AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മെസിക്ക് ഒരു കപ്പ്, അ‌ത് വെറുതേയല്ല സുഹൃത്തേ! ഈ ലോകകപ്പ് നേടിയാൽ മെസിക്കുണ്ടാകുന്ന നേട്ടങ്ങൾ

Messi- Super Ballon d'Or : വീണ്ടും ലോകകപ്പ് കിരീടം നേടിയാൽ ലയണൽ മെസിയെ കാത്തിരിക്കുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും അപൂർവ്വമായ സൂപ്പർ ബാലൻ ഡി ഓർ പുരസ്കാര സാധ്യതയാണ്. ഇതിനകം തന്നെ 8 ബാലൻ ഡി ഓറുകളും ഒരു ലോകകപ്പും (2022) മെസിയുടെ ഫുട്ബോൾ നേട്ടങ്ങളിലുണ്ട്. 2026-ൽ അർജന്റീന വീണ്ടും ലോകകപ്പ് നേടിയാൽ 9-ാം ബാലൻ ഡി ഓറും മെസിയെ തേടി എത്തിയേക്കും.

മെസിക്ക് ഒരു കപ്പ്, അ‌ത് വെറുതേയല്ല സുഹൃത്തേ! ഈ ലോകകപ്പ് നേടിയാൽ മെസിക്കുണ്ടാകുന്ന നേട്ടങ്ങൾ
Messi Super Ballon D'orImage Credit source: Kristy Sparow/Getty Images
Prasanth Kumar
Prasanth Kumar | Published: 09 Jul 2026 | 11:47 AM

ഫിഫ ലോകകപ്പ് 2026ൽ അ‌ർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയും സംഘവും കുതിപ്പ് തുടരുകയാണ്. പ്രീ ക്വാർട്ടറിൽ അ‌ങ്ങേയറ്റം ആവേശം നിറഞ്ഞ മത്സരത്തിൽ ഈജിപ്തിനെ 3-2ന് പരാജയപ്പെടുത്തിയാണ് അ‌ർജന്റീന ക്വാർട്ടറിലേക്ക് കടന്നിരിക്കുന്നത്. ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 6:30ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡ് ആണ് അ‌ർജന്റീനയുടെ എതിരാളികൾ. കളത്തിൽ എതിരാളികൾ ഒന്നേയുള്ളൂവെങ്കിലും അ‌ടുത്ത മത്സരത്തിന് ഇറങ്ങുന്ന അ‌ർജന്റീനയ്ക്ക് പുറത്ത് എതിരാളികൾ ഏറെയുണ്ട് എന്ന് വേണം മനസിലാക്കാൻ. പ്രത്യേകിച്ച് ബ്രസീലും പോർചുഗലും പുറത്തായതോടെ ഈ ടീമുകളുടെ കേരളത്തിലെ ആരാധകർ ‘പൊതുശത്രുവിനെതിരേ ഒന്നിച്ച്’ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തുന്ന കാഴ്ചയും കാണുന്നുണ്ട്.

ഫിഫ ഏകപക്ഷീയമായി മെസിക്ക് ഒപ്പം നിൽക്കുന്നു എന്നാണ് എതിരാളികൾ സാമൂഹികമാധ്യമങ്ങളിലൂടെ ആരോപിക്കുന്നത്. കഴിഞ്ഞ മത്സരത്തിന് ശേഷം മെസിക്കും ടീമിനുമെതിരേയുള്ള കമന്റുകളും പോസ്റ്റുകളും വർധിച്ചിട്ടുണ്ട്. ‘മെസിക്ക് ഒരു കപ്പ്’ എന്നാണ് ഇപ്പോൾ ലോകകപ്പിനെപ്പറ്റി ഉയരുന്ന പ്രധാന ആക്ഷേപങ്ങളിലൊന്ന്. അ‌തായത് മെസിക്ക് കപ്പ് നൽകാൻ ഫിഫ തീരുമാനിച്ച് ഉറപ്പിച്ച് നടത്തുന്ന ടൂർണമെന്റാണ് ഇത് എന്ന നിലയിലേക്കുള്ള ആക്ഷേപങ്ങളാണ് അ‌ർജന്റീന വിരുദ്ധർ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തിക്കൊണ്ടിരിക്കുന്നത്.

Also Read: മെസിയേ… പണി പാളുമോ! അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരേ FBI അന്വേഷണം; റഫറി വിവാദം ചൂടുപിടിക്കും

ഈ ലോകകപ്പിൽ അ‌വശേഷിക്കുന്ന സൂപ്പർ താരങ്ങളിൽ ഏറ്റവും പ്രമുഖനും ഇതിഹാസ താരവും ലയണൽ മെസി തന്നെയാണ്. സ്വിറ്റ്സർലൻഡിനെതിരേയുള്ള മത്സരം അ‌ർജന്റീന കടന്നുകൂടുമോ എന്ന് കണ്ടറിയേണ്ടതാണ്. എന്നാൽ മെസിക്ക് ഒരു കപ്പ് എന്ന ആക്ഷേപം സത്യമായാൽ, അ‌തായത് മെസി ഇത്തവണയും ലോകകിരീടം നേടിയാൽ അ‌ദ്ദേഹത്തെ തേടി എത്താൻ സാധ്യതയുള്ള പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

സൂപ്പർ ബാലൻ ഡി ഓർ

വീണ്ടുമൊരു ലോകകപ്പ് കിരീട നേട്ടം ലയണൽ മെസിയെന്ന ഇതിഹാസത്തിന്റെ മഹത്വം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകും എന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ വീണ്ടും വിശ്വ കിരീടം നേടിയാൽ ലയണൽ മെസിയെ കാത്തിരിക്കുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും അപൂർവ്വമായ സൂപ്പർ ബാലൻ ഡി ഓർ (Super Ballon d’Or) പുരസ്കാര സാധ്യതയാണ്.

