Sanju Samson: വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു; നമീബിയക്കെതിരെ ഓപ്പണറായേക്കും; ആദ്യ സൂചന പുറത്ത്
Sanju Samson likely to replace Abhishek Sharma in IND vs NAM match: സഞ്ജു സാംസണ്‍ ഇന്ന് കുറേ നേരം നെറ്റ്‌സില്‍ ചെലവഴിച്ചു. സഞ്ജു ദീര്‍ഘനേരം ബാറ്റിങ് പരിശീലിച്ചു. നമീബിയക്കെതിരെ അഭിഷേക് കളിച്ചില്ലെങ്കില്‍, സ്വഭാവികമായും സഞ്ജു ഓപ്പണറാകും.

സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ
ടി20 ലോകകപ്പില്‍ വ്യാഴാഴ്ച നമീബിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കും. നമീബിയക്കെതിരെ അഭിഷേക് ശര്‍മ കളിച്ചേക്കില്ലെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴും അഭിഷേകിനെ അലട്ടുന്നുവെന്നാണ് വിവരം. താരം ഇന്ന് പരിശീലനത്തിന് ഇറങ്ങിയതുമില്ല. എന്നാല്‍, സഞ്ജു കുറേ നേരം നെറ്റ്‌സില്‍ ചെലവഴിച്ചു. സഞ്ജു ദീര്‍ഘനേരം ബാറ്റിങ് പരിശീലിച്ചു.
യുഎസിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്‌തെങ്കിലും അഭിഷേക് ഫീല്‍ഡിങിന് ഇറങ്ങിയിരുന്നില്ല. താരത്തിന് പനി ബാധിച്ചതായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിരുന്നു. വയറിലും അസ്വസ്ഥ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നമീബിയക്കെതിരായ മത്സരത്തില്‍ അഭിഷേകിന് വിശ്രമം അനുവദിക്കുമെന്നാണ് വിവരം. അതുകൊണ്ടാണ് അഭിഷേക് ഇന്ന് പരിശീലനം നടത്താത്തതെന്നാണ് ലഭ്യമാകുന്ന സൂചന.
അഭിഷേക് കളിച്ചില്ലെങ്കില്‍, സ്വഭാവികമായും സഞ്ജു ഓപ്പണറാകുമെന്ന് വ്യക്തമാണ്. ഇഷാന്‍ കിഷനാണ് സഹ ഓപ്പണര്‍. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജുവും അഭിഷേകുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയതിനാല്‍ യുഎസിനെതിരായ മത്സരത്തില്‍ ഇഷാനെ ഓപ്പണറായി നിയോഗിക്കുകയായിരുന്നു.
Also Read: Sanju Samson: റിങ്കുവിനെ ഒഴിവാക്കിയാലും സഞ്ജുവിന് രക്ഷയില്ല; വഴിമുടക്കിയത് ആ താരം
അഭിഷേക് ഇപ്പോഴും അസുഖബാധിതനാണെന്ന് ബാറ്റിംഗ് പരിശീലകൻ റയാൻ ടെൻ ഡോഷേറ്റ് സ്ഥിരീകരിച്ചു. അഭിഷേകിന് വയറില്‍ അസ്വസ്ഥതയുണ്ട്. അദ്ദേഹം രണ്ട് ദിവസത്തിനുള്ളില്‍ സുഖം പ്രാപിച്ച് മത്സരത്തിനിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞു.
അഭിഷേകിന്റെ അഭാവത്തിൽ, രണ്ട് നെറ്റ്‌കളിൽ ഒന്നിൽ സഞ്ജു സാംസണും ഇഷാൻ കിഷനും ജോഡികളായി ബാറ്റ് ചെയ്തു. അർഷ്ദീപ് സിംഗ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പന്തുകളെ സഞ്ജു നേരിട്ടു. എന്നാല്‍ പരിശീലന സെഷനിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മറുവശത്ത്, നെറ്റ്‌സില്‍ ഇഷാന്‍ കിഷന്‍ അടിച്ചുതകര്‍ത്തു.
നമീബിയക്കെതിരെ അവസരം കിട്ടിയാല്‍, സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ഇല്ലെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകും. തിലക് വർമ്മ, സൂര്യകുമാർ യാദവ് എന്നിവരും നെറ്റ്സിൽ കൂടുതൽ സമയം ചെലവഴിച്ചു. പരിക്കില്‍ നിന്ന് മുക്തനായി ടീമിനൊപ്പം ചേര്‍ന്ന വാഷിങ്ടണ്‍ സുന്ദറും ഇന്ന് പരിശീലന സെഷനില്‍ പങ്കെടുത്തു. വാഷിങ്ടണിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ റിങ്കു സിങ് പുറത്തിരിക്കേണ്ടി വരും.