut against Sri Lanka. Manav scored 100 runs off 151 balls, mimicking Sanju’s path as a wicketkeeper-batsman from Thiruvananthapuram. Both players spent their early cricketing days in Delhi and excelled in the Cooch Behar Trophy. Kerala cricket fans now view the talented youngster as the rightful successor to Sanju Samson.