എന്താണ് സൂപ്പർ ബാലൻ ഡി ഓർ

ഫുട്ബോൾ ലോകത്ത് ഒരു കളിക്കാരന് ലഭിക്കാവുന്ന ഏറ്റവും സവിശേഷവും അഭിമാനകരവുമായ വ്യക്തിഗത പുരസ്കാരമാണ് ബാലൻ ഡി ഓർ. അ‌തിനും പല മടങ്ങ് മുകളിൽ നിൽക്കുന്ന പുരസ്കാരമാണ് സൂപ്പർ ബാലൻ ഡി ഓർ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ (30 വർഷം) ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന പരമോന്നത ആദരവാണ് സൂപ്പർ ബാലൻ ഡി ഓർ എന്നുപറയാം.

ചരിത്രത്തിൽ ഒരാൾ മാത്രം

ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ഒരേയൊരു തവണ മാത്രമാണ് സൂപ്പർ ബാലൻ ഡി ഓർ പുരസ്കാരം സമ്മാനിക്കപ്പെട്ടിട്ടുള്ളത്. 1989-ൽ ആൽഫ്രെഡോ ഡി സ്റ്റെഫാനോ ആണ് ഈ നേട്ടത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത സൂപ്പർ ബാലൻ ഡി ഓർ 2029-ൽ പ്രഖ്യാപിക്കാനാണ് സാധ്യത. ഈ ലോകകപ്പ് കൂടി നേടിയാൽ സൂപ്പർ ബാലൻ ഡി ഓർ ​നേടാനുള്ള മത്സരത്തിൽ ബഹുദൂരം മുന്നിലെത്താൻ മെസിക്ക് കഴിയും.

ഇപ്പോൾത്തന്നെ സൂപ്പർ ബാലൻ ഡി ഓർ പുരസ്കാരത്തിന് പരിഗണിക്കാൻ സാധ്യതയുള്ളവരിൽ മെസി മുന്നിലാണ്. കാരണം ഇതിനകം തന്നെ 8 ബാലൻ ഡി ഓറുകളും ഒരു ലോകകപ്പും (2022) മെസിയുടെ ഫുട്ബോൾ നേട്ടങ്ങളിലുണ്ട്. 2026-ൽ അർജന്റീന വീണ്ടും ലോകകപ്പ് നേടിയാൽ 9-ാം ബാലൻ ഡി ഓറും മെസിയെ തേടി എത്തിയേക്കും. സൂപ്പർ ബാലൻ ഡി ഓർ നേട്ടത്തോടെ മെസിയുടെ കരിയർ നേട്ടങ്ങൾ പൂർണ്ണമായും അജയ്യമാകും.

ബാലൻ ഡി ഓറിൽ മെസി ആധിപത്യം

ഏതൊരു ഫുട്ബോൾ താരവും കൊതിക്കുന്ന ഈ സുവർണ്ണ പാദുകം ലയണൽ മെസി എന്ന ഇതിഹാസം മൊത്തം 8 തവണ സ്വന്തമാക്കിയിട്ടുണ്ട്. 2009 മുതൽ 2012 വരെ തുടർച്ചയായി 4 തവണ ബാലൻ ഡി ഓർ നേടി മെസി ചരിത്രം കുറിച്ചു. ഇത് കൂടാതെ 2015, 2019, 2021, 2023 വർഷങ്ങളിലും മെസിയെ തേടി ഈ പുരസ്കാരം എത്തി. മൂന്ന് വ്യത്യസ്ത പതിറ്റാണ്ടുകളിൽ ബാലൻ ഡി ഓർ നേടുന്ന ആദ്യ താരം എന്ന പ്രത്യേകതയും മെസിക്കുണ്ട്.

വീണ്ടുമൊരു ലോകകപ്പ് നേടിയാൽ ചരിത്രത്തിൽ തുടർച്ചയായി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടുന്ന അപൂർവ്വം ക്യാപ്റ്റന്മാരുടെ പട്ടികയിലേക്ക് മെസിക്ക് ഉയരാം. ഏതാണ്ട് 64 വർഷമായി ആർക്കും ലോകകപ്പ് തുടർച്ചയായി ഉയർത്താനായിട്ടില്ല. ഏറ്റവും കൂടുതൽ ട്രോഫികൾ, മെസിയുടെ GOAT പദവി അ‌രക്കിട്ടുറപ്പിക്കൽ ഉൾപ്പെടെ മറ്റ് നിരവധി വ്യക്തിഗത നേട്ടങ്ങളും ഈ ലോകകപ്പ് വിജയം മെസിക്ക് സമ്മാനിക്കും.

English Summary

One of the biggest achievements awaiting Lionel Messi if he wins the World Cup again is the possibility of winning the rarest Super Ballon d’Or award in football history. Messi already has 8 Ballon d’Ors and a World Cup (2022) among his football achievements. If Argentina wins the World Cup again in 2026, Messi could also win a 9th Ballon d’Or.

Follow Us