T20 World Cup 2026: ‘അവധി’ എടുത്ത് ഇന്ത്യന്‍ ടീം; പരിശീലനം ഒഴിവാക്കി; പത്രസമ്മേളനവും ഇല്ല
Indian team optional training session: നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിശീലന സെഷന്‍ ഇന്ത്യന്‍ ടീം ഒഴിവാക്കി. പരിശീലന സെഷന്‍ ഒഴിവാക്കാനുള്ള കാരണം ഇന്ത്യന്‍ ടീം വ്യക്തമാക്കിയിട്ടില്ല.

Indian Team
ന്യൂഡൽഹി: നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ന് ഡല്‍ഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിശീലന സെഷന്‍ ഇന്ത്യന്‍ ടീം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഓപ്ഷണൽ പരിശീലന സെഷന്‍ ഒഴിവാക്കാനുള്ള കാരണം ഇന്ത്യന്‍ ടീം വ്യക്തമാക്കിയിട്ടില്ല. ഗ്രൗണ്ട് ലഭ്യമല്ലാത്തതിനാലാണ് ഇന്ത്യന്‍ ടീം പരിശീലനം ഒഴിവാക്കിയതെന്നാണ് സൂചന.
നാളെ നമീബിയയും നെതര്‍ലന്‍ഡ്‌സും ഏറ്റുമുട്ടും. ഈ മത്സരത്തിന് മുന്നോടിയായി ഇന്ന് രാവിലെ നമീബിയയും, വൈകുന്നേരം നെതര്‍ലന്‍ഡ്‌സും ഈ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. ഇരുടീമുകളും പരിശീലനം നടത്തുന്ന പശ്ചാത്തലത്തില്‍ ഗ്രൗണ്ട് ലഭ്യമല്ലാത്തത് പരിശീലനം ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീമിനെ പ്രേരിപ്പിച്ചെന്നാണ് സൂചന.
ഇന്ത്യന്‍ ടീമിന് ഇന്ന് അവധിയായിരിക്കുമെന്നും, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പരിശീലനം നടത്തില്ലെന്നും മാത്രമാണ് ബിസിസിഐ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചത്. പത്രസമ്മേളനവും നടത്തില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം 6 മുതൽ രാത്രി 9 വരെ ടീം ഇന്ത്യ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ഫെബ്രുവരി 12-നാണ് നമീബിയക്കെതിരായ ഇന്ത്യയുടെ മത്സരം. വൈകിട്ട് ഏഴിന് ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.
താരതമ്യേന ദുര്‍ലബരായ നമീബിയക്കെതിരെ ഇന്ത്യ അനായാസ ജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ 29 റണ്‍സിന് ജയിച്ചിരുന്നു. മികച്ച പ്രകടനമാണ് യുഎസ് ഇന്ത്യയ്‌ക്കെതിരെ പുറത്തെടുത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 161 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. യുഎസിന്റെ പോരാട്ടം എട്ട് വിക്കറ്റിന് 132 എന്ന നിലയില്‍ അവസാനിച്ചു.