Sanju Samson: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക്! സഞ്ജുവിനെ കാണാന്‍ കിലോമീറ്ററുകളോളം നടന്ന് ആരാധകന്‍
Sanju Samson’s Die-Hard Fan Walks from AP to Kerala: സഞ്ജു സാംസണെ നേരില്‍ കാണാന്‍ കിലോമീറ്ററുകളോളം നടക്കുന്ന ഒരു ആരാധകന്റെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ കട്ടയ്ക്ക് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രിയതാരത്തെ കാണുകയെന്ന മോഹം പൂവണിയും വരെ ഒപ്പം നില്‍ക്കുമെന്നാണ് ഈ യുവാവിന് സോഷ്യല്‍ മീഡിയ നല്‍കുന്ന ഉറപ്പ്.
‘നമ്മള്‍ ആത്മാര്‍ത്ഥമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ പ്രപഞ്ചം മുഴുവന്‍ അത് സാധിച്ചുതരാന്‍ കൂടെ നില്‍ക്കും’ എന്നാണ് പൗലോ കൊയ്‌ലോയുടെ ‘ദി ആല്‍ക്കെമിസ്റ്റ്’ എന്ന പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഏത് ആഗ്രഹങ്ങളും സാധിക്കാന്‍ പലരെയും സഹായിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. ക്രിക്കറ്റ് താരം സഞ്ജു സാംസണെ നേരില്‍ കാണാന്‍ കിലോമീറ്ററുകളോളം നടക്കുന്ന ഒരു ആരാധകന്റെ ആഗ്രഹം സാക്ഷാത്കരിക്കാനും കട്ടയ്ക്ക് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രിയതാരത്തെ കാണുകയെന്ന മോഹം പൂവണിയും വരെ ഒപ്പം നില്‍ക്കുമെന്നാണ് ഈ യുവാവിന് സോഷ്യല്‍ മീഡിയ നല്‍കുന്ന ഉറപ്പ്.
ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്ന ഒരു വീഡിയോ ദൃശ്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ‘ഇന്ത്യ ബെസ്റ്റ് ബാറ്റ്‌സ്മാന്‍ സഞ്ജു ഭയ്യ’ എന്ന പോസ്റ്ററും കൈകളിലേന്തി കാല്‍നടയായി സഞ്ചരിക്കുന്ന ഒരു യുവാവിന്റെ വീഡിയോ നന്ദന്‍ എന്നയാളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
കൈകളില്‍ ദേശീയ പതാക, ഹൃദയത്തില്‍ സഞ്ജു
ആന്ധ്രാപ്രദേശില്‍ നിന്നാണ് യുവാവ് കേരളത്തിലേക്ക് പുറപ്പെട്ടതെന്ന് അദ്ദേഹം പിടിച്ചിരിക്കുന്ന പോസ്റ്ററില്‍ വ്യക്തമാണ്. കൈയില്‍ ദേശീയ പതാകയും ഇദ്ദേഹം പിടിച്ചിട്ടുണ്ട്. സഞ്ജുവിനെ നെഞ്ചിലേറ്റിയ ഈ യുവാവിന്റെ പേരോ, മറ്റ് വിശദാംശങ്ങളോ വ്യക്തമായിട്ടില്ല. കൊല്ലത്തു നിന്ന് മടങ്ങും വഴിയാണ് നന്ദന്‍ ഈ യുവാവിനെ കാണുന്നത്.
വീഡിയോ കാണാം
View this post on Instagram
കോയമ്പത്തൂരില്‍ നിന്ന് ഏകദേശം ഏഴു ദിവസമായി ഈ യുവാവ് തുടര്‍ച്ചയായി നടക്കുകയാണ്. തോളിലൊരു ബാഗും, കൈകളില്‍ ജ്യൂസ് കുപ്പിയുമുണ്ട്. ഈ യുവാവിനെക്കുറിച്ച് പങ്കുവെച്ച റീല്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സഞ്ജുവിന്റെ ടീം നന്ദനുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Also Read: Sanju Samson: സഞ്ജു സാംസണ്‍ മുംബൈ ഇന്ത്യന്‍സിലേക്കോ? കിട്ടുന്നത് നായകസ്ഥാനമോ?
നന്ദന്റെ വാക്കുകള്‍:
‘കൊല്ലത്ത് പോയി മടങ്ങുംവഴിയാണ് ഇയാളെ കാണുന്നത്. കോയമ്പത്തൂരില്‍ നിന്ന് ഏഴു ദിവസമായി നടന്നുവരികയാണെന്നാണ് അദ്ദേഹം ചോദിച്ചപ്പോള്‍ പറഞ്ഞത്. ഇക്കാര്യമെല്ലാം ചോദിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍ പോസ്റ്റ് ചെയ്തിരുന്നു. റീല്‍ വൈറലായതിനെ തുടര്‍ന്ന് സഞ്ജു സാംസണിന്റെ ടീമില്‍ നിന്ന് ഒരാള്‍ എന്നെ കോണ്‍ടാക്ട് ചെയ്തു.
അദ്ദേഹത്തിന്റെ പേരോ, നമ്പറോ അറിയില്ലെന്ന് ഞാന്‍ മറുപടി നല്‍കി. പുള്ളി റോഡിലൂടെ പോയപ്പോള്‍ കല്ലമ്പലം സ്റ്റേഷനിലെ പൊലീസുകാര്‍ അദ്ദേഹത്തെ കൊണ്ടുപോയി ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്തു. ഓണസദ്യയും കൊടുത്താണ് അദ്ദേഹത്തെ യാത്രയാക്കിയത്. അവിടെ നിന്ന് പുള്ളിയുടെ പേരും നമ്പറുമൊക്കെ മേടിച്ച് സഞ്ജുവിന്റെ ടീമിലുള്ള അര്‍ജുന്‍ എന്നയാള്‍ക്ക് കൊടുത്തിട്ടുണ്ട്”.
ഏറ്റെടുത്ത് ആരാധകര്‍
നന്ദന്‍ പങ്കുവെച്ച ഈ വീഡിയോ അതിവേഗം വൈറലായി. നിരവധി പേരാണ് സഞ്ജുവിനെ മെന്‍ഷന്‍ ചെയ്ത് കമന്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം സഞ്ജു നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ചില കമന്റുകള്‍. ആരാധകന് സഞ്ജുവിനെ കാണാന്‍ എത്രയും പെട്ടെന്ന് കഴിയട്ടേയെന്നും പലരും ആശംസിക്കുന്നു.
English Summary
A dedicated fan walked from AP to Kerala to meet cricketer Sanju Samson. A video of his journey went viral on Instagram, grabbing wide social media attention. Following the viral post, Sanju Samson’s team contacted the content creator to trace the fan.