Shubman Gill: അമ്പട കേമാ, ഗില്‍ കുട്ടാ! ബാറ്റര്‍മാര്‍ അടപടലമായിട്ടും കുഴപ്പമില്ല; കുറ്റം മുഴുവന്‍ ബൗളര്‍മാര്‍ക്ക്
MI vs GT IPL 2026: മുംബൈ ഇന്ത്യന്‍സിനെതിരെ തോറ്റതിന് പിന്നാലെ, ബൗളര്‍മാരുടെ പ്രകടനത്തെ വിമര്‍ശിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 100 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയിട്ടും ബൗളര്‍മാരെയാണ് ഗില്‍ പഴിക്കുന്നത്. മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുത്തെന്നായിരുന്നു വിമര്‍ശനം.

ശുഭ്മാൻ ഗിൽ
അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരെ 99 റണ്‍സിന് തോറ്റതിന് പിന്നാലെ, ബൗളര്‍മാരുടെ പ്രകടനത്തെ വിമര്‍ശിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 15.5 ഓവറില്‍ 100 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഗില്ലടക്കമുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. എന്നിട്ടും ബൗളര്‍മാരെയാണ് ഗില്‍ പഴിക്കുന്നത്. മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുത്തെന്നായിരുന്നു ഗില്ലിന്റെ വിമര്‍ശനം.
മധ്യ ഓവറുകളിൽ വളരെയധികം റൺസ് വിട്ടുകൊടുത്തെന്നാണ് താന്‍ കരുതുന്നതെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു. ഇത്തരമൊരു വിക്കറ്റില്‍ 160-170 സ്‌കോറില്‍ പിടിച്ചുനിര്‍ത്തണമായിരുന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് തങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഗുജറാത്ത് ക്യാപ്റ്റന്‍ വ്യക്തമാക്കി.
തിരിച്ചുവരും
ഒരു തോല്‍വി നേരിട്ടു. പക്ഷേ, ഇനിയും മത്സരങ്ങള്‍ മുന്നിലുണ്ട്. വിജയത്തിലേക്ക് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഗില്‍ പറഞ്ഞു. ശരിയായ ഏരിയകളിലേക്ക് പന്തെറിഞ്ഞതായി തോന്നുന്നില്ല. മികച്ച ലെങ്തിലും പന്തെറിഞ്ഞില്ല. മധ്യ ഓവറുകളില്‍ കുറച്ചുകൂടി സ്ഥിരതയോടെ പന്തെറിയാമായിരുന്നുവെന്ന് കരുതുന്നു. പക്ഷേ, അത് തങ്ങള്‍ക്ക് സാധിച്ചില്ലെന്നും ഗില്‍ പറഞ്ഞു. തങ്ങള്‍ ബാറ്റ് ചെയ്തപ്പോള്‍ കുറച്ചുകൂടി മഞ്ഞുവീഴ്ചയുണ്ടായിരുന്നുവെന്ന് താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ സംഭവിച്ചത്
തുടര്‍പരാജയങ്ങളില്‍ വലഞ്ഞ മുംബൈയ്ക്ക് ആശ്വാസമായിരുന്നു ഗുജറാത്തിനെതിരായ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ സെഞ്ചുറി നേടിയ തിലക് വര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങിന്റെ പിന്‍ബലത്തിലാണ് 199 റണ്‍സ് അടിച്ചുകൂട്ടിയത്. പുറത്താകാതെ 45 പന്തില്‍ 101 റണ്‍സാണ് തിലക് നേടിയത്. ഏഴ് സിക്‌സറും, എട്ടു ഫോറും തിലക് നേടി.
മുംബൈ താരങ്ങളുടെ ആഹ്ലാദം
A 𝙈𝙄𝘨𝘩𝘵𝘺 win in Ahmedabad!! 👊@mipaltan get back on winning ways with a massive 99-run win 🔥
MATCH HIGHLIGHTS ▶️ https://t.co/cf6MPBi5b2#TATAIPL | #KhelBindaas | #GTvMI pic.twitter.com/RmQQzh0WHQ
— IndianPremierLeague (@IPL) April 20, 2026
മൂന്ന് വിക്കറ്റെടുത്ത കഗിസോ റബാദ ഗുജറാത്തിനായി ബൗളിങില്‍ തിളങ്ങി. തിലകും, 32 പന്തില്‍ 45 റണ്‍സെടുത്ത നമാന്‍ ധിറും ഒഴികെയുള്ള മുംബൈ ബാറ്റര്‍മാര്‍ നിറംമങ്ങി. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ-16 പന്തില്‍ 15, സൂര്യകുമാര്‍ യാദവ്-10 പന്തില്‍ 15 തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി.
ഗുജറാത്ത് നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. വാഷിങ്ടണ്‍ സുന്ദറായിരുന്നു ടോപ് സ്‌കോറര്‍. 17 പന്തില്‍ 26 റണ്‍സാണ് സുന്ദര്‍ നേടിയത്. ആകെ നാലു ബാറ്റര്‍മാരാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 13 പന്തില്‍ 14 റണ്‍സ് നേടി.
ഇമ്പാക്ട് പ്ലയറായെത്തിയ അശ്വനി കുമാര്‍ നാലു വിക്കറ്റും, മിച്ചല്‍ സാന്റ്‌നറും, അല്ലാ ഗസന്‍ഫര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ജസ്പ്രീത് ബുംറയ്ക്കും, ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. സായ് സുദര്‍ശനെ ഗോള്‍ഡന്‍ ഡക്കാക്കിയ ബുംറ ഈ സീസണിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.
പോയിന്റ് ടേബിളില്‍
ഈ വിജയത്തോടെ മുംബൈ പോയിന്റ് ടേബിളില്‍ ഏഴാമതെത്തി. ആറു മത്സരങ്ങളില്‍ നിന്ന് മുംബൈ നേടുന്ന രണ്ടാമത്തെ വിജയമാണിത്. ആറു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയമുള്ള ഗുജറാത്ത് ആറാം സ്ഥാനത്താണ്. മുംബൈയ്ക്ക് നാലു പോയിന്റുണ്ട്. ഗുജറാത്തിന് ആറു പോയിന്റും.